Skip to main content
ന്യൂഡല്‍ഹി

gas cylinder subsidyപാചക വാതക സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഒന്‍പതില്‍ നിന്നും 12 ആക്കി ഉയര്‍ത്താന്‍ സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യാന്‍ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തിന്റെ തീരുമാനം. പാചക വാതകത്തിന് വില വര്‍ധന പാടില്ലെന്നും സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് തല്‍ക്കാലം നടപ്പാക്കേണ്ടെന്നും കോര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യും. നാളെ (വെള്ളിയാഴ്ച) ചേരാനിരിക്കുന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്നോടിയായാണ്‌ കോര്‍ കമ്മിറ്റി ചേര്‍ന്നത്.

 

പെട്രോളിയം മന്ത്രാലയത്തിന്റെയും എണ്ണ കമ്പനികളുടെയും ആവശ്യം തള്ളുന്നതാണ് പാര്‍ട്ടി തീരുമാനം. പുതുവത്സര ദിനത്തില്‍ പാചക വാതകത്തിന് വില വര്‍ധിപ്പിച്ച നടപടി വന്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ആധാര്‍ കാര്‍ഡ് ബന്ധിപ്പിച്ച ബാങ്ക് അക്കൌണ്ടുകള്‍ മുഖേനയേ ഈ വര്‍ഷമാദ്യം മുതല്‍ സബ്സിഡി വിതരണം ചെയ്യൂ എന്ന തീരുമാനവും വ്യാപകമായ പരാതികളെ തുടര്‍ന്ന് നീട്ടിയിരുന്നു. പാചക വാതകത്തിനും ഡീസലിനും വീണ്ടും വില കൂട്ടേണ്ടി വരുമെന്ന് എണ്ണക്കമ്പനികള്‍ നേരത്തെ സൂചന നല്‍കിയിരുന്നു.   

 

സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയുടെ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ ആവശ്യമായ തീരുമാനം എടുക്കേണ്ടത്. സബ്‌സിഡി സിലിണ്ടര്‍ 12 ആയി ഉയര്‍ത്തണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. വിവിധ കോണ്‍ഗ്രസ് എം.പിമാരും സമാന ആവശ്യം ഉന്നയിയിച്ചതോടെയാണ്‌ തീരുമാനം.