Skip to main content
ന്യൂഡൽഹി

dk joshiഇന്ത്യൻ യുദ്ധക്കപ്പലുകൾ തുടര്‍ച്ചയായി നേരിടുന്ന അപകടങ്ങളുടെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് നാവിക സേനാ മേധാവി അഡ്‌മിറൽ ഡി.കെ ജോഷി രാജിവച്ചു. ബുധനാഴ്ച രാവിലെ ഐ.എൻ.എസ് സിന്ധുരത്ന മുങ്ങിക്കപ്പലിൽ അപകടമുണ്ടായ പശ്ചാത്തലത്തിലാണ് രാജി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണ് ഒരു സേനാമേധാവി ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് സ്വയം രാജിവെക്കുന്നത്.

 

2015 ജുലൈ വരെ ഡി.കെ ജോഷിയ്ക്ക് കാലാവധിയുണ്ടായിരുന്നു. രാജി സ്വീകരിച്ച സര്‍ക്കാര്‍ വൈസ് അഡ്‌മിറൽ റോബിൻ കെ. ധോവന് നാവിക സേനാ മേധാവിയുടെ താൽക്കാലിക ചുമതല നൽകി.

 

കഴിഞ്ഞ ഏഴു മാസത്തിനുളളിൽ നടക്കുന്ന പത്താമത്തെ അപകടമാണ് ഇന്നലെ ഐ.എന്‍.എസ് സിന്ധുരത്നയിലേത്. കഴിഞ്ഞ ആഗസ്തില്‍ മറ്റൊരു മുങ്ങിക്കപ്പലായ ഐ.എന്‍.എസ് സിന്ധുരക്ഷകില്‍ ഉണ്ടായ തീപിടുത്തത്തില്‍ 18 സൈനികര്‍ മരിച്ചിരുന്നു. തുടര്‍ന്ന് മൂന്നു മുങ്ങിക്കപ്പലുകളിൽ അടക്കം 10 യുദ്ധപ്പലുകളിൽ അപകടങ്ങള്‍ ഉണ്ടായി.

 

സിന്ധുരക്ഷക് അപകടത്തിന് ശേഷം പ്രതിരോധ മന്ത്രാലയവുമായി ജോഷിയുടെ ബന്ധം സുഖകരമായിരുന്നില്ലെന്നാണ് സൂചനകള്‍. പതിനായിരം കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായ അപകടങ്ങളില്‍ മന്ത്രാലയം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, കാലപ്പഴക്കം നേരിടുന്ന യുദ്ധക്കപ്പലുകളുടെ നവീകരണം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അവഗണിക്കപ്പെട്ടതില്‍ സേനയിലുള്ള പ്രതിഷേധവും ജോഷിയുടെ രാജിക്കു പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ അപകടത്തില്‍ പെട്ട സിന്ധുരത്ന അടക്കം ഇന്ത്യയുടെ 13 മുങ്ങിക്കപ്പലുകളില്‍ അഞ്ചെണ്ണം കാലാവധി കഴിഞ്ഞതാണ്.