അസമത്വം, വംശീയത, ദ്രവിച്ച രാഷ്ട്രീയ അന്തരീക്ഷം എന്നിവ മൂലം രാജ്യത്തെ ജനായത്തം ഭീഷണി നേരിടുകയാണെന്നും ഇതിനെ സംരക്ഷിക്കാന്‍ ഒരുമിക്കണമെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ യു.എസ് ജനതയോട് പ്രസിഡന്‍റ് ഒബാമയുടെ അഭ്യര്‍ഥന. എട്ടുവര്‍ഷം പ്രസിഡന്‍റ് പദവി വഹിച്ച ഒബാമയുടെ കാലാവധി ജനുവരി 20-നാണ് അവസാനിക്കുക.
നാം ഭയത്തിന് കീഴടങ്ങുമ്പോഴാണ് ജനായത്തം അടിയറവ് പറയുന്നതെന്നതിനാല്‍ പൗരര്‍ എന്ന നിലയില്‍ വൈദേശിക ആക്രമണത്തെ ചെറുക്കാന്‍ ജാഗരൂകരായി ഇരിക്കുന്നത് പോലെ തന്നെ നമ്മെ നമ്മളാക്കുന്ന മൂല്യങ്ങളെ കാത്തുസൂക്ഷിക്കാനും ജാഗ്രത കാട്ടണമെന്ന് ഒബാമ പറഞ്ഞു.
2008-ല്‍ രാജ്യത്തെ കറുത്ത വര്‍ഗ്ഗക്കാരനായ ആദ്യ പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ട ഒബാമ ഇപ്പോഴും വംശീയത രാജ്യത്ത് ഒരു ധ്രുവീകരണ ശക്തിയായി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടി. ജന്മനാടായ ഷിക്കാഗോവില്‍ നിന്നാണ് ഒബാമ രാജ്യത്തെ അഭിസംബോധന ചെയ്തത്.
പേരെടുത്ത് പറഞ്ഞില്ലെങ്കിലും നിയുക്ത പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ പല നയങ്ങളെയും ഒബാമ വിമര്‍ശിച്ചു. മുസ്ലിം അമേരിക്കക്കാര്‍ക്കെതിരെയുള്ള വിവേചനം താന്‍ നിരാകരിക്കുന്നതായി ഒബാമ പറഞ്ഞു.