ഉക്രെയിന്‍ പ്രധാനമന്ത്രി ആഴ്‌സെനി യാത്സെന്യൂക് യു.എസ് പ്രസിഡന്‍റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തും. റഷ്യന്‍ അധിനിവേശം ചെറുക്കാന്‍ യു.എസ് സഹകരണം അഭ്യര്‍ത്ഥിക്കുകയാണ് ലക്ഷ്യമെന്നാണ് സൂചന. സൈനിക നടപടിക്ക് റഷ്യ കനത്ത വില നൽകേണ്ടിവരുമെന്നാണ് യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ മുന്നറിയിപ്പ്.
റഷ്യയുടെ നീക്കം ഉക്രെയിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്ന് ഒബാമ വ്യക്തമാക്കി. മെയ് 25-ന് നടക്കാന്‍ പോകുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് സഹായവും ആവശ്യപ്പെടുമെന്നും സംസാരമുണ്ട്. ഉക്രെയിനിന്റെ പരമാധികാരത്തിലുള്ള കൈകടത്തലാണ് റഷ്യയുടെ സൈനിക നടപടിയെന്ന് ചൂണ്ടിക്കാട്ടി അമേരിക്കയും ബ്രിട്ടനും അടക്കമുള്ള പാശ്ചാത്യരാജ്യങ്ങൾ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്.
ഉക്രൈന്‍ പ്രതിസന്ധി പരിഹാരിക്കാന്‍ യു.എസ് പ്രസിഡന്‍റ് ബരാക് ഒബാമ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാദിമിര്‍ പുതിന്‍ തള്ളിയിരുന്നു. നയതന്ത്രമാര്‍ഗങ്ങളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും ഉക്രൈനിലെ പുതിയ നേതൃത്വവുമായി നേരിട്ട് റഷ്യ ചര്‍ച്ച നടത്തണമെന്നും ഒബാമ ആവശ്യപ്പെട്ടെങ്കിലും പുതിന്‍ അത് തള്ളി. ഉക്രൈനിലുള്ള റഷ്യന്‍ സൈന്യം പിന്മാറണം, യുക്രൈനില്‍ നടക്കാനിരിക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് പിന്തുണ നല്‍കണം തുടങ്ങിയ ആവശ്യങ്ങളും ഒബാമ മുന്നോട്ടുവെച്ചിരുന്നു.