വഫ ഫിറോസുമായി ഏഷ്യനെറ്റ് നടത്തിയ അഭിമുഖത്തെക്കുറിച്ചാണ് ഇത്.അവർ ആരാണെന്നും പൊതുജന മധ്യത്തിൽ അവർ എന്തു മുഖമാണ് പ്രദർശിപ്പിക്കുന്നത് എന്നുമറിയാൻ അനേകം പേർക്ക് താല്പര്യമുണ്ടാവും.ആ ആകാംക്ഷയാണ് ചാനൽ ശമിപ്പിച്ചത്.ധാരാളം പേർ ഇത് കണ്ടു എന്നതിൽ നിന്ന് ചാനലിൻ്റെ വാർത്താവിതരണം എന്ന പ്രാഥമിക ദൗത്യം വിജയിച്ചു എന്നല്ലേ കരുതേണ്ടത്?യുവതിയെ വിചാരണ ചെയ്യുന്ന പരിപാടിയായിരുന്നില്ല ഇത്. അതിനാൽ അഭിമുഖം നടത്തിയ ജിമ്മി യുവതിയെ വെള്ള പൂശാൻ ശ്രമിച്ചു എന്നു പറയുന്നതിൽ കാര്യമില്ല.അവർ മുഴുവൻ സത്യവും പറഞ്ഞിട്ടുണ്ടാവില്ല.നമ്മളാണെങ്കിലും പറയില്ല.ചാനലിൽ പറയുന്നത് കോടതി കണക്കിലെടുക്കില്ല.ശ്രീരാമിന് തൻ്റെ കുറ്റകൃത്യത്തിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് രക്ഷപ്പെടാനുമാവില്ല.മദ്യപിച്ച് വശം കെട്ട ഒരാൾക്ക് തൻ്റെ കാർ ഓടിക്കാൻ നൽകിയതിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് നിയമപ്രകാരം അവർക്കും രക്ഷ കിട്ടില്ല.
അതേ സമയം ചില ധാർമിക പ്രശ്നങ്ങൾ ഉയരുന്നില്ലേയെന്ന ചോദ്യം പ്രസക്തം.ഗോവിന്ദച്ചാമിയുടെ അഭിമുഖം കൊടുത്തു കൂടേ? നിർഭയ കേസിലെ പ്രതികളെ ജയിലിൽ വെച്ച് ബ്രട്ടിഷ് പത്രപ്രവർത്തക അഭിമുഖം നടത്തിയത് വലിയ വിവാദമായിരുന്നു. സമൂഹത്തിൻ്റെ താല്പര്യങ്ങൾക്ക് എതിരാണൊ എന്ന് മാത്രമാണ് ഇത്തരം സന്ദർഭങ്ങളിൽ ആലോചിക്കാനുള്ളത്.
സ്വയം ന്യായീകരിക്കുക എന്ന ലക്ഷ്യം പോകട്ടെ മാനസാന്തരപ്പെട്ടു എന്നു പറഞ്ഞ് ഗോവിന്ദച്ചാമിയൊ,ശോഭാ ജോണൊ അഭിമുഖത്തിന് തയ്യാറായി വന്നാൽ പോലും അത് സംശയത്തോടെ കാണണം.കുറ്റവാളികളെ അറിഞ്ഞൊ അറിയാതെയൊ മാധ്യമങ്ങൾ ,മാനസാന്തരപ്പെട്ടാൽ ,മഹാൻമാരാക്കി പെട്ടുപോകാറുണ്ട്.ചില ഉദാഹരണങ്ങൾ പറയാം.ആയി സജി എന്ന ഒരു ഗുണ്ടയുടെ കഥ, അയാൾ അങ്ങനെ ആയിപ്പോയതാണെന്ന് ചിത്രീകരിച്ചത് ഒരു പത്രത്തിൻ്റെ വാരാന്തപ്പതിലെ ഒന്നാം പേജ് വിശേഷമായിരുന്നു.അല്പ കാലം കഴിഞ്ഞ് ഇയാളെ ഗുണ്ടാപ്പണിക്കിടെ പോലീസ് പിടികൂടി.കണ്ണൂർ ജയിലിൽ
മിലിട്ടറിക്കാരനായ ഒരു കൊലക്കേസ് പ്രതി മാനസാന്തരപ്പെട്ടതായി വാർത്ത വരുന്നു.ജയിൽ മോചിതനായി കുറെ കാലം കഴിഞ്ഞ് ഇയാൾ വീണ്ടും കേസിൽ പെട്ടു.ഇത്തവണ,ഇന്ത്യൻ വംശജയായ ഒരു വെസ്റ്റീൻഡീസ് യുവതിയെ കബളിപ്പിച്ച്, ഭാര്യയാക്കി വെച്ച് ദ്രോഹിക്കുകയായിരുന്നു.മധ്യകേരളത്തിൽ കോളിളക്കമുണ്ടാക്കിയ വധത്തിലെ പ്രതികൾ ജയിൽവാസത്തിനിടെ മതഭക്തരായി മാനസാന്തരപ്പെടുന്നു.മോചനത്തിനു ശേഷം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
ഇതിനൊക്കെയുള്ള പണം എവിടെ നിന്ന് കിട്ടി എന്നത് സംശയകരമെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥനെങ്കിലും പറയുന്നു.ഒരു മാനസാന്തര വാർത്ത വായിച്ച് ഞെട്ടിയിട്ടുണ്ട്.ഇയാൾ ഒരു പോലീസുകാരനെ വാൾ കൊണ്ട് വെട്ടി ചോര നക്കിയിട്ടുണ്ട് എന്ന് വായിച്ചത് ഒരു പ്രധാന പത്രത്തിലാണ്.എതിരാളിയെ കുത്തിമലർത്തി എന്നൊക്കെ വായിക്കുകയുണ്ടായി. എന്ത് സന്ദേശമാണിത് നൽകുക.?പിന്നീട് ഭക്തനായതിനാൽ ഇതൊന്നും പ്രശ്നമല്ലാത്തതുപോലെ.മാനസാന്തരപ്പെടുന്നവർ എല്ലാവരും മതഭക്തരാവുകയാണ് ചെയ്യക,ഒരാളും യുക്തിവാദിയാവില്ല!