ഡല്‍ഹി മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനത്ത് നടന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങ് കേജ്രിവാളിനും ആറു മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
മനീഷ് സിസോദിയ ഉപമുഖ്യമന്ത്രി ആയിരിക്കും. അസിം അഹമ്മദ് ഖാന്‍, സന്ദീപ് കുമാര്‍, സത്യേന്ദ്ര ജെയ്ന്‍, ഗോപാല്‍ റായ്, ജിതെന്ദര്‍ സിങ്ങ് തോമര്‍ എന്നിവരാണ് മന്ത്രിസ്ഥാനമേറ്റ മറ്റ് നേതാക്കള്‍.
ഒരാഴ്ച മുന്‍പ് നടന്ന തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളില്‍ 67-ലും വിജയിച്ച് ചരിത്രം കുറിച്ചാണ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാര്‍ ദേശീയ തലസ്ഥാന പ്രദേശത്ത് രണ്ടാമതും അധികാരത്തില്‍ എത്തുന്നത്. 2012 ഒടുവില്‍ നടന്ന തെരഞ്ഞെടുപ്പിന് ശേഷം കേവല ഭൂരിപക്ഷമില്ലാതിരുന്ന പാര്‍ട്ടി കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ജനലോക്പാല്‍ ബില്ലിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ 49 ദിവസം മാത്രം പൂര്‍ത്തിയായ മന്ത്രിസഭ രാജിവെച്ചതിന് കൃത്യം ഒരുവര്‍ഷം തികയുന്ന ദിവസമാണ് കേജ്രിവാള്‍ വീണ്ടും മുഖ്യമന്ത്രി പദവിയില്‍ എത്തുന്നത്.