Skip to main content
വാഷിംഗ്‌ടണ്‍

barack obamaഇറാഖിലെ യു.എസ് ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിനായി ആവശ്യമെങ്കില്‍ വ്യോമാക്രമണങ്ങള്‍ നടത്താന്‍ സേനയ്ക്ക് അനുമതി നല്‍കിയതായി പ്രസിഡന്റ് ബരാക് ഒബാമ വ്യാഴാഴ്ച അറിയിച്ചു. വ്യോമസേന ഇറാഖിലെ മതന്യൂനപക്ഷങ്ങള്‍ക്കായി ആകാശത്ത് നിന്ന്‍ ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തതായും ഒബാമ കൂട്ടിച്ചേര്‍ത്തു. വടക്കന്‍ ഇറാഖിന്റെ നിയന്ത്രണം കയ്യടക്കിയ തീവ്രവാദ സംഘടന ഇസ്ലാമിക് സ്റ്റേറ്റ് ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരെ തടഞ്ഞുവെച്ചിരിക്കയാണ്‌.

 

ബാഗ്ദാദിലെ സ്ഥാനപതി കാര്യാലയത്തിലേയും എര്‍ബിലിലെ കോണ്‍സു’ലെറ്റിലേയും ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിനായാണ് വ്യോമാക്രമണത്തിന് അനുമതി നല്‍കിയിരുക്കുന്നത്. എന്നാല്‍, ഇസ്ലാമിക് സ്റ്റേറ്റ് പോരാളികള്‍ എര്‍ബിലിലേക്ക് മുന്നേറിയാല്‍ അവര്‍ക്കെതിരെയും വ്യോമാക്രമണമുണ്ടാകുമെന്ന് ഒബാമ വ്യക്തമാക്കിയിട്ടുണ്ട്.

 

പുറംലോകവുമായി ബന്ധപ്പെടാന്‍ അനുവദിക്കാതെ ഒരു കുന്നിന്‍ ചെരുവില്‍ യസീദി എന്ന കുര്‍ദ് ഗോത്രവിഭാഗത്തില്‍ പെടുന്ന പതിനായിരക്കണക്കിന് പേരെ തടഞ്ഞുവെച്ചതിലൂടെ വംശഹത്യ നടത്തുകയാണ് ഇസ്ലാമിക് സ്റ്റേറ്റ് ചെയ്യുന്നതെന്ന് ഒബാമ പറഞ്ഞു. ഇറാഖിലെ ഏറ്റവും വലിയ കൃസ്ത്യന്‍ നഗരമായ ക്വാറകോഷും ഇസ്ലാമിക് സ്റ്റേറ്റ് കീഴടക്കിയിട്ടുണ്ട്. നഗരവാസികളില്‍ 25 ശതമാനവും പ്രദേശം വിട്ടിരിക്കുകയാണ്.   

 

നേരത്തെ, ന്യൂനപക്ഷങ്ങളോട് ഒന്നുകില്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനം നടത്താനോ അല്ലെങ്കില്‍ പ്രദേശം വിടാനോ ആവശ്യപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ് അല്ലെങ്കില്‍ മരണത്തെ നേരിടാന്‍ തയ്യാറായിരിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.