ലോകസഭയിലെ പ്രതിപക്ഷ നേതാവിന്റെ പദവി നല്‍കുന്നതിന് ചട്ടങ്ങളോ പാരമ്പര്യമോ തന്നെ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ സുമിത്ര മഹാജന് കോണ്‍ഗ്രസിന് കത്തയച്ചു. പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി സ്പീക്കര്‍ക്ക് മുന്നില്‍ അവകാശമുന്നയിച്ചിരുന്നു.
അകെ ലോകസഭാംഗങ്ങളുടെ പത്ത് ശതമാനം അംഗങ്ങള്‍ (നിലവിലെ സഭയില്‍ 55) ഉള്ള പാര്‍ട്ടികളെ മാത്രമേ ഈ പദവിയ്ക്കായി പരിഗണിക്കാവൂ എന്നാണ് ആദ്യ ലോകസഭയിലെ സ്പീക്കര്‍ ജി.വി മാവലങ്കര്‍ ഏര്‍പ്പെടുത്തിയ ചട്ടം. കോണ്‍ഗ്രസിന് 44 അംഗങ്ങള്‍ മാത്രമാണുള്ളത്.
ഈ നിബന്ധന തെറ്റിച്ച് പ്രതിപക്ഷ നേതൃസ്ഥാനം നല്കിയ കീഴ്വഴക്കം ലോകസഭയില്‍ ഇല്ല. ഇതിന് മുന്‍പ് പ്രതിപക്ഷത്ത് ആര്‍ക്കും പത്ത് ശതമാനം അംഗങ്ങളുടെ പ്രാതിനിധ്യം ഇല്ലാതിരുന്നത് കോണ്‍ഗ്രസ് 400-ല്‍ അധികം സീറ്റുകള്‍ നേടി അധികാരത്തില്‍ വന്ന 1984-ല്‍ ആയിരുന്നു. അന്ന് പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയായ തെലുഗുദേശം പാര്‍ട്ടിയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനം നല്കാന് കോണ്‍ഗ്രസ് വിസമ്മതിക്കുകയായിരുന്നു. മാത്രവുമല്ല, സാധാരണ, പ്രതിപക്ഷത്തിന് നല്‍കാറുള്ള ഡെപ്യൂട്ടി സ്പീക്കര്‍ പദവി അന്ന് കോണ്‍ഗ്രസ് തെലുഗുദേശം പാര്‍ട്ടിയ്ക്കും സി.പി.ഐ.എമ്മിനും പിന്നില്‍ പ്രതിപക്ഷത്തെ മൂന്നാമത്തെ കക്ഷിയായിരുന്ന എ.ഐ.എ.ഡി.എം.കെയ്ക്ക് ആണ് നല്‍കിയിരുന്നത്. ഇത്തവണ, സമാനമായ സാഹചര്യത്തില്‍ ബി.ജെ.പിയും ഡെപ്യൂട്ടി സ്പീക്കര്‍ പദവി കോണ്‍ഗ്രസിനെ അവഗണിച്ച് പ്രതിപക്ഷത്തെ രണ്ടാമത്തെ കക്ഷിയായ എ.ഐ.എ.ഡി.എം.കെയ്ക്ക് തന്നെ നല്കി. രണ്ടവസരത്തിലും എം. തമ്പിദുരൈ ആണ് ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്.
ഈ വിഷയത്തില്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. ലോകസഭയിലെ സ്പീക്കറുടെ റൂളിംഗ് കോടതിയില്‍ ചോദ്യം ചെയ്യാനാകില്ലെന്നും പരമോന്നത കോടതി വ്യക്തമാക്കിയിരുന്നു. അറ്റോര്‍ണ്ണി ജനറല്‍ മുകുള്‍ റോഹ്തഗിയുടെ നിയമോപദേശവും സ്പീക്കര്‍ തേടിയിരുന്നു.