Skip to main content
ന്യൂഡല്‍ഹി

sonia and rahulകോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കില്ലെന്ന് കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ വിപുലീകൃത പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രചാരണം രാഹുല്‍ നയിക്കുമെന്ന് അവര്‍ അറിയിച്ചു.

 

ഇന്ന്‍ (വെള്ളിയാഴ്ച) ആരംഭിക്കുന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി (എ.ഐ.സി.സി) യോഗത്തിന് മുന്നോടിയായാണ് പ്രവര്‍ത്തക സമിതി ചേര്‍ന്നത്. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പ്രവര്‍ത്തക സമിതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ ഇത് നിരാകരിക്കുകയായിരുന്നു എന്നാണ് സൂചന. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന പതിവ് കോണ്‍ഗ്രസിനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സോണിയാ ഗാന്ധിയുടെ തീരുമാനം.

 

എ.ഐ.സി.സി യോഗത്തിന്റെ ഭാഗമായി സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് എന്നിവര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും. പാര്‍ട്ടി അധ്യക്ഷ തീരുമാനം അറിയിച്ചെങ്കിലും രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം എ.ഐ.സി.സി യോഗത്തിലും ഉയരുമെന്ന്‍ കരുതപ്പെടുന്നു.

 

കഴിഞ്ഞ ജനുവരിയില്‍ ജയ്പൂരില്‍ നടന്ന കോണ്‍ഗ്രസ് യോഗത്തില്‍ പാര്‍ട്ടി ഉപാധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട രാഹുല്‍ ഗാന്ധിയാണ് ഈയിടെ നടന്ന ഡെല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രചാരണം നയിച്ചത്. എന്നാല്‍,പാര്‍ട്ടി ഈ തെരഞ്ഞെടുപ്പുകളില്‍ ദയനീയ പരാജയമാണ് നേരിട്ടത്.