Skip to main content

 

പുതുമുഖങ്ങളെ അണിനിരത്തി ഗണേഷ് രാജ് സംവിധാനം ചെയ്ത ചിത്രമാണ്‌ ആനന്ദം. പേരുപോലെ തന്നെ കാണികളെ രണ്ട് മണിക്കൂര്‍ ആനന്ദിപ്പിക്കുന്നുണ്ട് ഈ സിനിമ. പ്രത്യേകിച്ച്, എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്നവര്‍ക്ക് തങ്ങളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ്‌ ലഭിക്കുന്നത്. പഠിച്ചിറങ്ങിയവര്‍ക്കാകട്ടെ ഒരു നൊസ്റ്റാള്‍ജിക് അനുഭവവും.

 

ചങ്ങാത്തവും പ്രണയവും ജീവിത കാഴ്ചപ്പാടുകളുമൊക്കെ ഇല നിറയെ വിളമ്പി സദ്യയൊരുക്കുകയാണ് ചിത്രം. ഏതെങ്കിലും ഒരു നടനോ, നടിയോ അവരുടെ ഹീറോയിസമോ അല്ല സിനിമ, എല്ലാവരുടെയും, അദ്ധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുടെ ജീവിതമാണിത്.

 

ഒരു എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന്‍ ഐ.വിയ്ക്ക് (ഇന്‍ഡസ്ട്രിയല്‍ വിസിറ്റ്) കൊണ്ടുപോകുന്ന നാലേ നാല് ദിവസമാണ് ആനന്ദം പകര്‍ത്തുന്നത്. ഹമ്പി, ഗോവ യാത്രയും ഇടയില്‍ ചങ്ങാത്തവും പ്രണയവും ഉല്ലാസവുമൊക്കെ അദ്ധ്യാപകരുടെ വിലങ്ങുകളില്‍ വിള്ളല്‍ വീഴ്ത്തിയാകുമ്പോള്‍ ഭംഗിയേറുന്നു. പ്ലാന്‍ ചെയ്ത് പോയ യാത്രയ്ക്കപ്പുറം കുട്ടികള്‍ കണ്ടുപിടിക്കുന്ന വേറെ ലോകം ഒരു യാത്രയുടെ അനുഭവസമ്പത്തിനെ തുറന്നുകാട്ടുന്നു.

 

സിനിമയിലെ പല ഡയലോഗുകളും പിടിച്ചിരുത്തുന്നവയാണ്. സൈഡ് സീറ്റില്‍ ഇരിക്കാന്‍ ആഗ്രഹിക്കുന്ന ദിയ പറയുന്നുണ്ട്, “കണ്ണുതുറന്നു സ്വപ്നം കാണാന്‍ കഴിയുന്നത് ഇവിടെ ഇരിക്കുമ്പോഴാണ്.” നമ്മളെല്ലാം പലപ്പോഴായി കടന്നുപോയിട്ടുള്ളതാണ് സൈഡ് സീറ്റിലെ ഈ സ്വപ്നങ്ങളിലൂടെ. അതുപോലെതന്നെ, “എല്ലാവരും വല്ലപ്പോഴുമൊക്കെ സൂര്യോദയം കണ്ടാല്‍ പല പ്രശ്നങ്ങളുമൊക്കെ ഒഴിവാക്കാം” എന്നും അവള്‍ പറയുന്നു. പ്രകൃതിയിലേക്ക് നോക്കിയാല്, ആ ഭംഗി ആസ്വദിക്കാന്‍ സമയം കണ്ടെത്തിയാല്‍ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂ നമുക്ക് പലര്‍ക്കും. പ്രണയിനിയെപ്പറ്റി, അക്ഷയ് പറയുന്നുണ്ട്, “അവളുടെ അപാകതകളാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്” എന്ന്‍. പൂര്‍ണതയെ ഇഷ്ടപ്പെടാന്‍ ആര്‍ക്കും കഴിയും. എന്നാല്‍, അപാകതകളെ ഉള്‍ക്കൊള്ളുമ്പോഴാണ്‌ ബന്ധങ്ങള്‍ നിലനില്‍ക്കുന്നത്.

 

പുതുമുഖങ്ങളെ കൂടാതെ അതിഥി വേഷത്തില്‍ സര്‍പ്രൈസ് ഒരുക്കി നിവിന്‍ പോളിയും വേഷമിടുന്നു. ഐ.ഐ.ടി, ഐ.ഐ.എം ഇവിടെയൊക്കെ പഠിച്ച് സ്വന്തമായി കമ്പനിയുള്ള അദ്ദേഹം പറയുന്ന ചില ഡയലോഗുകളും ചിന്തിക്കേണ്ടവ തന്നെയാണ്. “ആസ്വദിക്കുവാനുള്ള കൊച്ചു കൊച്ചു നിമിഷങ്ങള്‍ ആസ്വദിക്കുക തന്നെ വേണം. പിന്നെ എത്ര പൈസയുണ്ടെങ്കിലും അതൊന്നും തിരിച്ചുകിട്ടില്ല.” അനിയനോട് പറഞ്ഞുകൊടുക്കുന്നു സിനിമയില്‍. “parents പറയുന്നത് കുട്ടികളുടെ നല്ലതിന് വേണ്ടിത്തന്നെ. പക്ഷെ, ചില കാര്യങ്ങള്‍ നമ്മള്‍ തന്നെ തീരുമാനിക്കുന്നതിലാണ് ജീവിതം.” ഒരാളുടെ ജീവിതം മറ്റുള്ളവരുടെ പ്രതീക്ഷകള്‍ക്ക് വേണ്ടിയാകരുത്, അവരവരുടെ സന്തോഷങ്ങള്‍ക്ക് വേണ്ടിയാകണം എന്ന് പറയുകയാണ്‌ ഈ ഡയലോഗ്.

 

ഒരുപാട് തരം സ്വഭാവക്കാര്‍ ചേര്‍ന്നതാണ് ഒരു ക്ലാസ് റൂം. അവരൊക്കെ പരസ്പരം അറിഞ്ഞും സ്നേഹിച്ചും പോകുന്നതാണ് അതിന്റെ സൗന്ദര്യവും. ഈ സിനിമയുടെ ഭംഗിയും ഇതേ വൈവിധ്യവും അതിലെ ഐക്യവുമാണ്. വരുണ്‍ എന്ന കഥാപാത്രം വളരെ ഉത്തരവാദിത്തമുള്ളതാണെങ്കില്‍ അക്ഷയ് പേടിത്തൊണ്ടനാണ്. കുപ്പി, രസികനും ഗൗതം പാട്ടുകാരനും. അദ്ധ്യാപകരില്‍ പോലും കാണാം ഈ വൈവിധ്യം.

 

ഡോ. റോണി പ്രൊഫസറിന്റെ വേഷത്തില്‍ തകര്‍ത്തഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകരെ ചിരിപ്പിക്കുന്ന കുപ്പിയായി വേഷമിടുന്നത് വൈശാഖ് നായര്‍. അക്ഷയ് കഥാപാത്രമായിരിക്കുന്നത് തോമസ്‌ മാത്യു. സിദ്ധിയാണ് ചിത്രത്തില്‍ ദിയയായി എത്തുന്നത്. ഗൗതം-ദേവിക പ്രണയജോഡികളായി എത്തുന്നത് റോഷന്‍ മാത്യുവും അനു ആന്റണിയുമാണ്‌. കൂടാതെ, അരുണ്‍ കുര്യന്‍, അനാര്‍ക്കലി എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

 

വിനീത് ശ്രീനിവാസന്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ സംഗീതം സച്ചിന്‍ വാര്യരുടെയാണ്. ആനന്ദ് സി. ചന്ദ്രനാണ് സിനിമയുടെ ഛായാഗ്രഹണം.