Skip to main content
ധര്‍മ്മപുരി

തമിഴ്‌നാട്ടില്‍ ജാതിസംഘര്‍ഷത്തിനിടയാക്കിയ പ്രണയകഥയ്ക്ക് ദാരുണാന്ത്യം. “സാമുദായിക സമ്മര്‍ദ്ദ”ത്തെ തുടര്‍ന്ന് ഭര്‍ത്താവിനരികിലേക്ക് തിരിച്ചുപോകുന്നില്ലെന്ന് വണ്ണിയാര്‍ സമുദായാംഗമായ ഭാര്യ എന്‍. ദിവ്യ പറഞ്ഞതിന്റെ പിറ്റേദിവസം ദളിത്‌ യുവാവ് എ. ഇളവരശന്‍ (20) റെയില്‍വേ ട്രാക്കിനരികില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. ധര്‍മ്മപുരിയില്‍ സി.ആര്‍.പി.സി. 144-ാം വകുപ്പനുസരിച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

 

കഴിഞ്ഞ നവംബറില്‍ ജാതിവ്യത്യാസം മറികടന്നുള്ള ഇവരുടെ വിവാഹം മേഖലയില്‍ സാമുദായിക സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ദിവ്യയുടെ അച്ഛന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് 250-ഓളം ദളിതരുടെ വസതികള്‍ തീവെച്ചു നശിപ്പിക്കപ്പെട്ടു. എന്നാല്‍, തുടര്‍ന്നും ഇളവരനൊപ്പം കഴിഞ്ഞ ദിവ്യ ജൂണ്‍ 3-ന് അമ്മയുടെ വസതിയിലേക്ക് പോയിരുന്നു. അമ്മയുടെ ഒപ്പം തുടര്‍ന്നും കഴിയാനുള്ള തീരുമാനം ബുധനാഴ്ചയാണ് ദിവ്യ ഇളവരശനെ അറിയിച്ചത്.

 

വ്യാഴാഴ്ച ഇളവരശന്റെ മരണവാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന്‍ മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. മൃതദേഹം പോസ്റ്റ്‌ മോര്‍ട്ടത്തിനായി സൂക്ഷിച്ചിരുന്ന ആശുപത്രി പരിസരം ബന്ധുക്കളും സുഹൃത്തുക്കളും ഉപരോധിച്ചിരുന്നു. ക്രമസമാധാന പ്രശ്നങ്ങള്‍ മുന്നില്‍ കണ്ടാണ്‌ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

 

സംഭവം പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്ന് കരുതുന്നുവെങ്കിലും എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് പോലീസ് സൂപ്രണ്ട് അസ്ര ഗാര്‍ഗ് പറഞ്ഞു. എന്നാല്‍, ദളിത്‌ നേതാക്കള്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.