സ്‌കൂള്‍ കൗണ്‍സലര്‍ എന്ന ആന്റിബയോട്ടിക് ചികിത്സ

ഗ്ലിന്റ് ഗുരു
Fri, 24-07-2020 09:20:00 PM ;

കൊച്ചി നഗരത്തിലെ മുന്തിയ സ്‌കൂളിലെ അദ്ധ്യാപിക. തന്റെ സ്‌കൂളിലെത്തുന്ന കുട്ടികളെ അവര്‍ കുഞ്ഞുങ്ങള്‍ എന്നാണ് പരാമര്‍ശിക്കുന്നത്. അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ അദ്ധ്യാപികയുടെ സ്വാസ്ഥ്യവും കെടുത്തുന്നു. ഓരോ കുട്ടിയും ഓരോ പ്രശ്നമായാണ് മുന്നില്‍ കാണപ്പെടുന്നതെന്നാണ് അവര്‍ പറയുന്നത്. ചില കുട്ടികളെ ചേര്‍ത്ത് പിടിച്ച് സ്വാന്തനിപ്പിക്കാറുണ്ട്. ചില കുട്ടികള്‍ മനസ്സു തുറക്കുമ്പോള്‍ സ്നേഹത്തോടെ കേള്‍ക്കുകയും ചെയ്യുന്നു. പക്ഷേ പലപ്പോഴും എന്താണ് അവരോട് പറയേണ്ടതെന്ന്  തനിക്കറിയില്ലെന്ന് ഈ അദ്ധ്യാപിക പറയുന്നു. അതിനാല്‍ ഈ കുട്ടികളുടെ പ്രശ്നങ്ങള്‍ എല്ലാം സ്‌കൂള്‍ കൗണ്‍സലര്‍മാരുടെ മുന്നിലെത്തിക്കും. ' അവര്‍ ഇതിനെ ശാസ്ത്രീയമായി വിശകലനം ചെയ്ത് എന്താണ് പ്രശ്നമെന്ന് കണ്ടെത്തി പരിഹാരം നിര്‍ദ്ദേശിക്കുമല്ലോ' ഈ അദ്ധ്യാപിക പറയുന്നു. തങ്ങളുടെ സ്‌കൂളില്‍ വേണ്ടുവോളം കൗണ്‍സലര്‍മാരുണ്ടെന്നും ഇവര്‍ പറയുന്നു. 

 ഈ കൗണ്‍സലര്‍മാര്‍ ഇടപെട്ട് പരിഹരിക്കപ്പെട്ട കുട്ടികളുടെ പ്രശ്നങ്ങള്‍ ഏതൊക്കെയാണെന്ന് ഓര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ടോ എന്ന് ഈ അദ്ധ്യാപികയോട് ചോദിച്ചു. പെട്ടെന്ന് അവര്‍ക്ക് ഉത്തരം പറയാന്‍ കഴിഞ്ഞില്ല. അവര്‍ ആലോചനയില്‍ മുഴുകി. ' അല്ല കൗണ്‍സലര്‍മാര്‍ തങ്ങളുടെ പ്രശ്നം ശ്രദ്ധിക്കുമ്പോള്‍ ഒരു പരിഹാരമുണ്ടാകുമെന്ന വിശ്വാസം കുട്ടികളിലുണ്ടാകുമല്ലോ' .അതായിരുന്നു അവരുടെ ഉത്തരം. കൗണ്‍സലര്‍മാരുടെ ശാസ്ത്രീയമായ ഇടപെടലിലൂടെ മാനസിക സംഘര്‍ഷത്തില്‍ നിന്നും സ്വഭാവ വൈകല്യത്തില്‍ നിന്നും പുറത്തു വന്ന കുട്ടികളുടെ മുഖം ഈ അദ്ധ്യാപികയുടെ മനസ്സില്‍ തെളിഞ്ഞില്ല. അതേ സമയം സംഘര്‍ഷങ്ങളിലുഴലാത്ത കുട്ടികളുടെ മുഖം എത്ര തെരഞ്ഞിട്ടും ഈ അദ്ധ്യാപിക്ക് ഓര്‍ത്തെടുക്കാനും പറ്റുന്നില്ല. ബാല്യത്തിന്റെ പ്രസരിപ്പോടെ ഒരു കുട്ടിയെ പോലും തന്റെ സ്‌കൂളില്‍ കാണാന്‍ കഴിയുന്നില്ലെന്നും അവര്‍ പറയുകയുണ്ടായി. എന്നിട്ടവര്‍ ആത്മഗതമെന്നോണം പറഞ്ഞു' എങ്ങനെയാണ് വേര്‍പിരിഞ്ഞ ദമ്പതിമാരുടെ കുഞ്ഞുങ്ങളുടെ മുഖത്ത് പ്രസരിപ്പ് വരിക?. ഞാനും ചേട്ടനും തമ്മില്‍ എന്തെങ്കിലുമൊന്ന് മുഖം കറുത്ത് സംസാരിച്ചാല്‍ തന്നെ ഞങ്ങളുടെ  മക്കള്‍ അനുഭവിക്കുന്ന വിഷമം ഞങ്ങള്‍ക്കറിയാം. അതിനാല്‍ ഇപ്പോള്‍ ഞങ്ങളൊരു തീരുമാനമെടുത്തു. എത്ര ദേഷ്യം വന്നാലും മക്കളുടെ മുന്നില്‍ അതു പ്രകടിപ്പിക്കരുതെന്ന്. എനിക്ക് അത്ര പൂര്‍ണ്ണമായി അതില്‍ വിജയിക്കാന്‍ പറ്റുന്നില്ലെങ്കിലും ചേട്ടന് അത് പറ്റുന്നുണ്ട്. അപ്പോ ഈ വിവാഹമോചനം നേടിയ കുട്ടികളുടെ അവസ്ഥ എന്തായിരിക്കും?'. അദ്ധ്യാപിക ഉറക്കെ ചിന്തിക്കുന്നു. 

സമൂഹവും വിദ്യാഭ്യാസ സ്ഥാപനങ്ങളും വളരെ യാന്ത്രികമായാണ് വിഷയങ്ങളെ കാണുന്നത്. അതാണ് ഏറ്റവും ആധുനികവും ശാസ്ത്രീയവുമെന്ന് കരുതുകയും ചെയ്യുന്നു. അതിന്റെ ഭാഗമാണ് മുന്തിയ സ്‌കൂളുകാര്‍ ഇപ്പോള്‍ കൗണ്‍സലര്‍മാരുടെ പെരുമയും എണ്ണവും ഉയര്‍ത്തിക്കാട്ടി മുന്തിയ ഫീസും വാങ്ങുന്നു. ഇവിടെ സംഭവിക്കുന്നത് അടിസ്ഥാന വിഷയമാണ്. ഇപ്പോഴത്തെ കുട്ടികള്‍ക്ക് വിവരം ലഭിക്കാനാണെങ്കില്‍ അദ്ധ്യാപകരുടെ ആവശ്യമില്ല. അദ്ധ്യാപകരെക്കാള്‍ മികച്ച രീതിയില്‍ അത് അവര്‍ക്ക് നെറ്റില്‍ നിന്ന് ശേഖരിക്കാനറിയാം. അപ്പോള്‍ അദ്ധ്യാപകരുടെ പങ്ക് എന്ത് ? അദ്ധ്യാപകര്‍ക്ക് എന്നും ഒരു റോള്‍ മാത്രമേ ഉള്ളു. തങ്ങളുടെ മുന്നിലെത്തുന്ന കുട്ടികളുടെ സമഗ്രമായ വികാസമാണത്. കാലം എത്ര മാറിയാലും അതില്‍ മാറ്റം ഉണ്ടാവില്ല. കാരണം ഏതു സാങ്കേതികവിദ്യ വന്നാലും മനുഷ്യന്‍ മനുഷ്യനായി തുടരുന്നിടത്തോളം കാലം അവനിലെയും അവളിലെയും മനുഷ്യത്വത്തെ അതിന്റെ സാധ്യതകളിലേക്കും പരിഷ്‌കൃതഭാവത്തിലേക്കും ഉയര്‍ത്തുക എന്നതു തന്നെ. അതിന് സഹായിക്കുക. അദ്ധ്യാപക ദൗത്യം അതാണ്. 
         

ഇവിടെ നടക്കുന്നത് വിവരം കൈമാറാന്‍ ഒരാള്‍. അത് അദ്ധ്യാപകര്‍. വൈകാരികതകള്‍ കൈകാര്യം ചെയ്യാന്‍ കൗണ്‍സലര്‍മാര്‍. ഇത് തല്‍ക്കാലം ചെറിയ പരിഹാരങ്ങള്‍ക്ക് കാരണമാകുമെങ്കിലും പ്രശ്നപരിഹാരം സങ്കീര്‍ണ്ണമായി തന്നെ തുടരും. അതിന്നര്‍ത്ഥം ഈ കൗണ്‍സലര്‍മാരെ സ്‌കൂളുകളില്‍ നിന്ന് ഒഴിവാക്കണമെന്നല്ല. ഇന്നത്തെ വിവരദായകരായ അദ്ധ്യാപകസമൂഹത്തില്‍ കൗണ്‍സലര്‍മാര്‍ ആവശ്യം തന്നെ. അതുമില്ലെങ്കില്‍ കുട്ടികള്‍ വിഷമത്തിലാകും. ചുരുങ്ങിയ പക്ഷം എവിടേക്കെങ്കിലും തിരിയാനുള്ള ഒരവസരമെങ്കിലും കൗണ്‍സലര്‍മാര്‍ നല്‍കുന്നു.
         

ഈ വിഷയത്തിന് ഗുണകരമായ മാറ്റം സംഭവിക്കണമെങ്കില്‍ അദ്ധ്യാപക തലത്തിലാണ്  പരിവര്‍ത്തനം സംഭവിക്കേണ്ടത്. അവിടെ മാറ്റം വരാത്തിടത്തോളം കുട്ടികളുടെ സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണ്ണമായി തുടുരുകയും അത് സാമൂഹിക പ്രശ്നങ്ങളായി വളര്‍ന്നു പന്തലിക്കുകയും ചെയ്തുകൊണ്ടിരിക്കും. കുട്ടികള്‍ രൂപപ്പെടുന്നത് പ്രധാനമായും രണ്ടു ഇടങ്ങളിലാണ്. ഒന്ന് വീട്ടിലും മറ്റൊന്ന് സ്‌കൂളിലും. എത്ര വിരുദ്ധാന്തരീക്ഷത്തില്‍ നിന്നാണ് ഒരു കുട്ടി സ്‌കൂളില്‍ വരുന്നതെങ്കിലും സ്‌കൂളിലെ അന്തരീക്ഷം അവനോ അവള്‍ക്കോ ആസ്വാദ്യമായാല്‍ ആ കുട്ടി ഒരു പ്രതീക്ഷയുടെ നാമ്പാണ്. വീട്ടിലെ നഷ്ടം ആ കുട്ടി സ്‌കൂളില്‍ നിന്ന് പരിഹരിക്കും. മനുഷ്യന്റെ സ്വഭാവരൂപീകരണം ഒരിക്കലും യാന്ത്രികമായി നടക്കില്ല. അത് ജൈവപ്രക്രീയയാണ്. മാതാപിതാക്കള്‍ കഴിഞ്ഞാല്‍ കുട്ടികളെ ഇന്നും സ്വാധീനിക്കുന്നത് അദ്ധ്യാപകര്‍ തന്നെ. അതിന് അദ്ധ്യാപകര്‍ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. അവര്‍ അദ്ധ്യാപകന്റെ റോളിലേക്ക് പ്രവേശിക്കുകയേ വേണ്ടു. 
             

കുട്ടികളുമായി ചെലവഴിക്കുന്ന ഓരോ നിമിഷവും അദ്ധ്യാപകന്‍ പഠിപ്പിക്കുന്നതിനേക്കാള്‍ കുട്ടികള്‍ പഠിക്കുന്നത് അദ്ധ്യാപകന്‍ എങ്ങനെ പഠിപ്പിക്കുന്നത് പ്രാവര്‍ത്തികമാക്കുന്നു എന്നതാണ്. അത് അബോധപൂര്‍വ്വമായി കുട്ടികളുടെ ഉള്ളിലേക്ക് പ്രവേശിക്കുന്നതും പ്രവേശിക്കേണ്ടതുമാണ്. ഉദാഹരണത്തിന് ഗാന്ധിജിയെ കുറിച്ച് പഠിപ്പിക്കുന്ന അദ്ധ്യാപിക. പാഠപുസ്തകത്തിലെ ഭാഗങ്ങള്‍ പഠിപ്പിക്കുക വളരെ എളുപ്പമാണ്. എന്നാല്‍ ഗാന്ധിജി എന്ന ആശയം അല്ലെങ്കില്‍ സന്ദേശം എന്താണ്. അത് എങ്ങനെ പ്രാവര്‍ത്തികമാക്കാം. അഹിംസ. അഹിംസയെ എങ്ങനെ കുട്ടികളിലേക്ക് സന്നിവേശിപ്പിക്കാന്‍ കഴിയും. അതിന് തന്റെ ഭാഗത്തുനിന്ന് എന്തു തയ്യാറെടുപ്പുകള്‍ വേണം എന്ന ചിന്ത വരുമ്പോള്‍ അദ്ധ്യാപകനായാലും അദ്ധ്യാപികയായാലും സ്വയം അതറിയാനും ഒരു പരിധിവരെയെങ്കിലും പ്രവൃത്തിയില്‍ കൊണ്ടുവരാനും തയ്യാറാകേണ്ടിവരും. ചുരുങ്ങിയ പക്ഷം കുട്ടികളുടെ പ്രകോപനപരമായ പെരുമാറ്റം ക്ലാസ്സിലുണ്ടായല്‍ എങ്ങനെയാണ് അഹിംസയിലൂടെ അതിനെ കൈകാര്യം ചെയ്യാന്‍ കഴിയുക എന്നത് അദ്ധ്യാപകര്‍ക്ക് വശമുണ്ടാകണം. അത് ആ വിധത്തില്‍ കൈകാര്യം ചെയ്യുമ്പോള്‍ കുട്ടികള്‍ അത് ശ്രദ്ധിക്കും ആ ശ്രദ്ധയില്‍ നിന്നാണ് വിദ്യ്ാഭ്യാസം സംഭവിക്കുന്നത്. അഹിംസയുടെ സാധ്യതയും സര്‍ഗ്ഗാത്മകതയും പുതിയ രീതികളും കുട്ടികള്‍ അറിയാതെ അവരുടെ ഉപബോധതലങ്ങളില്‍ പതിക്കുകയും ചെയ്യും. മൂന്നു വയസ്സിനകം കുട്ടികള്‍ തങ്ങളുടെ ജീവിതത്തിനു വേണ്ട എഴുപതോളം ശതമാനം കാര്യങ്ങള്‍ ചുറ്റുപാടുകളില്‍ നിന്ന് ശേഖരിച്ചിരിക്കും. അത് അവരെ ആരും പഠിപ്പിക്കുന്നതല്ല. മറിച്ച് ഭാഷയുള്‍പ്പെടെ എല്ലാം അവര്‍ ശ്രദ്ധയില്‍ നിന്ന് പഠിക്കുന്നതാണ്. പഠനം എപ്പോഴും ശ്രദ്ധയില്‍ മാത്രമേ സംഭവിക്കുകയുള്ളു. അതാകട്ടെ പരോക്ഷമായി സംഭവിക്കേണ്ടതുമാണ്. 

ഈ അദ്ധ്യാപിക തന്നെ ഒരിക്കല്‍ തന്റെയടുത്ത് എന്തോ വിഷമം പറയാന്‍ വന്ന കുട്ടി വിങ്ങുന്നതു കണ്ടപ്പോള്‍ അതിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച ഉദാഹരണം പറയുകയുണ്ടായി. ആയിരം കൗണ്‍സലര്‍മാര്‍ വിചാരിച്ചാല്‍ പോലും പകര്‍ന്നു നല്‍കാന്‍ പറ്റാത്തതാണ് അപ്പോള്‍ അവര്‍ ആ കുട്ടിക്ക് നല്‍കിയത്. ആ നിമിഷം ആ കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്ഥിരനിക്ഷേപമായി മാറിയിട്ടുമുണ്ടാകും. എത്ര വിദ്യാഭ്യാസമുണ്ടായാലും ധനമുണ്ടായാലും മനുഷ്യഭാവത്തിന്റെ മേന്മയിലേക്ക് പോകാന്‍ കഴിയാത്തതുകൊണ്ടാണ് അവരുടെ കുട്ടികള്‍ സംഘര്‍ഷത്തില്‍ ജീവിക്കുന്നത്. അതുപോലെ അദ്ധ്യാപകരും ആകേണ്ടത് ആ പരിവര്‍ത്തനതലത്തിലേക്കാണ്. കുട്ടികള്‍ നേരിടുന്ന ഈ ഗുരുതര പ്രശ്നത്തിന് ചെറിയൊരു ഗുണകരമായ മാറ്റമെങ്കിലും വരണമെങ്കില്‍ അദ്ധ്യാപകരിലൂടെ മാത്രമേ സാധ്യമാകൂ. അവരെ ഒഴിവാക്കിയിട്ട് കൗണ്‍സലര്‍മാരിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയാണെങ്കില്‍ അത് ലക്ഷണ ചികിത്സയുടെ ഗതിയിലെത്തും. 
         

അടിയന്തിര ഘട്ടത്തില്‍ വേണ്ടത് അലോപ്പതി ചികിത്സയാണ്. അതൊരു ചികിത്സാ ശാസ്ത്രമാണ്. അല്ലാതെ ആരോഗ്യശാസ്ത്രമല്ല. ഇന്ന് അലോപ്പതി ചികിത്സയുടെ പിന്നിലെ പ്രേരകഘടകം ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ കൊള്ളലാഭമാണ്. അല്ലാതെ ജനാരോഗ്യമല്ല. അതുകൊണ്ട് ഇന്ന് ലോകത്ത്‌ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ രോഗാവസ്ഥയില്‍ പെടുന്നത് ചികിത്സയിലൂടെയാണ്. ലക്ഷണചികിത്സയുടെ ഫലമായിട്ടാണത്. ഒരിക്കലും അലോപ്പതി ചികിത്സയിലൂടെ ആരോഗ്യം നേടാന്‍ കഴിയില്ല. ചില രോഗങ്ങളെ ചികിത്സിച്ച് ഭേദമാക്കാനേ കഴിയൂ. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ തന്ത്രപരമായ ആഗോള ശ്രമത്തിന്റെ ഭാഗമായി ആരോഗ്യരംഗത്തിന്റെ കുത്തക അലോപ്പതി ചികിത്സകരിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു. ആ സമീപനത്തിന്റെ വെളിച്ചത്തിലുള്ള ശാസ്ത്രീയ സമീപനമാണ് സ്‌കൂളിലെ കൗണ്‍സലര്‍മാരിലൂടെയും ശ്രമിക്കുന്നത്. ഒരു ഘട്ടം കഴിയുമ്പോള്‍ ഈ കൗണ്‍സലര്‍മാര്‍ കുട്ടികളെ സൈക്യാട്രിക് ഡോക്ടര്‍മാരുടെ അടുത്തേക്ക് നയിക്കുകയും ചെയ്യുന്നു. അതോടെ മരുന്നുകളെ ആശ്രയിക്കാനും ആരംഭിക്കുകയായി. ഇതിന്റെ പിന്നിലും ബഹുരാഷ്ട്ര മരുന്നുകമ്പനികള്‍ ഉണ്ടെന്നുള്ള കാര്യം ഓര്‍ക്കേണ്ടതാണ്. 

മരുന്നുകമ്പനികളുടെ ഈ തന്ത്രത്തിന്റെ വിജയമാണ് തങ്ങള്‍ നിസ്സഹായരും കൗണ്‍സലര്‍മാരാണ് കുട്ടികളുടെ പ്രശ്നം കൈകാര്യം ചെയ്യാന്‍ ശാസ്ത്രീയമായി യോഗ്യതയുള്ളവരുമെന്ന് അദ്ധ്യാപകര്‍ തന്നെ കരുതുന്നത്. വാക്കിലും നോട്ടത്തിലും ചലനത്തിലും സ്വരത്തിലും തങ്ങള്‍ പറയുകയും പാഠ്യപദ്ധതിയുടെ ഭാഗമായി പഠിപ്പിക്കുകയും ചെയ്യുന്നതിന്റെ കാല്‍ഭാഗമെങ്കിലും തങ്ങളുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ അതു തന്നെ ധാരാളം . പ്രത്യേകിച്ച് ഒന്നും ചെയ്യാതെ തന്നെ കുട്ടികളില്‍ ഗുണകരമായ മാറ്റമുണ്ടാവുകയും വലിയ സാമൂഹ്യപ്രശ്നങ്ങള്‍ക്ക് പരിഹാരമാവുകയും ചെയ്യും. തിരിച്ചറിയേണ്ടത്, പ്രശ്നം കുട്ടികളിലല്ല. മറിച്ച് അദ്ധ്യാപകരിലാണ്. 
             

 

 

Tags: