യു.എസ് നല്‍കുന്ന വ്യാപാര ഇളവുകള്‍ വേണ്ടെന്നുവെക്കാന്‍ ഇക്വഡോറിലെ ഇടതുപക്ഷ സര്‍ക്കാര്‍ തീരുമാനിച്ചു. യു.എസ് വിവരശേഖരണ പദ്ധതി പുറത്തുവിട്ട എഡ്വേര്‍ഡ് സ്നോഡന് അഭയം നല്‍കരുതെന്ന യു.എസ് സമ്മര്‍ദ്ദത്തില്‍ പ്രതിഷേധിച്ചാണിത്. ഇളവുകളിലൂടെ പ്രതിവര്‍ഷം ലഭിക്കുന്ന 2.3 കോടി ഡോളര്‍ യു.എസ്സില്‍ മനുഷ്യാവകാശ പരിശീലനത്തിന് സഹായമായി നല്‍കുമെന്നും ഇക്വഡോര്‍ അറിയിച്ചു.
വ്യാപാര താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ഇക്വഡോര്‍ അതിന്റെ മൂല്യങ്ങളെ ബലികഴിക്കില്ലെന്നും ആരുടേയും സമ്മര്‍ദ്ദത്തിനും ഭീഷണിക്കും വഴങ്ങില്ലെന്നും സര്‍ക്കാര്‍ വക്താവ് ഫെര്‍ണാണ്ടോ അല്‍വരാഡോ വ്യാഴാഴ്ച പറഞ്ഞു. സ്വകാര്യതാലംഘനം, ദണ്ഡനം തുടങ്ങിയ മാനവികതെയെ ഹനിക്കുന്ന കാര്യങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നവര്‍ക്കായിരിക്കും സഹായം നല്‍കുകയെന്നും വക്താവ് പറഞ്ഞു. ഏകപക്ഷീയമായാണ് ഇക്വഡോര്‍ ഇളവുകള്‍ വേണ്ടെന്നുവെച്ചത്.
ഇക്വഡോറില്‍ അഭയം തേടി സ്നോഡന്‍ അഭ്യര്‍ത്ഥന നല്‍കിയിട്ടുണ്ട്. നേരത്തെ വികിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസ്സാന്ജിനും ഇക്വഡോര്‍ അഭയം നല്‍കിയിരുന്നു. സ്നോഡന്‍ മോസ്കോയില്‍ കഴിയുകയാണെന്ന് കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ അറിയിച്ചിരുന്നു.