Skip to main content

 cyclone

ഓഖി ചുഴലിക്കാറ്റിനെ പറ്റി മുന്നറിയിപ്പ് നല്‍കുന്നതില്‍ ദുരന്തനിവാരണ അതോറിറ്റിക്ക് വീഴ്ച പറ്റിയെന്ന് ആരോപണം.ദേശീയ സമുദ്ര വിവര കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം ദുരന്ത നിവാരണ അതോറിറ്റി അവഗണിച്ചു. നവംബര്‍ 29ന് ഉച്ചയ്ക്ക് 2.30ന് മുന്നറിയിപ്പ് സന്ദേശം ഫാക്‌സ് വഴി അയച്ചിരുന്നു. ഈ സന്ദേശം ദുരന്ത നിവാരണ അതോറിറ്റി ഫിഷറീസിനോ പോലീസിനോ കൈമാറിയില്ല.

 

ചുഴലിക്കാറ്റിനെ കുറിച്ച് സര്‍ക്കാരിനും സേനാവിഭാഗങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കുന്നതില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പരാജയപ്പെട്ടെന്നാണ് ദുരന്തനിവാരണ സംഘത്തിന്റെ ആരോപണം. ജാഗ്രതാ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് മത്സ്യത്തൊഴിലാളികളും പറഞ്ഞു.

 

സാധാരണ ഗതിയില്‍ കാലാവസ്ഥ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ദുരന്തനിവാരണ സേന പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നെങ്കിലും ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്നാണ് ദുരന്തനിവാരണ സേന നല്‍കുന്ന പറയുന്നത്.

 

കടലില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നേവി, എയര്‍ഫോഴ്‌സ്, കോസ്റ്റ് ഗാര്‍ഡ് എന്നീ വിഭാഗങ്ങളെയെല്ലാം ഏകോപിപ്പിച്ച് സര്‍ക്കാര്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച പറ്റിയെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ഇന്നലെ ഉച്ചക്ക് മാത്രമാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചെന്ന് പിണറായി വിജന്‍ പറഞ്ഞു.

 

രക്ഷാപ്രവര്‍ത്തനം നടത്തുന്ന കപ്പലുകളില്‍ കയറാന്‍ തൊഴിലാളികള്‍ തയാറാകാത്തത് പ്രയാസമുണ്ടാക്കുന്നുണ്ട്. തങ്ങളുടെ ബോട്ടുകള്‍ വിട്ട് വരാന്‍ ഇവര്‍ തയാറല്ല. ബോട്ടുകളും കൂടി കരക്കെത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഭക്ഷണവും വെള്ളവും എത്തിച്ചുതന്നാല്‍ മതി എന്ന അഭ്യര്‍ഥന മാനിച്ച് ഇതിനുവേണ്ട സൗകര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


കൊച്ചിയില്‍ നിന്നും കടലില്‍ പോയ 213 ബോട്ടുകള്‍  തിരിച്ചെത്തിയിട്ടില്ല. കടലില്‍ പോയവരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് മറ്റ് മത്സ്യത്തൊഴിലാളികള്‍ അറിയിച്ചു. ആലപ്പുഴയിലും കൊച്ചിയിലും കടലാക്രമണം രൂക്ഷമാണ്.