ഡെറാഡൂണ്‍: കനത്ത മഴയും പ്രളയവും നേരിട്ട ഉത്തരഖണ്ഡില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. കേദാര്‍നാഥ് ക്ഷേത്രത്തിന്റെ താഴെയുള്ള പ്രദേശങ്ങളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ സൈന്യം ബദല്‍ മാര്‍ഗ്ഗം തുറന്നു. ആയിരക്കണക്കിന് പേരാണ് ഇവിടെ ഒറ്റപ്പെട്ടിരിക്കുന്നത്.
വിവിധ ഏജന്‍സികള്‍ സംയോജിച്ചുള്ള രക്ഷാപ്രവര്‍ത്തനമാണ് കേദാര്‍നാഥിലും പരിസര പ്രദേശങ്ങളിലും നടക്കുന്നത്. വ്യാഴാഴ്ച രാത്രി സൈന്യത്തിലെ പാരട്രൂപ്പേഴ്സ് ആകാശമാര്‍ഗ്ഗം ഇവിടെ ഇറങ്ങി തിരച്ചില്‍ തുടങ്ങി. തെഹ്റി വഴിയാണ് സൈന്യം പുതിയ റോഡ് പണിതത്. കര-വ്യോമ സേനകളുടെ 45 ഹേലികോപ്ടറുകളും 10,000-ത്തിലധികം സൈനികരേയും പ്രതിരോധ വകുപ്പ് സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.
ആയിരത്തിലധികം പേര്‍ പ്രളയത്തില്‍ കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമിക അനുമാനം. തീര്‍ഥാടകര്‍ തങ്ങിയിരുന്ന 90 ധര്‍മ്മശാലകള്‍ പ്രളയത്തില്‍ ഒളിച്ചുപോയി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 50,000 പേരെങ്കിലും കുടുങ്ങിക്കിടക്കുകയാണെന്നും കണക്കാക്കുന്നു. നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. ശനിയാഴ്ചയാണ് ഹിമാലയന്‍ സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ പ്രളയവും മണ്ണിടിച്ചിലും ഉണ്ടായത്.
