ഏറെ നാളുകള്‍ക്ക് ശേഷം സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബൂത്ത് തല ഭാരവാഹികളുടെ പുന:സംഘടന ഞായറാഴ്ച വൈകിട്ട് നടന്നു. സംസ്ഥാനത്തെ ഇരുപതിനായിരത്തിലധികം വരുന്ന ബൂത്ത് കമ്മിറ്റികളില്‍ ഒരേസമയത്തായിരുന്നു പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്. 98 ശതമാനത്തോളം ബൂത്തുകളിലും പുന:സംഘടന നടന്നതായി കെ.പി.സി.സി അറിയിച്ചു.
ഗ്രൂപ്പ് പരിഗണന പാടില്ലെന്ന കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരന്റെ നിര്‍ദ്ദേശത്തോടെ നടന്ന പുന:സംഘടന പൊതുവെ സമാധാനപരമായിരുന്നു. ഭൂരിഭാഗം ബൂത്തുകളിലും മൽസരമില്ലാതെ സമവായത്തിലൂടെ കമ്മിറ്റികൾ രൂപീകരിച്ചതായി കെ.പി.സി.സി അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളുമുണ്ടായി. ഇതടക്കമുള്ള വിവിധ കാരണങ്ങളാല്‍ മറ്റൊരു ദിവസം പുന:സംഘടന നടത്തുമെന്ന് കെ.പി.സി.സി കൂട്ടിച്ചേര്‍ത്തു.
കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം. സുധീരന് തിരുവനന്തപുരത്തും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലും മന്ത്രി രമേശ് ചെന്നിത്തല ഹരിപ്പാട്ടും സ്വന്തം ബൂത്ത് കമ്മിറ്റികളുടെ യോഗത്തില്‍ പങ്കെടുത്തു. കെ.പി.സി.സി ഭാരവാഹികള്‍, മന്ത്രിമാര്‍, എം.എല്‍.എമാര്‍, എം.പിമാര്‍ തുടങ്ങി പാര്‍ട്ടിയിലെ മുഴുവന്‍ നേതാക്കളും തങ്ങളുടെ ബൂത്തുകളില്‍ എത്തിയിരുന്നു. വൈകിട്ട് നാലിനാണ് സംസ്ഥാനത്ത് പുന:സംഘടനാ യോഗങ്ങള്‍ നിശ്ചയിച്ചിരുന്നതെങ്കിലും പുതുപ്പള്ളിയില്‍ മുഖ്യമന്ത്രിയുടെ സൌകര്യാര്‍ത്ഥം രാവിലെയാണ് യോഗം നടന്നത്.
ഓരോ ബൂത്തിലും പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റുമാര്‍, മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍, എട്ട് നിര്‍വാഹകസമിതി അംഗങ്ങള്‍ എന്നിങ്ങനെ 15 പേരെയാണ് തെരഞ്ഞെടുക്കുന്നത്. ഇതനുസരിച്ച് സംസ്ഥാനത്തെ 21,458 ബൂത്ത് കമ്മിറ്റികളിലായി 3,20,000ത്തോളം പേര് ഇന്നലെ ചുമതലയേറ്റതായാണ് കണക്കാക്കുന്നത്. ഈ മാസം 20-നകം മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളിലും 30-നകം ജില്ലാ കമ്മിറ്റികളിലും നിശ്ചയിച്ചിരിക്കുന്ന പുന:സംഘടന പൂര്‍ത്തിയാകുന്നതോടെ ആകെ 3,72,205 പേര് പ്രാദേശിക കോണ്‍ഗ്രസ് നേതൃനിരയുടെ ഭാഗമാകുമെന്ന് കണക്കാക്കുന്നു.