ബുധനാഴ്ച മുംബൈ തീരത്ത് ഇന്ത്യന്‍ നാവികസേനയുടെ മുങ്ങിക്കപ്പല്‍ ഐ.എന്‍.എസ് സിന്ധുരത്നയില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി നാവികസേന വ്യാഴാഴ്ച സ്ഥിരീകരിച്ചു. ലെഫ്റ്റനന്റ് കമാണ്ടര്‍ കപിഷ് മുവാല്‍, ലെഫ്റ്റനന്റ് മനോരഞ്ജന്‍ കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മുംബൈ തീരത്ത് അടുപ്പിച്ച കപ്പലിലെ അടച്ചിട്ട മുറിയില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവരെ കാണാനില്ലെന്ന് അപകടത്തിന് ശേഷം സേന അറിയിച്ചിരുന്നു.
അപകടത്തെ തുടര്‍ന്ന്‍ ഇന്ത്യൻ യുദ്ധക്കപ്പലുകൾ തുടര്‍ച്ചയായി നേരിടുന്ന അപകടങ്ങളുടെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് നാവിക സേനാ മേധാവി അഡ്‌മിറൽ ഡി.കെ ജോഷി രാജിവച്ചിരുന്നു.
കഴിഞ്ഞ ഏഴു മാസത്തിനുളളിൽ നടക്കുന്ന പത്താമത്തെ അപകടമാണ് ഇന്നലെ ഐ.എന്‍.എസ് സിന്ധുരത്നയിലേത്. കഴിഞ്ഞ ആഗസ്തില്‍ മറ്റൊരു മുങ്ങിക്കപ്പലായ ഐ.എന്‍.എസ് സിന്ധുരക്ഷകില്‍ ഉണ്ടായ തീപിടുത്തത്തില്‍ 18 സൈനികര്‍ മരിച്ചിരുന്നു. തുടര്‍ന്ന് മൂന്നു മുങ്ങിക്കപ്പലുകളിൽ അടക്കം 10 യുദ്ധപ്പലുകളിൽ അപകടങ്ങള്‍ ഉണ്ടായി.