നിമിഷപ്രിയയുടെ മോചന ശ്രമവും മലയാളിയുടെ മനോരോഗവും
നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന പ്രചരണങ്ങളും വാഗ്വാദങ്ങളും എല്ലാം മലയാളിയുടെ മനോരോഗത്തെ കാണിക്കുന്നു. നിമിഷപ്രിയയുടെ മോചനശ്രമം പലതരം ആവശ്യമില്ലാത്ത ചർച്ചകളിലേക്കാണ് വഴുതിപ്പോകുന്നത്. ഒരു നാട്ടിലെ നിയമവ്യവസ്ഥ അനുസരിച്ച് അത് പാലിക്കപ്പെടേണ്ടതിനാൽ അവർ തൂക്കിലേറ്റപ്പെടുക തന്നെയാണ് വേണ്ടത് എന്നുപോലും ഉള്ള അഭിപ്രായങ്ങൾ ശക്തമായി നമ്മുടെ ഇടയിൽ പ്രചരിക്കുന്നു.
സുസ്ഥിരമായ ഒരു സർക്കാരും നിയമവ്യവസ്ഥയും സാമാന്യനീതി ഉറപ്പ് കിട്ടുന്ന ഒരു സാമൂഹ്യ അന്തരീക്ഷം അല്ല യമനിൽ ഉള്ളത്. ദയാധന വ്യവസ്ഥ നമ്മുടെ നാട്ടിൽ നിലവിലില്ല. എന്നാൽ കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബം സ്വീകരിക്കുന്ന പക്ഷം അത് നിയമപരമായി യമനിൽ അനുവദനീയം.
നിമിഷപ്രിയ ചെയ്ത കുറ്റകൃത്യത്തിന്റെ യഥാർത്ഥ രൂപം ഇപ്പോഴും പൂർണമായി വ്യക്തമല്ല. നിമിഷപ്രിയയുടെ സ്പോൺസർ ആയിരുന്ന തലാൽ കൊലചെയ്യപ്പെട്ടു. അയാളുടെ മൃതദേഹം പല കഷ്ണങ്ങളാക്കി മറവ് ചെയ്യാൻ ശ്രമിച്ചു. ഇതൊക്കെ വസ്തുതയാണ് . നിമിഷപ്രിയയുടെ പങ്ക് അതിൽ എത്ര മാത്രമാണ് ഉള്ളത് എന്ന് വ്യക്തമല്ല. ഏത് സാഹചര്യമാണ് നിമിഷപ്രിയയെ അഥവാ അങ്ങനെ തലാലിനെ അമിത മരുന്ന് നൽകി കൊല ചെയ്യാൻ കാരണമായത് എന്നതും വിഷയമാണ്. അതുപോലെതന്നെ നിമിഷപ്രിയ അറസ്റ്റിലായ ശേഷം നടന്ന വിചാരണയുടെ കാര്യവും . നിതിയുക്തമായ ഒരു വിചാരണ നടന്നിട്ടില്ല എന്നുള്ളത് പ്രഥമ ദൃഷ്ട്യാ വെളിവാക്കപ്പെട്ടതാണ്.
ഇത്തരം ഒരു സാഹചര്യത്തിലാണ് ദയാവധം അനുവദിക്കപ്പെട്ട ആ സമൂഹത്തിൽ നിന്ന് നിമിഷപ്രിയയുടെ ജീവൻ രക്ഷപ്പെടുത്തി എടുക്കുക എന്ന ശ്രമത്തിന്റെ പ്രസക്തി വരുന്നത്. അതിനായി കേന്ദ്രസർക്കാരും ഒട്ടേറെ വ്യക്തികളും കഠിനമായ ശ്രമം നടത്തുകയും ചെയ്യുന്നുണ്ട്. അതിനുവേണ്ടി ഒരു സമൂഹം ആത്മാർത്ഥമായി ശ്രമിക്കുമ്പോഴാണ് അതിന് വിഘാതമാകുന്ന രീതിയിലുള്ള പലതരം പ്രചരണങ്ങളും വാദപ്രതിവാദങ്ങളും അരങ്ങേറുന്നത്. ഇന്ന് ഏത് ഭാഷയാണെങ്കിലും അത് അവരവരുടെ ഭാഷയിലേക്ക് തർജ്ജമ ചെയ്ത് വായിക്കുക അനായാസമാണ്.
നിമിഷപ്രിയയുടെ മോചനത്തിനു വേണ്ടി മുൻകൈയെടുത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് ശ്യാമുവൽ ജെറോം . അദ്ദേഹത്തിൻറെ വീട്ടിലാണ് നിമിഷപ്രിയയുടെ അമ്മ ഇപ്പോൾ കഴിയുന്നത്. അവരെ ചുറ്റിപ്പറ്റി പോലും പല കിംവദന്തികൾ പ്രചരിപ്പിക്കപ്പെടുന്നു. അവരെ സാമുവൽ ജെറോം അവിടെ തടവിൽ പാർപ്പിച്ചിരിക്കുകയാണ് എന്ന വിധം .
ഇപ്പോൾ അവർ തന്നെ നേരിട്ട് വന്ന് സാമൂഹ്യ മാധ്യമത്തിലൂടെ താൻ സാമുവൽ ജെറോമിന്റെ അതിഥിയായി അവിടെ കഴിയുകയാണെന്നും തടവിലാണെന്നുള്ള പ്രചാരണം തെറ്റാണെന്നും അവർ പറഞ്ഞിരിക്കുന്നു. സ്വന്തം മകൾ തൂക്കിലേറ്റും എന്ന ഭീതിയുടെ നിഴലിൽ കഴിയുന്ന ഈ അമ്മയുടെ മാനസികാവസ്ഥ എങ്കിലും കേരളത്തിലെ മനോരോഗികൾ പരിഗണിക്കേണ്ടതാണ്.
