സി.പി.ഐ.എം സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ട് പ്രതിപക്ഷ നേതാവും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവുമായ വി.എസ് അച്യുതാനന്ദന്‍ അയച്ച കത്ത് കേന്ദ്ര കമ്മിറ്റി തള്ളി. വി.എസിന്റെ വിയോജിപ്പോടെ വോട്ടിനിട്ടാണ് കത്ത് തള്ളിയത്. അതേസമയം, വി.എസിനെ വിമര്‍ശിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് പാസാക്കിയ പ്രമേയം ഉള്‍പ്പെടെ സംഘടനാ വിഷയങ്ങള്‍ പരിശോധിക്കാന്‍ പൊളിറ്റ് ബ്യൂറോ കമ്മീഷനെ പാര്‍ട്ടി നിയോഗിച്ചിട്ടുണ്ട്.
സെക്രട്ടറിയേറ്റ് പ്രമേയത്തെ തുടര്‍ന്ന്‍ സംസ്ഥാന സമ്മേളനത്തില്‍ നിന്ന്‍ വിട്ടുനിന്ന വി.എസിന്റെ നടപടി തെറ്റായെന്ന് പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും വിലയിരുത്തി. പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥയിലേക്ക് വി.എസ് തരം താണിരിക്കുന്നു എന്ന പ്രസ്താവന അടങ്ങുന്നതായിരുന്നു വി.എസിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പ്രമേയം. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനിടെ ഇത്തരം പ്രമേയം പാസാക്കുന്നത് സംഘടനാ വിരുദ്ധമാണെന്ന വി.എസിന്റെ വാദവും പി.ബി കമ്മീഷന്‍ പരിശോധിക്കും.
ടി.പി ചന്ദ്രശേഖരന്‍ വധവും ലോകസഭാ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലും സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍റെ നിലപാടുകളെ വിമര്‍ശിച്ചുകൊണ്ടാണ് വി.എസ് കത്തയച്ചത്. ഈ കത്ത് പരസ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് സംസ്ഥാന സമ്മേളനത്തിന് തലേദിവസം സെക്രട്ടറിയേറ്റ് പ്രമേയം പാസാക്കിയത്.
കത്തിലെ വി.എസിന്റെ നിലപാടുകള്‍ സംസ്ഥാന കമ്മിറ്റിയും സംസ്ഥാന സെക്രട്ടറിയേറ്റും നേരത്തെ ഏകകണ്ഠമായി തള്ളിയതാണെന്നും കത്തിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും പാര്‍ട്ടിവിരുദ്ധവുമാണെന്നുമായിരുന്നു പ്രമേയത്തില്‍ പറഞ്ഞിരുന്നത്.