കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയ്ക്കടുത്ത് പൊയിലൂര്‍ മേഖലയില്‍ ചൊവ്വാഴ്ച രാവിലെ പരക്കെ അക്രമം. സി.പി.ഐ.എം പ്രവര്ത്തകന് തൂവക്കുന്ന് നെല്ലിയുള്ള പറമ്പത്ത് വിജേഷിനെ വീട്ടില്‍ കയറി വെട്ടി. ആക്രമണ വിവരമറിഞ്ഞ് സംഭവസ്ഥലത്തേക്ക് പോവുകയായിരുന്ന കര്‍ഷകസംഘം ജില്ലാ നേതാവ് ഒ.കെ വാസുവിന്റെ കാറിനു നേരെ ബോംബേറുണ്ടായി.
ബി.ജെ.പിയുടേയും സി.പി.ഐ.എമ്മിന്റേയും പ്രവര്‍ത്തകര്‍ തമ്മില്‍ ഇവിടെ സംഘര്‍ഷം നിലനില്‍ക്കുകയായിരുന്നു. വിജേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബി.ജെ.പി വിട്ട് സി.പി.ഐഎമ്മിലേക്ക് വന്ന ഒ.കെ വാസു സഞ്ചരിച്ചിരുന്ന വാഹനം ബോംബേറില്‍ തകര്‍ന്നു. അദ്ദേഹത്തിന് പരിക്കില്ല. കാറില്‍ വാസുവിനും ഡ്രൈവറിനും പുറമേ ഭാര്യയും ഗണ്‍മാനുമുണ്ടായിരുന്നു. ഇതിനുശേഷം പൊയിലൂർ- തൂവക്കുന്ന് മേഖലയിൽ വ്യാപക അക്രമമാണ് നടന്നത്.
ആക്രമണത്തില്‍ പ്രതിഷേധിച്ച് പൊയിലൂരില്‍ സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. തലശേരി എ.എസ്.പി ടി.നാരായണന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.