എ.പി അബ്ദുള്ളക്കുട്ടി എം.എല്‍.എ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയായ സരിത എസ്. നായര്‍ തിങ്കളാഴ്ച തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുന്‍പാകെ ഹാജരായി മൊഴി നല്കി. സരിതയുടെ ആവശ്യപ്രകാരം രഹസ്യമായിട്ടായിരുന്നു മൊഴി രേഖപ്പെടുത്തിയത്.
പോലീസിന് നല്കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് മൊഴിയിലും പറഞ്ഞിരിക്കുന്നതെന്ന് സരിത പിന്നീട് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പരാതിയില്‍ മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരായി ക്രിമിനല്‍ നടപടിക്രമത്തിലെ 164ാം വകുപ്പ് അനുസരിച്ച് മൊഴി നല്കാന് സരിത പലതവണ സമയം നീട്ടി വാങ്ങിയിരുന്നു.
മാര്‍ച്ച് എട്ടിന് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ സരിത നല്കിയ പരാതിയെ തുടര്‍ന്ന് ബലാല്‍സംഗം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി എ.പി അബ്ദുള്ളക്കുട്ടിയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. 2012-ല്‍ മസ്കറ്റ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി അബ്ദുള്ളക്കുട്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.