കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ നിരത്തുകളില്‍ നിന്ന് നീക്കുന്നതിന് തുടക്കമിട്ട് സര്‍ക്കാര്‍. 15 വര്‍ഷത്തില്‍ അധികം പഴക്കുമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്ന പൊളിക്കല്‍ നയത്തിന്റെ ആദ്യ ഘട്ടമെന്നോണമാണ് സര്‍ക്കാര്‍ വാഹനങ്ങളുടെ ആയുസ് 15 വര്‍ഷമാക്കി ചുരുക്കുന്നത്. ബജറ്റില്‍ അവതരിപ്പിച്ച സ്‌ക്രാപ്പേജ് പോളിസി അനുസരിച്ച് വാണിജ്യ വാഹനങ്ങളുടെ ആയുസ് 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷവും ഉപയോഗിക്കാമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
മലിനീകരണം തടയുന്നതിന്റെ ഭാഗമായി സ്‌ക്രാപേജ് പോളിസി നടപ്പാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. 15 വര്‍ഷത്തില്‍ അധികമുള്ള വാഹനങ്ങള്‍ പൊളിക്കുന്നതിലൂടെ രാജ്യത്തെ വാഹന വിപണിയില്‍ വലിയ കുതിപ്പ് സാധ്യമാണെന്നുമാണ് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചത്. ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യയെ സുപ്രധാന ഓട്ടോമൊബൈല്‍ ഹബ്ബായി ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതുവഴി വാഹനങ്ങളുടെ വില കുറയുമെന്നും വാഹന വിപണിയിലെ പ്രതിവര്‍ഷ വരുമാനം 1.45 ലക്ഷം കോടിയുടെ കയറ്റുമതി ഉള്‍പ്പെടെ 4.5 ലക്ഷം കോടിയായി ഉയരുമെന്നും സര്‍ക്കാരിന്റെ പ്രതീക്ഷ.
2022 ഏപ്രിലില്‍ 15 വര്‍ഷം പൂര്‍ത്തിയായ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ ഈ നിര്‍ദേശത്തിന് കീഴില്‍ വരുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്.