ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഒരു വാർത്തയ്ക്കെതിരെ സംസ്ഥാന സർക്കാർ നിയമനടപടി സ്വീകരിക്കുമെന്ന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചിരിക്കുന്നു. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ സോളാർ തട്ടിപ്പുകേസില്‍ റിമാൻഡില്‍ കഴിയുന്ന സരിതാ എസ്. നായർ നല്‍കുന്ന മൊഴിയെ സ്വധീനിക്കാൻ മുഖ്യമന്ത്രിക്കുവേണ്ടി ശ്രമം നടത്തിയെന്നുള്ളതാണ് വാർത്ത. അതുസംബന്ധിച്ച ടെലിഫോണ്‍ സംഭാഷണങ്ങളും ഏഷ്യാനെറ്റ് തെളിവായി സംപ്രേഷണം ചെയ്തിരുന്നു. മാധ്യമങ്ങൾക്കെതിരെ സർക്കാർ നിയമനടപടി സ്വീകരിക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നാക്രമണമാണെന്നും എന്തു വിലകൊടുത്തും അത്തരം നീക്കങ്ങളെ നേരിടുമെന്നുമാണ് പ്രതിപക്ഷനേതാവ് പറഞ്ഞിരിക്കുന്നത്.
പ്രതിപക്ഷനേതാവിന് പുറമേ, പലരും സർക്കാരിന്റെ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. ഇത്തരത്തില്‍ രംഗത്തുവന്നിട്ടുള്ളതില്‍ മിക്കവരും അവരുടെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത് മാധ്യമസ്വാതന്ത്ര്യം നിലനില്‍ക്കേണ്ടതിന്റെ ആത്മാർഥമായ ആവശ്യകത ബോധ്യപ്പെടുന്നതിന്റെ പേരിലല്ല. മറിച്ച്, ഇപ്പോൾ സംസ്ഥാന സർക്കാർ അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയില്‍ സർക്കാരിനെയും മുഖ്യമന്ത്രിയേയും മുന്നണിയേയും കൂടുതല്‍ ശക്തിയോടെ പ്രഹരിക്കാൻ കിട്ടുന്ന ഒരു ആയുധം എന്ന നിലയ്‌ക്കേ ഇവരില്‍ പലരുടെയും നിലപാടിനെ കാണാൻ കഴിയുകയുള്ളു. സോളാര്‍ വിഷയത്തില്‍ ഇതുവരെയുള്ള അവരുടെ നിലപാടുകളോട് ചേർന്നുപോകുന്ന രീതിയില്‍ തന്നെയാണ് ഇപ്പോഴുള്ള പ്രതികരണവും.
മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ചില മന്ത്രിസഭാംഗങ്ങളും മാധ്യമങ്ങളെ അകാരണമായി കുറ്റപ്പെടുത്തിക്കൊണ്ടും തങ്ങളുടെ പോരായ്മകളേയും കുറ്റങ്ങളേയും മറച്ചുവയ്ക്കാൻ മാധ്യമങ്ങളുടെ മേല്‍ പഴിചാരുന്നത് അടുത്തകാലത്ത് പതിവായിരുന്നു. അതിലൂടെ മുഖ്യമായും മുഖ്യമന്ത്രിയുടേയും സഹപ്രവർത്തകരുടേയും വിശ്വാസ്യതയാണ് ഇല്ലാതായത്. കാരണം, രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം പ്രശ്നമായപ്പോൾ മുഖ്യമന്ത്രിയും മന്ത്രി കെ.സി ജോസഫും അതിന്റെ എല്ലാ ഉത്തരവാദിത്വവും മാധ്യമങ്ങളുടെ മേല്‍ കെട്ടിവച്ചു. ഒടുവില്‍ ചെന്നിത്തല തന്നെ പത്രസമ്മേളനം നടത്തി പറയുകയുണ്ടായി അതൊന്നും മാധ്യമ സൃഷ്ടിയായിരുന്നില്ലെന്നും അഥവാ മാധ്യമങ്ങളില്‍ വന്നിരുന്നത് ശരിയായിരുന്നുവെന്നും. തുടർന്ന്‍ സോളാർ വിഷയം ചൂടുപിടിച്ച ഓരോ ഘട്ടത്തിലും മുഖ്യമന്ത്രിയും കെ.സി ജോസഫും ഈ നിലപാടാണ് സ്വീകരിച്ചു വരുന്നത്. ഈ സമീപനത്തിന്റെ തുടർച്ചയാണ് സർക്കാർ, ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുന്നത്. അതിനുള്ള അവകാശം സർക്കാറിനും മുഖ്യമന്ത്രിക്കുമുണ്ട്.
സർക്കാറിന്റെ ഈ നീക്കത്തെ മാധ്യമസ്വാതന്ത്ര്യത്തിന് നേരേയുള്ള കടന്നാക്രമണമാണെന്ന്‍ വ്യാഖ്യാനിക്കുന്നത് യുക്തമല്ല. മാധ്യമ ധർമത്തിന്റെ കണ്ണടയില്‍ കൂടി നോക്കുമ്പോൾ പ്രത്യേകിച്ചും. ഈ രാജ്യത്തെ നീതിന്യായ വ്യവസ്ഥിതിയില്‍ വിശ്വാസമുള്ള ആർക്കും ഈ നടപടിയെ സ്വാഗതം ചെയ്യാവുന്നതാണ്. ഒരുപക്ഷേ, മാധ്യമങ്ങളെ നിലയ്ക്കുനിർത്താനുള്ള ഭീഷണിയുടെ ഒരു വഴിയായി ഈ നീക്കത്തെ വേണമെങ്കില്‍ കാണാം. എന്നിരുന്നാലും ഒരു പ്രത്യേക വിഷയത്തില്‍ എന്തെങ്കിലും ആവലാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യം ഈ രാജ്യത്തെ ഓരോ പൗരനും സ്ഥാപനങ്ങൾക്കുമുണ്ട്. ജനാധിപത്യ സംവിധാനത്തിലെ അവസരങ്ങളെ ആരോഗ്യകരമായി നിലനിർത്തുക എന്നത് മാധ്യമ ധർമ്മത്തിന്റെ അവിഭാജ്യഘടകമാണ്. ഇവിടെയും അതാണ് സംഭവിച്ചിരിക്കുന്നത്. സർക്കാർ കോടതിയെ സമീപിച്ചുകൊള്ളട്ടെ. വാർത്ത അടിസ്ഥാനമുളളതോ അതോ അല്ലാത്തതായിരുന്നോ എന്നുള്ളതാണ് അറിയേണ്ടത്. അടിസ്ഥാനമുള്ള വാർത്തയാണെങ്കില്‍ ചാനലിന് വിഷമിക്കേണ്ട ആവശ്യമില്ല. കോടതി തെളിവുകളാണ് നോക്കുക. ആ തെളിവുകൾ ചാനല്‍ ഹാജരാക്കിയാല്‍ മതി. വിശ്വാസ്യത കുറഞ്ഞുവരുന്നു എന്നു മാധ്യമങ്ങൾ വ്യാപകമായ ആക്ഷേപം കേൾക്കുന്ന വർത്തമാനകാല സാഹചര്യത്തില്‍ സർക്കാറിന്റെ ഈ നടപടി ഏതുരീതിയിലായാലും ആരോഗ്യകരമായ ഫലമായിരിക്കും സാമൂഹികമായി ഉണ്ടാക്കുക. ഇവിടെ മാധ്യമങ്ങളെ നിയന്ത്രിക്കാനായി സർക്കാർ പ്രത്യേക നടപടികൾ കൊണ്ടുവരികയല്ല എന്നുള്ളതും ഓർക്കപ്പെടേണ്ടതാണ്. നിജസ്ഥിതി വ്യക്തമാകാൻ ലഭ്യമാകാൻ പൊതുജനത്തെ സംബന്ധിച്ചിടത്തോളം വീണുകിട്ടുന്ന നല്ല അവസരം കൂടിയാണത്. വാർത്ത ശരിയാണെങ്കില്‍ ചാനലിന് പേടിക്കേണ്ടതില്ല. മാത്രവുമല്ല, അങ്ങനെയാണെങ്കില്‍, പേടിയുണ്ടാവേണ്ടത് ഇപ്പോഴത്തെ സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന നേതാക്കൾക്കാണ്. അതിനാല്‍ ഇതിനെ ഒരു വ്യവഹാരമായി കാണുന്നതായിരിക്കും ഉചിതം.