തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്.അയ്യരെ തദ്ദേശവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റി . ഭരണപരമായ ഒരു സ്വാഭാവിക നടപടി മാത്രമാണത്. ഭൂമി കൈമാറ്റം സംബന്ധിച്ച് പരാതിക്കാരന് അനുകൂലമായി തീര്‍പ്പാക്കിയത് ദിവ്യയെ ആരോപണത്തിന്റെ നിഴലില്‍ ആക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദിവ്യയുടെ സ്ഥാനമാറ്റവും, അതിന് ആനുപാതികമല്ലാത്ത വാര്‍ത്തയും വരുന്നത്. ദേവികുളത്തു നിന്നും സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയപ്പോള്‍ അതൊരു സ്വാഭാവിക ഭരണനടപടി മാത്രമാണെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചത്. ദിവ്യയുടെ മാറ്റത്തെയും അങ്ങനെ സര്‍ക്കാരിന് ന്യായീകരിക്കാം. ശ്രീറാമിന്റെ മാറ്റം നായക പരിവേഷപശ്ചാത്തലത്തില്‍ ആയിരുന്നെങ്കില്‍ ദിവ്യയുടേത് ആരോപണ നിഴലിലാണ്.
വര്‍ക്കല പാരിപ്പിള്ളിയില്‍ 27 സെന്റ് റോഡ് പുറംപോക്ക് തഹസില്‍ദാര്‍ ഏറ്റെടുത്തിരുന്നു. റവന്യു വകുപ്പിന്റെ ആ നടപടി ചോദ്യം, ചെയ്തുകൊണ്ടാണ് കൈവശക്കാരന്‍ കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ കോടതി സബ് കളക്ടറോട് നിര്‍ദേശിച്ചു. അപ്പീല്‍ അധികാരിയായ സബ് കളക്ടര്‍ പരാതിക്കാരുടെ ഭാഗം കേട്ട ശേഷം തഹസില്‍ദാരുടെ നടപടി റദ്ദാക്കി. ഇതാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. വര്‍ക്കല എം.എല്‍.എ വി ജോയിയും പഞ്ചായത്ത് അധികൃതരും സബ് കളക്ടറുടെ നടപടിക്കെതിരെ രംഗത്തെത്തുകയാണുണ്ടായത്.
ദിവ്യ എസ് അയ്യരുടെ ഭര്‍ത്താവ് കോണ്‍ഗ്രസ് എം.എല്‍.എ കെ.എസ് ശബരിനാഥനാണ്. കോട്ടയത്ത് അസിസ്റ്റന്റ് കളക്ടറായിരിക്കെ, പാട്ടെഴുതി ഈണം നല്‍കി, നൃത്തം അവതരിപ്പിച്ച് ബോധവല്‍ക്കരണ പരിപാടി ആവിഷ്‌കരിച്ചതു മുതലാണ് യുവ ഐ.എ.എസ്സുകാരിയായ ദിവ്യ എസ് അയ്യര്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. പിന്നീട് ശബരിനാഥനുമായുള്ള വിവാഹം മാധ്യമ പൈങ്കിളി ഉത്സവത്തിന് കാരണമായി. കോണ്‍ഗ്രസ് എം.എല്‍.എ ശബരിനാഥന്റെ ഭര്‍തൃത്വം ദിവ്യ എസ് അയ്യരുടെ വ്യക്തി ജീവിതത്തിന്റെ ഭാഗമാണ്. വൈദ്യശാസ്ത്ര പഠനത്തിന് ശേഷം ഐ.എ.എസ്സില്‍ പ്രവേശിച്ച ദിവ്യ സംഗീതം,നൃത്തം എന്നീ കലകളില്‍ പ്രാവീണ്യം നേടിയ യുവതിയാണ്. പരമ്പരാഗത സിവില്‍ സര്‍വീസ് ശീലങ്ങളെ ചിരികൊണ്ട് ഭേദിച്ച് ജനങ്ങളുമായി ഇടപഴകുന്ന പ്രവര്‍ത്തന രീതി ദിവ്യ തുടക്കം മുതലേ പ്രകടിപ്പിച്ചിരുന്നു. അതിനിടയ്ക്കാണ് അവര്‍ വിവാഹിതയായത്.
സമര്‍ഥയായ ഒരു ഐ.എ.എസ് ഓഫീസറുടെ തുടക്കമായിരുന്നു അവരുടേത്. ഭൂമി കൈമാറ്റം സംബന്ധിച്ച് കോടതിക്ക് വ്യക്തമായി തീര്‍പ്പിലെത്താന്‍ കഴിയാത്തതിനാലാണ് കൂടുതല്‍ നീതിയുക്തമായ തീരുമാനത്തിനായി സബ് കളക്ടറുടെ വിവേചന അധികാരത്തിന് വിട്ടത്. കോടതി ഉചിതമായ തീരുമാനം എടുക്കുക എന്നതുകൊണ്ട് ഉദ്ദേശിച്ചത് ഹര്‍ജിക്കാരന് വിരുദ്ധമായ നിലപാട് എടുക്കുക്ക എന്നല്ല. ഭൂമി ഏറ്റെടുത്ത റവന്യു വകുപ്പിന്റെ നടപടിയും പഞ്ചായത്ത് അധികൃതരുടെ നടപടിയും പൂര്‍ണമായും ശരിയായിരുന്നു എങ്കില്‍ കോടതി സ്വമേധയാ തീര്‍പ്പുകല്‍പ്പിച്ചേനെ. അത്തരമൊരു വിഷയത്തില്‍ ഇരുവിഭാഗങ്ങളുടെയും വാദം കേട്ട് സബ് കളക്ടര്‍ തീരുമാനമെടുത്തു എങ്കില്‍ അത് ആ ഉത്തരവാദിത്വ ബോധത്തോടെയാകാനാണ് വഴി.
ഇവിടെ രണ്ട് സാധ്യതകളാണ് ഉള്ളത്. ഒന്നുകില്‍ അവര്‍ കൂടി ഭാഗമായ സര്‍ക്കാരിന്റെ നടപടി തെറ്റാണെന്ന് കണ്ട് ധൈര്യപൂര്‍വ്വം നീതിയുക്തമായ തീരുമാനം എടുത്തു. ഒരു ഭരണാധികാരിക്ക് ഉണ്ടാകേണ്ട ഏറ്റവും പ്രമുഖമായ സവിശേഷതയാണ് നീതിയുക്തമായ തീരുമാനം എടുക്കാനുള്ള ശേഷി. ഒന്നുകില്‍ ആ ശേഷി ദിവ്യ ഇവിടെ പ്രകടിപ്പിച്ചിരിക്കുന്നു. അല്ലെങ്കില്‍ ബാഹ്യ പ്രേരണക്ക് വിധേയയായി തീരുമാനം എടുത്തു. തന്റെ ഭര്‍ത്താവ് കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ സ്ഥിതിക്ക് ബാഹ്യ പ്രേരണയുടെ തോത് അതിവിപുലമാകുന്നു. അത്തരം ബാഹ്യ പ്രേരണക്ക് തുടക്കത്തിലേ ദിവ്യ വശംവദയാകുന്നു എന്നു കണ്ടാല്‍, അവര്‍ക്ക് തന്റെ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ തെല്ലും യോഗ്യതയില്ല എന്നാണ് പ്രകടമാകുന്നത്. ഈ സാഹചര്യത്തില്‍ ബാഹ്യ പ്രേരണ എന്ന ആരോപണം ഉണ്ടാകുന്ന സാഹചര്യത്തില്‍ പോലും നീതിയുടെ ഭാഗത്തുനിന്നാണ് ആ തീരുമാനം എടുത്തതെങ്കില്‍ അത് ദിവ്യയിലെ ഭരണാധികാരിലെ ശ്രേഷ്ഠതയെയാണ് സൂചിപ്പിക്കുന്നത് . ആ ശ്രേഷ്ഠത ഒരു രാജ്യത്തിന്റെ ഗുണകരമായ മുന്നേറ്റത്തിന് അവിഭാജ്യമായ ഘടകവുമാണ്. കാരണം ഇത്തരം തീരുമാനങ്ങളാണ് ഒരു രാജ്യത്തിന്റെയും ജനതയുടെയും ഗതിവിഗതികളെ നിര്‍ണയിക്കുന്നത്.
വിപരീതാത്മകതയും, വിവാദപ്രിയത്വവും, സംശയവും, കടന്നാക്രമണവും, ആക്രമണോത്സുകതയും പൊതുപ്രവര്‍ത്തനത്തിന്റെയും മാധ്യമ പ്രവര്‍ത്തനത്തിന്റെയും ആധാര ഘടകങ്ങളായി മാറിയ കേരള സമൂഹത്തില്‍, ദിവ്യയുടെ തീരുമാനം വിവാദമാകുന്നിടത്താണ് വാര്‍ത്താമൂല്യം. അതിനാല്‍ ദിവ്യയുടെ തീരുമാനം കോടതി നിര്‍ദേശിച്ചതു പ്രകാരമുള്ള നീതിയുക്തമായ തീരുമാനമാണോ എന്നുള്ളത്, സുതാര്യമായ അന്വേഷണത്തിലൂടെ വ്യക്തമാക്കപ്പെടേണ്ടതാണ്. അല്ലാത്തപക്ഷം ഒരു ധീരയായ ഐ.എ.എസ് ഓഫീസറുടെ ഔദ്യോഗിക പ്രയാണത്തിന്റെ അന്ത്യമാകും അത്. അതല്ല പ്രേരണക്ക് വശംവദയായിട്ടാണ് കോടതി വിധിയെ അവര്‍ വിനിയോഗിച്ചതെങ്കില്‍. ഈ തുടക്കകാലത്തു തന്നെ തെറ്റുതിരുത്തലും ആവശ്യമാണ്, കാരണം അവരുടെ ഭര്‍ത്താവ് എം.എല്‍.എയും കോണ്‍ഗ്രസ് നേതാവും ആയതിനാല്‍.
ദിവ്യ എസ് അയ്യര്‍ കാട്ടാക്കട താലൂക്കിലെ മണ്ണൂര്‍ക്കര വില്ലേജിലെ ഭൂമി സംബന്ധിച്ചെടുത്ത തീരുമാനവും വിവാദമായി മാറി. എന്നാല്‍ അതേക്കുറിച്ചന്വേഷിച്ച് തിരുവനതപുരം കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് ദിവ്യയുടെ നടപടിയെ സാധൂകരിച്ചുകൊണ്ടുള്ളതായിരുന്നു. മാധ്യമങ്ങള്‍ വിധികല്പിക്കുന്ന ഇക്കാലത്ത് എരിവും, പുളിയും, പൈങ്കിളിയുമുള്ള വിധികള്‍ മാത്രമേ നീതിയുക്തമായി അംഗീകരിക്കപ്പടുകയുള്ളൂ. ഈ സാഹചര്യത്തിലാണ് വളരെ സുതാര്യമായ അന്വേഷണം വര്‍ക്കല പരിപ്പിള്ളിയിലെ ഭൂമി ഇടപാട് സംബന്ധിച്ച് ഉണ്ടാകേണ്ടത്. അതല്ലെങ്കില്‍ ദിവ്യ സര്‍വീസില്‍ തുടരുന്നിടത്തോളം കാലം അവരുടെ തീരുമാനങ്ങള്‍ സംശയത്തിന്റെ നിഴലിലായിരിക്കും. മനോരോഗമാകുരുത് തീരുമാനമെടുക്കുന്നതില്‍ മാനദണ്ഡമായി പ്രവര്‍ത്തിക്കേണ്ടത്.