വിഎസ്സിന്റെ വിജയവും ചില പാഠങ്ങളും

Sun, 08-11-2015 01:57:00 PM ;

V. S. Achuthanandan Kerala Local Self Goverment Elelctionതദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി നേടിയ വിജയം മുന്നണിയുടെ രാഷ്ട്രീയ വിജയത്തേക്കാള്‍ വി.എസ്. അച്യുതാനന്ദന്‍ നേടിയ വിജയമാണ്. ഒന്നര പതിറ്റാണ്ടിന് ശേഷം ആദ്യമാണ് ഇടതുപക്ഷമുന്നണി അപസ്വരങ്ങളില്ലാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേര്‍പ്പെട്ടത്. ഇതു സൂചിപ്പിക്കുന്നത് വ്യക്തമായ രാഷ്ട്രീയകക്ഷി ബന്ധമില്ലാത്ത മധ്യവര്‍ഗ്ഗവിഭാഗം ഇപ്പോഴും പ്രത്യാശ പുലര്‍ത്തുന്നു എന്നതാണ്. പാര്‍ട്ടിയെ തള്ളിപ്പറയുകയും പാര്‍ട്ടി തള്ളിപ്പുറത്താക്കുകയും ചെയ്തുകൊണ്ടിരുന്നിടത്തുനിന്നുമാണ് വി.എസ്. അച്യുതാനന്ദന്‍ പ്രചാരണ നേതൃത്വത്തിലേക്ക് ഒറ്റയാന്‍ പട്ടാളം പോലെ വന്നത്.

ഇരുമുന്നണികളും പലപ്പോഴും വ്യത്യാസമില്ലാതെ അനുഭവപ്പെട്ടപ്പോഴും ചില സുപ്രധാന സന്ദര്‍ഭങ്ങളില്‍ അവര്‍ ഒത്തുകളിക്കുന്നുവെന്ന തോന്നലുകള്‍ ഉളവായപ്പോഴൊക്കെയാണ് പൊതു വിഷയങ്ങളില്‍ വി.എസ്. ജനപക്ഷത്തോടു ചേര്‍ന്നു നിന്നുകൊണ്ട് അത്തരം പ്രശ്‌നങ്ങളില്‍ ഇടപെട്ടതും ഇടപെട്ടുകൊണ്ടിരിക്കുന്നതും. അദ്ദേഹത്തിന്റെ ലക്ഷ്യം പ്രശ്‌നപരിഹാരത്തിലൂടെ ജന നന്മയെന്നതിനേക്കാളുപരി തന്റെ പാര്‍ട്ടിയിലെ നേതൃത്വത്തിനെതിരെയുള്ള യുദ്ധവും ജയവുമായിരുന്നെങ്കിലും. സി.പി.എമ്മിന്റെ നിഷ്‌ക്രിയത്വത്തിലാണ് വി.എസ്. സക്രിയമായതും അദ്ദേഹത്തിന് താരപരിവേഷമുണ്ടായതും. പല സന്ദര്‍ഭങ്ങളിലും വിഎസ്സില്‍ കേരളീയര്‍ ഒരു മൂന്നാം ബദല്‍ നേതൃത്വം വന്‍ ആഗ്രഹത്തോടെ പ്രതീക്ഷിക്കുകയുണ്ടായിട്ടുമുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് ഗുണപരമായ മാറ്റത്തിനുള്ള ജനങ്ങളുടെ ആഗ്രഹമാണ്.

ആ ആഗ്രഹസ്ഥാനത്തേക്കു പ്രവേശിക്കാനുള്ള കണക്കുകൂട്ടലുമായാണ് ബി.ജെ.പി. മൂന്നാം മുന്നണി ആശയവുമായി എസ്.എന്‍.ഡി.പി.യുമായി കൂട്ടുകൂടിക്കൊണ്ട് ശ്രമം തുടങ്ങിയിട്ടുള്ളത്. ബി.ജെ.പി. ഈ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്വാധീനം വളരെ വര്‍ധിപ്പിക്കുകയും വ്യാപകമാക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണത്തിനടുത്തുവരെയെത്തിയ സംഖ്യാബലവുമായി പ്രതിപക്ഷമായത് കേരള ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും വ്യക്തമായ വിധം ത്രികോണ മത്സരം ബി.ജെ.പി.മുന്നണിയുടെ നേതൃത്വത്തില്‍ ഉണ്ടാകുമെന്നും ഉറപ്പാണ്. എന്നിരുന്നാലും ബി.ജെ.പി. പ്രതീക്ഷിക്കുന്നതുപോലെ ഒരു പ്രകടമായ മാറ്റം സമീപ ഭാവിയില്‍ കേരള രാഷ്ട്രീയത്തില്‍ ഉണ്ടാക്കുക എളുപ്പമല്ലെന്നും ഈ തെരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നുണ്ട്.

ഈ തെരഞ്ഞെടുപ്പില്‍ ഇടുതുപക്ഷം വിജയിച്ചെങ്കിലും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട ഒരു മുഖ്യവസ്തുത സി.പി.എം. രാഷ്ട്രീയമായി ദയനീയമാം വിധം ദുര്‍ബലമാകുന്ന കാഴ്ചയാണ്. കാരണം പാര്‍ട്ടിയില്‍ നിന്ന് ഒരു സന്ദര്‍ഭത്തില്‍ ഇറങ്ങിപ്പോയ വ്യക്തിയാണ് വി. എസ്. അങ്ങിനെ വിഎസ്സിനെ പുറത്താക്കാന്‍ വാതില്‍പ്പടി വരെ തള്ളിക്കൊണ്ടു പോയ സംസ്ഥാന നേതൃത്വമാണ് നൂറ്റാണ്ടിനോട് പ്രായമടുക്കുന്ന ആ വൃദ്ധനില്‍ അഭയം തേടാന്‍ ഇപ്പോള്‍ നിര്‍ബന്ധിതമായത്. ഇത് പാര്‍ട്ടിയെന്ന നിലയില്‍ വന്‍ ദൗര്‍ബല്യത്തെയാണ് പ്രകടമാക്കുന്നത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പാര്‍ട്ടി സെക്രട്ടറിയുടെ സാന്നിദ്ധ്യം പോലും അറിയാനില്ലായിരുന്നു. സംസ്ഥാനമൊട്ടുക്ക് വി.എസ്. തന്നെയായിരുന്നു പ്രചാരണം നയിച്ചത്. പ്രഹരിക്കാന്‍ അവസരമുണ്ടാകുമ്പോഴാണ് വിഎസ്സിന് ഊര്‍ജ്ജം കൂടുക. ഇക്കുറി അദ്ദേഹത്തിന്റെ നാട്ടുകാരനും മുന്‍കാല സുഹൃത്തുമായ വെള്ളാപ്പള്ളി നടേശനെയാണ് കിട്ടിയത്. ഒരു ഘട്ടത്തില്‍ വിഎസ്സിന്റെ പ്രഹരമേറ്റ് വെള്ളാപ്പള്ളി ശരിക്കും വിയര്‍ക്കുക തന്നെയുണ്ടായി.

ഇന്നത്തെ സാഹചര്യത്തില്‍ വി.എസ്. അച്യുതാനന്ദന്‍ നിയമസഭാ തെരഞ്ഞെടുപ്പും നയിക്കും; ഇടതുപക്ഷം ജയിച്ചാല്‍ അദ്ദേഹം മുഖ്യമന്ത്രിയായെന്നുമിരിക്കും. അപ്പോഴും രാഷ്ട്രീയമായി അങ്ങേയറ്റം ദുര്‍ബലമാകുന്ന സിപിഎമ്മിന്റെ ചിത്രമാണ് തെളിയുക. അത് അരാഷ്ട്രീയതയുടെ വിജയവുമാണ്. കേരള രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും രാഷ്ട്രീയപരമായും സാമൂഹിക ശാസ്ത്രപരമായും സിപിഎമ്മിന് ഒരു നിര്‍ണ്ണായക സ്ഥാനമുണ്ട് എന്നുള്ളത് വസ്തുതയാണ്. ആ സ്ഥാനമാണ് ദിനംപ്രതി ദുര്‍ബലമാകുന്നത്. സംസ്ഥാനത്തിന്റെ വിഷയങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കുമ്പോള്‍ അതില്‍ ആത്മാര്‍ഥത ഉണ്ടാവുന്നില്ല എന്നുള്ള ധാരണയാണ് രാഷ്ട്രീയമായി ആ പാര്‍ട്ടി ഉള്‍പ്പാര്‍ട്ടി വൈരുദ്ധ്യങ്ങള്‍ക്കൊപ്പം നേരിടുന്ന വെല്ലുവിളി. അതിനു നേര്‍വിപരീതമായ വിഎസ്സിന്റെ പ്രതിഛായയാണ് അദ്ദേഹത്തിനു പിന്തുണ വര്‍ധിപ്പിക്കുന്നതും. വിശ്വാസ്യതയുള്ള നേതാവിനേയും അദ്ദേഹത്തിന്റെ പിന്നില്‍ അച്ചടക്കത്തോടെ അണിനിരക്കുന്ന പ്രസ്ഥാനത്തേയുമാണ് ഇന്ന് കേരള ജനത ഉറ്റുനോക്കുന്നതെന്നും ഈ തെരഞ്ഞെടുപ്പ് യഥേഷ്ടം സൂചന നല്‍കുന്നു. അതിന്റെ അഭാവത്തില്‍ ക്രമേണ പൊതുസ്വഭാവമുള്ള മൂന്നു മുന്നണികളുള്‍ക്കൊള്ളുന്ന രാഷ്ട്രീയാന്തരീക്ഷത്തിലേക്ക് കേരളം നീങ്ങുന്നുവെന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് നല്‍കുന്നത്.

 

Tags: