ഫോര്‍ട്ട് ഹൂഡിലെ യു.എസിന്റെ സൈനിക താവളത്തിലുണ്ടായ വെടിവയ്പിൽ അക്രമിയടക്കം നാലു പേർ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. ആർമി ബേസിന് സമീപമുള്ള കാൾ ആർ ഡാർനർ മെഡിക്കൽ സെന്ററിലാണ് വെടിവയ്പുണ്ടായത്. ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്ത ഇവാൻ ലോപ്പസ് (34) എന്ന സൈനികനാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. സംഭവം ഹൃദയഭേദകമെന്നാണ് വാര്‍ത്തയോട് യു .എസ് പ്രസിഡന്റ് ബരാക് ഒബാമ പ്രതികരിച്ചത്.
2011-ല്‍ നാലു മാസത്തോളം ഇറാഖ് ദൗത്യസേനയില്‍ അംഗമായിരുന്ന ഇവാൻ യുദ്ധാനന്തരം കടുത്ത മാനസിക ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് അടുത്തകാലത്തായി ചികിത്സയിലായിരുന്നു. 45 കാലിബര്‍ സ്മിത്ത്, വെസ്സണ്‍ ശസമി ഓട്ടോമാറ്റിക് പിസ്റ്റള്‍ എന്നിവ ഉപയോഗിച്ചാണ് വെടിവയ്പ് നടത്തിയതെന്നും സൈന്യം അറിയിച്ചു. ആക്രമണത്തിനു ശേഷം സ്വയം വെടിവച്ച് ഇയാളും മരിക്കുകയായിരുന്നു.
കൊല്ലപ്പെട്ടവരും പരുക്കേറ്റവരുമെല്ലാം സൈനിക ഉദ്യോഗസ്ഥരാണ്. സംഭവത്തെ തുടര്‍ന്ന് സൈനിക ആസ്ഥാനം പൂട്ടിയിടുകയായിരുന്നു. സൈനികർക്കിടയിലെ അതൃപ്തിയാണ് വെടിവയ്പിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വെടിവയ്പിനെ തുടര്‍ന്ന് സുരക്ഷാഭടന്മാരുടെ നിയന്ത്രണത്തിലായ അടച്ചിട്ട സൈനിക താവളം ബുധനാഴ്ച രാത്രിയോടെ തുറന്നു. സംഭവത്തില്‍ മിലിറ്ററി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2009 നവംബർ അഞ്ചിന് മാലിക് ഹസൻ എന്ന സൈനികൻ ഇതേ സൈനിക ബേസിൽ നടത്തിയ വെടിവയ്പിൽ 13 സൈനികർ കൊല്ലപ്പെട്ടിരുന്നു. കൈയിൽ തോക്കുമായി എത്തിയ മാലിക് ഹസൻ "അള്ളാഹു അക്ബർ, ദൈവം മഹാനാണ്" എന്നു ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് സൈനികര്‍ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഹസന്റെ അരയ്ക്കു താഴെ തളർന്ന് പോയി. കഴിഞ്ഞ വർഷം ആഗസ്റ്റിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഹസൻ ഇപ്പോള്‍ സൈനിക ജയിലിൽ കഴിയുകയാണ്.