Skip to main content

കൊല്ലം അഞ്ചലില്‍ ഉത്ര എന്ന യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. ഉത്രയുടെ ഭര്‍ത്താവ് സൂരജ് അടക്കം രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്യുകയാണ്. റൂറല്‍ എസ്.പി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി അശോക് കുമാറിന്റെ സംഘമാണ് സൂരജിനെയും കല്ലുവാതുക്കല്‍ സ്വദേശിയായ പാമ്പ് പിടിത്തക്കാരന്‍ സുരേഷിനെയും കസ്റ്റഡിയിലെടുത്തത്. 

ഏറം വെള്ളിശ്ശേരി വിജയസേനന്റെയും മണിമേഖലയുടെയും മകളായ ഉത്ര(25) മെയ് 7നാണ് കുടുംബവീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഇടതുകയ്യില്‍ പാമ്പ് കടിയേറ്റതിന്റെ പാട് കണ്ടെത്തിയത്. കഴിഞ്ഞ മാര്‍ച്ച് രണ്ടിന് അടൂര്‍, പറക്കോട്ട് ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് ഉത്രയെ പാമ്പ് കടിച്ചിരുന്നു. അണലി വര്‍ഗത്തില്‍ പെട്ട പാമ്പാണ് കടിച്ചത്. ഇതിനെ തുടര്‍ന്നുള്ള ചികില്‍സയുടെ ഭാഗമായി സ്വന്തം വീട്ടില്‍ എത്തിയപ്പോഴാണ് രണ്ടാമതും പാമ്പ് കടിയേറ്റത്. 

ഉത്രയുടെ മരണത്തില്‍ മാതാപിതാക്കളും ബന്ധുക്കളും സംശയം ഉന്നയിച്ചിരുന്നു. എ.സി ഉള്ള അടച്ചുറപ്പുള്ള മുറിയിലാണ് ഉത്ര ഉറങ്ങാന്‍ കിടന്നത്. ഈ മുറിയില്‍ എങ്ങനെയാണ് മൂര്‍ഖന്‍ പാമ്പ് കയറിയത് എന്നതായിരുന്നു സംശയം. തുടര്‍ന്ന് ഉത്രയുടെ മാതാപിതാക്കള്‍ റൂറല്‍ എസ്.പിക്ക് പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കല്ലുവാതുക്കലിലെ ഒരു പാമ്പ് പിടിത്തക്കാരനുമായി സൂരജിന് അടുത്ത ബന്ധമുള്ളതായി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സൂരജിനെ ശനിയാഴ്ച കസ്റ്റഡിയിലെടുത്തു. 

ഉത്രയുടെ മരണത്തെ സംബന്ധിച്ച് കാര്യങ്ങള്‍ ചോദ്യം ചെയ്യലിന് ശേഷം വ്യക്തതയുണ്ടാകുമെന്നാണ് കരുതുന്നത്.