Skip to main content
ഇടുക്കി

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2401.41 അടിയായി ഉയര്‍ന്നു. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷിയായ 2403 അടിയില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ അണക്കെട്ട് തുറക്കും. നിലവിലെ സാഹചര്യത്തില്‍ ഇനിയും ജലനിരപ്പ് ഉയര്‍ന്നാല്‍ ചെറുതോണി അണക്കെട്ട് തുറക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴ കുറഞ്ഞെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ കാര്യമായ മാറ്റം വന്നിട്ടില്ല. അണക്കെട്ടിന്റെ സംഭരണ ശേഷിയുടെ 98 ശതമാനം വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടിലുള്ളതെന്നു കെ.എസ്.ഇ,ബിയുടെ കണക്കുകളില്‍ പറയുന്നു.

 

മഴ കുറയാനുള്ള സാധ്യത ഇല്ലാത്തതിനാല്‍ അണക്കെട്ട് തുറന്നു വിടാനുള്ള സാഹചര്യമുണ്ടാവുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇടുക്കി, എറണാകുളം ജില്ലകള്‍ക്ക്‌ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂലമറ്റം പവര്‍ ഹൌസില്‍ വൈദ്യുതി ഉല്‍പ്പാദനം കൂട്ടി അണക്കെട്ടിലെ ജലനിരപ്പ്‌ നിയന്ത്രിക്കാന്‍ കെ.എസ്.ഇ.ബി ശ്രമിക്കുന്നുണ്ട്. വെള്ളിയാഴ്ച മാത്രം 15.09 ദശലക്ഷം യൂനിറ്റ്  വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു.

 

അണക്കെട്ടില്‍ സുരക്ഷാവിഭാഗം ചീഫ് എൻജിനിയർ കെ.കെ കറുപ്പൻകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. അണക്കെട്ട് തുറന്നു വിടാനുള്ള സാഹചര്യം നിലനില്‍ക്കെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എമര്‍ജന്‍സി സെല്ലുകള്‍ രൂപീകരിച്ചു.

 

ഇടുക്കി അണക്കെട്ട് തുറന്നാല്‍ പെരിയാറിലെ ജലനിരപ്പുയരുന്ന സാഹചര്യം നേരിടാന്‍ എറണാകുളം ജില്ല ഭരണകൂടം അടിയന്തിര പദ്ധതിക്ക് രൂപം നല്‍കി. ഇടുക്കി ജലാശയത്തിലേക്കുള്ള നീരൊഴുക്ക് ഇപ്പോഴത്തെ നിലയില്‍ തുടര്‍ന്നാല്‍ ഞായറാഴ്ച ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്നാണ് മുന്നറിയിപ്പ്. മഴ കുറയുകയാണെങ്കില്‍ അണക്കെട്ടില്‍ നിന്നുള്ള ജലപ്രവാഹം ഉള്‍ക്കൊള്ളാന്‍ പെരിയാറിന് കഴിയുമെന്നാണ് വിലയിരുത്തലെന്നും ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക് പരീത് വ്യക്തമാക്കി.

 

ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് കെ.എസ്.ഇ.ബി കണ്‍ട്രോള്‍ റൂമില്‍ നിന്നും ജില്ല ഭരണകൂടത്തിന് വിവരം ലഭിക്കും. ചെറുതോണിയില്‍ നിന്നും തുറന്നു വിടുന്ന വെള്ളം ഇടമലയാര്‍, ഭൂതത്താന്‍കെട്ട് അണക്കെട്ടുകള്‍ പിന്നിട്ട് കോതമംഗലം, പെരുമ്പാവൂര്‍, ആലുവ ഭാഗങ്ങളിലെത്തുന്നതിന് കുറഞ്ഞത് ആറു മണിക്കൂറെടുക്കും. ഈ 12 മണിക്കൂര്‍ പ്രയോജനപ്പെടുത്തിയുള്ള മുന്‍കരുതല്‍ നടപടികളാണ് സ്വീകരിക്കുന്നത്. ഇടുക്കിയില്‍ നിന്നുണ്ടാകാനിടയുള്ള ജലപ്രവാഹം മുന്‍നിര്‍ത്തി ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ ഒരു മീറ്റര്‍ കൂടി ഉയര്‍ത്തിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

 

പെരിയാറിന്റെ തീരത്തുള്ള താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളപ്പൊക്ക ഭീഷണിയുള്ളത്. ജലനിരപ്പുയരുന്ന പക്ഷം തോടുകളിലൂടെ വെള്ളം കയറുന്ന സാഹചര്യമുണ്ടാകും. ഈ മേഖലകളില്‍ ഇത് മുന്‍നിര്‍ത്തി ആളുകളെ ഒഴിപ്പിക്കും. ഈ മേഖലകളില്‍ ക്യാമ്പുകള്‍ തുറക്കുന്നതിന് സ്‌കൂളുകള്‍ സജ്ജമാക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് ജനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ അനൗണ്‍സ്‌മെന്റ് സ്‌ക്വാഡുകളെ നിയോഗിക്കും.

Tags