ഇന്ത്യ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തണമെന്നും യു.എസ് കമ്പനികള്‍ നേരിടുന്ന വ്യാപാര തടസങ്ങള്‍ നീക്കണമെന്നും ഇന്ത്യ സന്ദര്‍ശിക്കുന്ന യു.എസ് വൈസ് പ്രസിഡന്റ് ജോ ബിഡെന്‍. ബുധനാഴ്ച മുംബൈയില്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നടത്തിയ പ്രസംഗത്തിലാണ് ബിഡെന്റെ അഭിപ്രായ പ്രകടനം.
ബൗദ്ധിക സ്വത്തവകാശ പ്രശ്നങ്ങള്‍, പ്രാദേശികമായ ഉല്‍പ്പന്നങ്ങള്‍ വാങ്ങേണ്ടതിന്റെ ആവശ്യകത, നികുതിയിലെ അനിശ്ചിതത്വം എന്നിവ വിദേശ നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നതായി ബിഡെന്‍ ചൂണ്ടിക്കാട്ടി. നിലവില്‍ പതിനായിരം കോടി ഡോളര്‍ മതിക്കുന്ന വാര്‍ഷിക വ്യാപാരം മെച്ചപ്പെടുത്താന്‍ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന്‍ ദശകത്തിനിടയില്‍ ഇന്ത്യയിലെത്തുന്ന ആദ്യ യു.എസ് വൈസ് പ്രസിഡന്റായ ബിഡെന്‍ 2010 പ്രസിഡന്റ് ബരാക്ക് ഒബാമക്ക് ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന ഏറ്റവും ഉന്നത യു.എസ് നേതാവാണ്. തിങ്കളാഴ്ച വൈകുന്നേരം ന്യൂഡല്‍ഹിയില്‍ എത്തിയ ബിഡെന്‍ ചൊവാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച അദ്ദേഹം മുംബൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സന്ദര്‍ശിക്കുന്നുണ്ട്. തുടര്‍ന്ന് അദ്ദേഹം സിംഗപ്പൂരിലേക്ക് പോകും.