അഗ്നി പര്‍വതത്തില്‍ നിന്നുള്ള പുകനിറഞ്ഞതോടെ ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയിലെ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു.രണ്ടാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് മൗണ്ട് അഗുങ് അഗ്നിപര്‍വതത്തില്‍ നിന്നുള്ള പുക കാരണം വിമാന സര്‍വീസുകള്‍ തടസ്സപ്പെടുന്നത്. 196 അന്താരാഷ്ട്ര സര്‍വീസുകളടക്കം 445 വിമാന സര്‍വീസുകളെയാണ് ബാധിച്ചിരിക്കുന്നത്.
6000 മീറ്റര്‍ ഉയരത്തില്‍ ആകാശം കറുത്ത പുക മൂടിയിരിക്കുകയാണ്. അഗ്നിപര്‍വതത്തില്‍ മാഗ്മയ്ക്കു സമാന വസ്തു കണ്ടെന്നുള്ള റിപോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. പ്രദേശത്തെ കെട്ടിടങ്ങളും വാഹനങ്ങളും റോഡും ചാരംകൊണ്ട് മൂടിയിരിക്കുകയാണ്.സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി അഗ്നി പര്‍വതത്തിന് ഏഴര കിലോമീറ്റര്‍ കിലോമീറ്റര്‍ പരിസരത്തുള്ളവരെ ഒഴിപ്പിച്ചു. 25,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയതായാണ് വിവരം. 1963ല്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് 1000 പേര് മരിക്കുകയും പല ഗ്രാമങ്ങളും നശിക്കുകയും ചെയ്തിരുന്നു
വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ബാലിയില്‍ വിമാനത്താവളം അടച്ചതോടെ ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് കുടുങ്ങിപ്പോയത്. ഇടയ്ക്കിടെ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ ബാലിയിലെ വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.