Skip to main content

കാരക്കാസ്: ഞായറാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥി നിക്കോളാസ് മദുരോ വെനസ്വലയില്‍ ഹുഗോ ഷാവേസിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടു. മദുരോ 50.66 ശതമാനം വോട്ട് നേടിയപ്പോള്‍ എതിരാളി ഹെന്റിക് കാപ്രിലസ് റഡോന്‍സ്കിക്ക് 49.07 ശതമാനം വോട്ട് ലഭിച്ചു. ഷാവേസ് ക്യൂബയില്‍ അര്‍ബുദ ചികിത്സയില്‍ ആയിരുന്ന സമയം മുതല്‍ ആക്ടിംഗ് പ്രസിഡന്‍റ് ആയി പ്രവര്‍ത്തിക്കുകയായിരുന്നു അമ്പതുകാരനായ മദുരോ.

 

ഷാവേസിനെതിരെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്ന മിറാന്‍ഡ പ്രവിശ്യയിലെ ഗവര്‍ണ്ണര്‍ കൂടിയായ കാപ്രിലസ് ഫലം അംഗീകരിക്കാന് വിസമ്മതിച്ചു. വീണ്ടും വോട്ടെണ്ണണമെന്നു അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഫലം പുന:പരിശോധിക്കില്ലെന്ന് ദേശീയ തിരഞ്ഞെടുപ്പ് കൌണ്‍സില്‍ മേധാവി തിബിസേ ലുസേന അറിയിച്ചു.

 

ട്രേഡ് യൂണിയന്‍ നേതാവായി രാഷ്ട്രീയത്തില്‍ പ്രവേശിച്ച നിക്കോളാസ് മദുരോ ബസ് ഡ്രൈവര്‍ ആയാണ് തൊഴില്‍ ജീവിതം ആരംഭിച്ചത്. ഷാവേസിന് കീഴില്‍ വൈസ് പ്രസിഡന്റായിരുന്ന മദുരോയെ തന്റെ പിന്‍ഗാമിയായി കഴിഞ്ഞ ഡിസംബറില്‍ ഷാവേസ് പ്രഖ്യാപിച്ചിരുന്നു. ഷാവേസ് തുടങ്ങി വച്ച ‘ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ  സോഷ്യലിസ’ത്തിനായുള്ള ശ്രമങ്ങള്‍ തുടരുമെന്ന്‍ അറിയപ്പെടുന്ന സായിബാബ ഭക്തന്‍ കൂടിയായ മദുരോ തിരഞ്ഞെടുപ്പ് റാലികളില്‍ പ്രഖ്യാപിച്ചിരുന്നു.