ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയ്ക്കെതിരെ വാരാണാസി മണ്ഡലത്തില്‍ മത്സരിക്കാന്‍ താന്‍ തയ്യാറായിരുന്നുവെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മകള്‍ പ്രിയങ്ക ഗാന്ധി വദ്ര നിഷേധിച്ചു.
ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വാരാണസിയില്‍ മത്സരിക്കാന്‍ പ്രിയങ്ക അതിയായ താല്‍പ്പര്യം പ്രകടിപ്പിച്ചതായും എന്നാല്‍ കോണ്‍ഗ്രസ് ഉന്നത നേതൃത്വം നിര്‍ദ്ദേശം തള്ളുകയായിരുന്നു എന്നവകാശപ്പെട്ടിരുന്നു. മോഡി രാജ്യത്തിന് ദോഷകരമാണെന്നും മോഡിയെ തടയേണ്ടതുണ്ടെന്നും പ്രിയങ്ക പറഞ്ഞതായും പത്രം റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, ടെലിവിഷന്‍ ചാനലുകള്‍ക്ക് നല്കിയ അഭിമുഖത്തില്‍ ഇത്തരത്തില്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ലെന്ന് പ്രിയങ്ക പറഞ്ഞു. തന്റെ അമ്മയുടേയും സഹോദരന്റേയും മണ്ഡലങ്ങളിലെ പ്രചാരണത്തിലാണ് തന്റെ ശ്രദ്ധയെന്നും പ്രിയങ്ക പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷനും സഹോദരനുമായ രാഹുല്‍ ഗാന്ധി തന്നോട് പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെന്നും താന്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചാല്‍ തന്റെ കുടുംബത്തിലെ എല്ലാവരുടേയും പിന്തുണ ഉണ്ടാകുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.