നളന്ദ, വിക്രമശില എന്നീ പ്രാചീന കാല സര്‍വകലാശാലകളുടെ കേന്ദ്രമായിരുന്ന ബീഹാറില്‍ നിന്ന് മറ്റൊരു സര്‍വകലാശാലയുടെ അവശിഷ്ടങ്ങള്‍ കൂടി ലഭിച്ചു. നളന്ദ ജില്ലയിലെ തെല്‍ഹാരയില്‍ സംസ്ഥാന പുരാവസ്തു വകുപ്പ് നടത്തിയ പര്യവേഷണമാണ് കണ്ടെത്തലിലേക്ക് നയിച്ചത്. പ്രാചീന ബുദ്ധ വിഹാരമായിരുന്നു ഈ പ്രദേശം.
ഏഴാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരി ഹ്യുയാന്‍ സാങ്ങ് തെല്‍ഹാര സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ബീഹാര്‍ പുരാവസ്തു വകുപ്പ് മേധാവി അതുല്‍ കുമാര്‍ വര്‍മ പറഞ്ഞു. ഹ്യുയാന്‍ സാങ്ങിന്റെ യാത്രാവിവരണത്തില്‍ തെലെധക എന്ന് പരാമര്‍ശിക്കുന്ന സര്‍വകലാശാല ഇതാണെന്ന് വര്‍മ കൂട്ടിച്ചേര്‍ത്തു. മഹായാന ബുദ്ധിസത്തിന്റെ പാരമ്പര്യം പിന്തുടര്‍ന്ന ആയിരത്തിലധികം സന്യാസിമാര്‍ ഇവിടെ പഠിച്ചിരുന്നതായി ഹ്യുയാന്‍ സാങ്ങ് രേഖപ്പെടുത്തിയിരുന്നു.
തിലധക് എന്നും അറിയപ്പെടുന്ന സര്‍വകലാശാലയുടെ വലിപ്പം മുഴുവനായി അറിയാറായിട്ടില്ലെന്നും പര്യവേഷണം പൂര്‍ണ്ണമായതിന് ശേഷമേ ഇക്കാര്യം വ്യക്തമാകൂ എന്നും വര്‍മ അറിയിച്ചു. നളന്ദ സര്‍വകലാശാലയുടെ അവശിഷ്ടങ്ങള്‍ക്കായുള്ള പര്യവേഷണം വര്‍ഷങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയായത്. 2009-ലാണ് തെല്‍ഹാരയില്‍ പര്യവേഷണം ആരംഭിച്ചത്.
ഗുപ്ത രാജാക്കന്മാരുടെ കാലഘട്ടത്തില്‍ അഞ്ചാം നൂറ്റാണ്ടിലാണ് തിലധക് സര്‍വകലാശാല സ്ഥാപിച്ചത്. നളന്ദ നാലാം നൂറ്റാണ്ടിലും വിക്രമശില എട്ടാം നൂറ്റാണ്ടിലുമാണ് സ്ഥാപിതമായത്.