Skip to main content
കൊച്ചി

pc chackoദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി പരുങ്ങലില്‍ ആണെന്ന് എ.ഐ.സി.സി വക്താവും ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ പി.സി ചാക്കോ. ഇത്തവണ താന്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ചാക്കോ പറഞ്ഞു. ഏറണാകുളം പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചാക്കോ.

 

രാഷ്ടീയ കാലാവസ്ഥ കോണ്‍ഗ്രസിന് അനുകൂലമല്ലെന്നും തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നും താന്‍ കരുതുന്നതായി ചാക്കോ പറഞ്ഞു. ശക്തമായ പ്രതിപക്ഷം വേണമെന്നതു കൊണ്ടാണ് കോണ്‍ഗ്രസ് നേതൃത്വം തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടതെന്നും ചാക്കോ അവകാശപ്പെട്ടു. അതേസമയം, തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കാനാകില്ലെന്നും ചാക്കോ പറഞ്ഞു.

 

യു.പി.എ സര്‍ക്കാര്‍ കഴിഞ്ഞ പത്ത് വര്‍ഷ കാലയളവില്‍ ഏറെ നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും അത് ജനങ്ങളിലേക്ക് ഫലപ്രദമായി വിനിമയം ചെയ്യാനായില്ലെന്ന് ചാക്കോ പറഞ്ഞു. 2ജി സ്പെക്ട്രം അടക്കമുള്ള അഴിമതി കേസുകളും കോണ്‍ഗ്രസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതായി ചാക്കോ കൂട്ടിച്ചേര്‍ത്തു.

 

2ജി സ്പെക്ട്രം അഴിമതി അന്വേഷിച്ച സംയുക്ത പാര്‍ലിമെന്ററി സമിതിയുടെ അധ്യക്ഷനായിരുന്നു ചാക്കോ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ലോകസഭാ മണ്ഡലത്തെയാണ് ചാക്കോ പ്രതിനിധീകരിച്ചിരുന്നത്.