Skip to main content

കാബൂള്‍: അഫ്ഗാന്‍ സുരക്ഷാ വിഷയത്തില്‍ യു.എസ്സുമായി നടത്തിവന്ന സംഭാഷണം അഫ്ഗാനിസ്താന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി ബുധനാഴ്ച റദ്ദാക്കി. അഫ്ഗാന്‍ സര്‍ക്കാറിനെ ഉള്‍പ്പെടുത്താതെ താലിബാനുമായി സമാധാന ചര്‍ച്ച തുടങ്ങിയ യു.എസ് നടപടിയില്‍ പ്രതിഷേധിച്ചാണിത്.

 

2014-ല്‍ നാറ്റോ സഖ്യകഷികളുടെ പ്രഖ്യാപിത പിന്‍വാങ്ങലിന് ശേഷം സുരക്ഷാക്രമീകരണങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചയാണ് നിര്‍ത്തിവച്ചതായി കര്‍സായിയുടെ ഓഫീസ് അറിയിച്ചത്. സമാധാന പ്രക്രിയ സംബന്ധിച്ച് യു.എസ് സര്‍ക്കാറിന്റെ വാക്കും പ്രവൃത്തിയും തമ്മിലുള്ള വൈരുധ്യം ചൂണ്ടിക്കാട്ടിയാണ് കാബൂളില്‍ നടക്കുന്ന ചര്‍ച്ച നിര്‍ത്തിവെക്കുന്നതെന്ന് കര്‍സായിയുടെ പ്രസ്താവനയില്‍ പറയുന്നു.

 

യു.എസ്സും താലിബാനും ഖത്തറില്‍ ഉഭയകക്ഷി ചര്‍ച്ച  നടത്തുമെന്ന് ചൊവ്വാഴ്ച ഇരുവിഭാഗവും അറിയിച്ചിരുന്നു. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ താലിബാന്‍ രാഷ്ട്രീയകാര്യ ഓഫീസ് തുടങ്ങിയിട്ടുണ്ട്. അഫ്ഗാന്‍ സര്‍ക്കാറുമായുള്ള ചര്‍ച്ചകള്‍ പിന്നീട് നടത്തുമെന്നാണ് ഇരുകൂട്ടരും അറിയിച്ചത്.