Skip to main content
ആലപ്പുഴ

cpim state conference alappuzha

 

സി.പി.ഐ.എമ്മിന്റെ സംസ്ഥാന സമ്മേളനത്തിന് വെള്ളിയാഴ്ച ആലപ്പുഴയില്‍ തുടക്കം. നാല് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന് തുടക്കം കുറിച്ച് കളര്‍കോട് പി.കൃഷ്ണപിള്ള നഗറില്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്ന മുതിര്‍ന്ന അംഗമായ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ചെങ്കൊടി ഉയര്‍ത്തി. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.

 

 

രാവിലെ പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ നേതൃത്വത്തില്‍ വലിയ ചുടുകാട്ടിലെ പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലും കളര്‍കോട് തയ്യാറാക്കിയിട്ടുള്ള രക്തസാക്ഷി മണ്ഡപത്തിലും സമ്മേളന പ്രതിനിധികള്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

 

സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വി.എസ് അച്യുതാനന്ദനും സമ്മേളനത്തലേന്ന്‍ പരസ്യമായി പരസ്പരം വിമര്‍ശനം ഉന്നയിച്ചിരുന്നു. തനിക്കെതിരെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് പൊളിറ്റ് ബ്യൂറോയ്ക്ക് കത്തയച്ച നടപടിയാണ് പാര്‍ട്ടി നേതൃത്വവും വി.എസും തമ്മില്‍ വേണ്ടും തുറന്ന പോരിന് ഇടയാക്കിയത്. വി.എസിന്റെ നടപടിയെ വിമര്‍ശിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് വ്യാഴാഴ്ച പാസാക്കിയ പ്രമേയത്തില്‍ അദ്ദേഹം തുടര്‍ച്ചയായി അച്ചടക്കം ലംഘിക്കുകയാണെന്നും പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥയിലേക്ക് തരം താണിരിക്കുകയാണെന്നും കുറ്റപ്പെടുത്തിയിരുന്നു. പ്രമേയം വാര്‍ത്താസമ്മേളനത്തില്‍ പിണറായി വിജയന്‍ വിശദീകരിച്ചതിന് പിന്നാലെ അത് അവജ്ഞയോടെ തള്ളുന്നതായും താന്‍ കത്തയച്ചത് പൊളിറ്റ് ബ്യൂറോയ്ക്കാണെന്നും വി.എസ് പ്രതികരിച്ചിരുന്നു.

 

പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് അയച്ച കത്ത് കണ്ടിട്ടില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വെള്ളിയാഴ്ച രാവിലെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എസ്. രാമചന്ദ്രന്‍ പിള്ള, വൃന്ദ കാരാട്ട്, എ.കെ പദ്മനാഭന്‍ എന്നീ പൊളിറ്റ് ബ്യൂറോ അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്ത് നിന്നുള്ള പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം.എ ബേബി എന്നിവരും പൊളിറ്റ് ബ്യൂറോ അംഗങ്ങളാണ്.

 

നാല് ലക്ഷം പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 14 ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 600 പ്രതിനിധികളും 200 പ്രത്യേക ക്ഷണിതാക്കളും 15 നിരീക്ഷകരുമാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. റിപ്പോര്‍ട്ടുകളിലുള്ള പൊതുചര്‍ച്ചയ്ക്കും മറുപടിയ്ക്കും ശേഷം പുതിയ സംസ്ഥാന കമ്മിറ്റിയേയും സംസ്ഥാന സെക്രട്ടറിയേയും ഞായറാഴ്ച തെരഞ്ഞെടുക്കും. ഫെബ്രുവരി 23 തിങ്കളാഴ്ച സമാപന സമ്മേളനത്തിന്റെ ഭാഗമായി 25,000 ചുവപ്പു സേനാംഗങ്ങളുടെ പരേഡും ഒരു ലക്ഷം പേരുടെ പ്രകടനവും നടക്കും.

 

1998 മുതല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന പിണറായി വിജയന്‍ സ്ഥാനമൊഴിയുന്നു എന്നതാണ് ഈ സമ്മേളനത്തിന്റെ പ്രത്യേകത. സെക്രട്ടറി പദവിയില്‍ മൂന്ന്‍ തവണ പൂര്‍ത്തിയാക്കിയവര്‍ മാറണമെന്ന കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനത്തെ തുടര്‍ന്നാണ്‌ ഇത്.