Skip to main content

സംസ്ഥാന രൂപീകരണത്തിന്റെ അറുപതാം വാര്‍ഷികാഘോഷ ചടങ്ങുകള്‍ക്ക് തിരുവനന്തപുരത്ത് തുടക്കമായി. നിയമസഭ പ്രത്യേക സമ്മേളനവും ചേര്‍ന്നു. എന്നാല്‍, ആഘോഷ പരിപാടിയിലേക്ക് ഗവര്‍ണര്‍ പി സദാശിവത്തേയും മുന്‍മുഖ്യമന്ത്രിമാരായ എകെ ആന്റണി, വിഎസ് അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി എന്നിവരേയും ക്ഷണിക്കാതിരുന്നത് വിവാദമായിട്ടുണ്ട്.

 

കേരളത്തിന്റെ അറുപത് വര്‍ഷങ്ങളെ പ്രതീകാത്മകമായി അവതരിപ്പിച്ചു കൊണ്ട് കേരളത്തിന്റെ സാംസ്‌കാരിക-സാമൂഹിക മണ്ഡലങ്ങളില്‍ നിന്നുള്ളവരും മതനേതാക്കളുമായ അറുപത് പേര്‍ ചേര്‍ന്ന് ദീപം തെളിച്ചാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍, തിരുവനന്തപുരത്ത് തന്നെയുണ്ടായിരുന്ന ഗവര്‍ണറേയും മുന്‍മുഖ്യമന്ത്രിമാരേയും ചടങ്ങിന് ക്ഷണിക്കാഞ്ഞത് കടുത്ത പ്രോട്ടോക്കോള്‍ ലംഘനമാണെന്ന വിമര്‍ശനം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.


 
അതേസമയം, ഗവര്‍ണറെ ക്ഷണിക്കാഞ്ഞത് പ്രോട്ടോക്കോള്‍ സംബന്ധിയായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണെന്ന്‍ ഉദ്ഘാടനചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പ്രോട്ടോകോള്‍ പാലിക്കേണ്ടതിനാല്‍ ഇത്രയേറെ പേരെ വേദിയിലിരുത്താന്‍ സാധിക്കില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്നതാണ് വജ്രജൂബിലി ആഘോഷങ്ങള്‍ എന്നതിനാല്‍ ഇനി വരാനുള്ള പരിപാടികളില്‍ ഉറപ്പായും ഗവര്‍ണറുടെ സാന്നിധ്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

 

അറുപതാം വാര്‍ഷികം പ്രമാണിച്ച് കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ കടന്നു പോയ അറുപത് വര്‍ഷക്കാലത്തില്‍ നിയമസഭ നടത്തിയ നിര്‍ണായക നിയമനിര്‍മ്മാണങ്ങളെക്കുറിച്ച് പരാമര്‍ശിച്ചു. മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലല്ലാതെ മാതൃഭാഷ പഠിക്കാതെ ബിരുദം കിട്ടുന്ന മറ്റൊരു സ്ഥലവുമുണ്ടാകില്ല. പബ്ലിക് സര്‍വീസ് കമീഷന് മലയാളം മ്ലേച്ഛമാകുന്ന അവസ്ഥയാണെന്നും പിണറായി ചൂണ്ടിക്കാട്ടി. ലോകത്തിന്റെ ഏതു കോണില്‍ ചെന്നും ജീവിതം കരുപ്പിടിപ്പിക്കാന്‍ കഴിവുള്ള മലയാളികള്‍ വിശ്വപൗരന്‍മാരാണെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, ആയുര്‍ദൈര്‍ഘ്യം എന്നീ കാര്യങ്ങളില്‍ യൂറോപ്യന്‍ നിലവാരത്തില്‍ എത്തി നില്‍ക്കുന്ന കേരളം അക്രമരാഷ്ട്രീയം, വര്‍ഗ്ഗീയത എന്നിവയെ ജാഗ്രതയോടെ കാണണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.