ബീഹാറില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ജനതാദള്‍ (യു) വിന് കോണ്‍ഗ്രസ് പിന്തുണ നല്‍കിയേക്കും. ഇന്ന്‍ (ഞായറാഴ്ച) കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയ പാര്‍ട്ടി നേതാവ് ശരദ് യാദവിന് പിന്തുണ സംബന്ധിച്ച ഉറപ്പ് കോണ്‍ഗ്രസ് നല്‍കിയതായാണ് സൂചന. ഇന്ന്‍ വൈകിട്ട് പാര്‍ട്ടി പുതിയ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുമെന്ന് ശരദ് യാദവ് അറിയിച്ചു. ലോകസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടി നേരിട്ട വന്‍ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാര്‍ രാജിവെച്ചിരുന്നു.
243 അംഗ ബീഹാര്‍ നിയമസഭയില്‍ ജെ.ഡി (യു)വിന് 115 അംഗങ്ങള്‍ ആണുള്ളത്. ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചതിനെ തുടര്‍ന്ന്‍ കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട നിതീഷ് കുമാര്‍ മന്ത്രിസഭയ്ക്ക് കോണ്‍ഗ്രസിന്റെ നാലംഗങ്ങള്‍ നേരത്തെ തന്നെ പിന്തുണ നല്‍കിയിരുന്നു. ഈ പിന്തുണ തുടരാതിരിക്കാന്‍ കാരണമൊന്നും താന്‍ വ്യക്തിപരമായി കാണുന്നില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഷക്കീല്‍ അഹമ്മദ് പ്രതികരിച്ചിട്ടുണ്ട്.
ഒരു സി.പി.ഐ അംഗവും രണ്ട് സ്വതന്ത്രരും ജെ.ഡി (യു) മന്ത്രിസഭയ്ക്ക് പിന്തുണ നല്‍കിയിരുന്നു. നിയമസഭയില്‍ ആറു സീറ്റു ഒഴിഞ്ഞുകിടക്കുന്നതിനാല്‍ പുതിയ മന്ത്രിസഭാ രൂപീകരണം പാര്‍ട്ടിയ്ക്ക് ബുദ്ധിമുട്ടാകില്ല. ഇന്നലെ രാജി സമര്‍പ്പിച്ചെങ്കിലും നിയമസഭ പിരിച്ചുവിടാന്‍ നിതീഷ് ആവശ്യപ്പെട്ടിരുന്നില്ല. 2015 നവംബറിലാണ് നിയമസഭയുടെ കാലാവധി തീരുക.