Skip to main content

എ.ഐ.എ.ഡി.എം.കെ നേതാവ് ടി.ടി.വി ദിനകരനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ ഡല്‍ഹി പോലീസ് ചൊവ്വാഴ്ച അര്‍ദ്ധരാത്രി അറസ്റ്റ് ചെയ്തു. നാല് ദിവസമായി ഡല്‍ഹി പോലീസിന്റെ കുറ്റാന്വേഷണ വിഭാഗം ദിനകരനെ ചോദ്യം ചെയ്ത് വരികയായിരുന്നു.

 

പാര്‍ട്ടിയിലെ രണ്ട് വിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കത്തില്‍ ചിഹ്നമായ രണ്ടില ലഭിക്കുന്നതിന് വേണ്ടിയാണ് ദിനകരന്‍ കോഴ നല്‍കാന്‍ ശ്രമിച്ചതെന്നാണ് ആരോപണം. തടവുശിക്ഷ അനുഭവിക്കുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയുടെ അനന്തരവനാണ് ദിനകരന്‍.

 

എ.ഐ.എ.ഡി.എം.കെ വിഭാഗങ്ങള്‍ തമ്മില്‍ ലയിക്കുന്നതിന് മുന്നോടിയായി ശശികലയേയും ദിനകരനെയും പാര്‍ട്ടി കാര്യങ്ങളില്‍ നിന്ന്‍ ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ എടപ്പാടി കെ. പഴനിസ്വാമിയുടെ നേതൃത്വത്തിലുള്ള വിഭാഗം തീരുമാനിച്ചിരുന്നു.