സിനിമയും രാഷ്ട്രീയവും കെട്ടുപിണഞ്ഞു കിടക്കുമ്പോള്‍ ഏതെങ്കിലും ഒന്നിന്റെ അമരത്ത് കയറിപ്പറ്റിയില്ലെങ്കില്‍ ജീവിതം പാഴായിപ്പോകുമെന്ന ചിന്തയാണ് തമിഴകത്തെ സിനിമാക്കാര്‍ക്കുള്ളത്. സിനിമയിലൂടെ രാഷ്ട്രീയത്തിന്റെ ദിശാബോധം സൃഷ്ടിച്ച അണ്ണാദുരെയും കരുണാനിധിയും എം.ജി രാമചന്ദ്രനും ജയലളിതയുമൊക്കെ അവരുടെ ഞരമ്പുകളില്‍ ത്രാസം സൃഷ്ടിച്ചില്ലെങ്കില്‍ മാത്രമേ അത്ഭുതമുള്ളു.
സിനിമ രാഷ്ട്രീയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് മനസ്സിലാക്കിയ നടനാണല്ലോ ക്യാപ്റ്റന്‍ വിജയകാന്ത്. പതിനഞ്ചു വര്‍ഷക്കാലം രാഷ്ട്രീയത്തില്‍ വിലസാന്‍ കഴിഞ്ഞ ആ നടന്‍ നിയമസഭയിലെ പ്രതിപക്ഷനേതാവുവരെയായി. ഇപ്പോള്‍ എല്ലാ പ്രതാപങ്ങളും കെട്ടടങ്ങി രോഗിയായി വീട്ടിലിരിപ്പുമായി.
സിനിമ രാഷ്ട്രീയത്തിലേക്കുള്ള ചവിട്ടുപടിയായി കാണുന്ന യുവ ചലച്ചിത്ര താരങ്ങള്‍ തമിഴകത്ത് ഒട്ടും കുറവല്ല. യുവതരംഗത്തില്‍ ഏറെ ശ്രദ്ധേയനായ നടന്‍ വിജയിക്കും രാഷ്ടീയാഭിമുഖ്യമുെണ്ടന്ന് വളരെ മുമ്പുതന്നെ കേട്ടതാണ്. എന്നാല്‍ ഈ നടനില്‍ നിന്ന് കാര്യമായ പ്രതികരണമൊന്നും അതിനു ശേഷം ഉണ്ടായിരുന്നില്ല. പുരട്ചിത്തലൈവി ജയലളിത കട്ടയും പടവും മടക്കി സ്ഥലംവിട്ടതോടെ രജനീകാന്തും കമലഹാസനും ആഹ്വാനങ്ങളുമായി രംഗത്തെത്തിയിരുന്നു. അതിനിടക്കാണ് ദളപതി വിജയിയുടെ രാഷ്ട്രീയപ്രവേശന വാര്‍ത്ത കോടമ്പാക്കത്ത് വളര്‍ന്നു പന്തലിച്ചത്. അതുണ്ടാക്കിയ പുകിലുകള്‍ ഒട്ടൊന്നുമായിരുന്നില്ല.
ഒരാഴ്ച മുമ്പാണ് വിജയിയുടെ പിതാവ് മുന്‍കാല സംവിധായകന്‍ എസ്.എ ചന്ദ്രശേഖര്‍ വടപളനിയിലെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനു മുന്നില്‍ ഹാജരാകുന്നത്. താന്‍ മകന്റെ ഫാന്‍സിന്റെ പേരില്‍ പാര്‍ട്ടി രൂപീകരിക്കുന്നു. അഖിലേന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കം. അതിനുള്ള അനുമതി താമസിയാതെ പാസ്സാക്കിത്തന്നു സഹായിക്കണം. അവന്‍ ഭാവിയിലെ തമിഴ്‌നാടു മുഖ്യന്ത്രി ആകേണ്ടവനാണ് എന്ന് പറയണമെന്നു തോന്നിയെങ്കിലും പറഞ്ഞില്ല. അപേക്ഷ കൈമാറുമ്പോള്‍ ആ അച്ഛന്റെ സര്‍വാംഗം രോമാഞ്ചമണിയുകയായിരുന്നു. കമ്മിഷന്‍ സാകൂതം ചന്ദ്രശേഖറിനെ അടിമുടി ഒന്നു വീക്ഷിച്ച ശേഷം അപേക്ഷ വാങ്ങി പരിശോധിച്ചു.
പാര്‍ട്ടി സെക്രട്ടറി- എസ് എ ചന്ദ്രശേഖര്‍.
പ്രസിഡന്റ്- പത്മനാഭന്‍. (വിജയ് ഫാന്‍സിന്റെ സമുന്നത പ്രവര്‍ത്തകന്‍).
ട്രഷറര്‍: ശോഭ (വിജയിയുടെ അമ്മ).
പിറ്റേ ദിവസം വാര്‍ത്ത പുറത്തുവന്നതോടെ വിജയ് രോഷാകുലനായി. “ഞാനറിയാതെ എന്റെ പേരില്‍ പാര്‍ട്ടിയോ?” പത്രക്കാരെ വിളിച്ച് തനിക്ക് ആ പര്‍ട്ടിയുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് പ്രസ്താവിക്കുന്നു. അതോടെ അഖിലേന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കം സെക്രട്ടറിയുടെ കാറ്റുപോയി എന്നു മാത്രമല്ല, പ്രസിഡന്റ് സ്ഥാനത്തു നിന്ന് പിന്‍മാറുന്നതായി പത്മനാഭനും ട്രഷറര്‍ സ്ഥാനം വലിച്ചെറിയുന്നതായി വിജയിയുടെ അമ്മ ശോഭയും അറിയിച്ചതോടെ പാര്‍ട്ടി
ഗര്‍ഭപാത്രത്തില്‍ത്തന്നെ അലസി. താനറിയാതെയാണ് തന്നെ ട്രഷറര്‍ ആക്കിയതെന്ന് അമ്മ പ്രസ്താവിക്കുകയും ചെയ്തു. അലസല്‍വാര്‍ത്ത കോടമ്പാക്കത്ത് ബഹുവര്‍ണത്തില്‍ പാറിപ്പറന്നപ്പോള്‍ ജനത്തിനു ഹരമായി. താമസിയാതെ നിലവിലുള്ള അഖിലേന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന ഫാന്‍സ് സംഘടന വിജയ് പിരിച്ചുവിടുകയും പുതിയ ഭരവാഹികളെ സംഘടിപ്പിച്ച് മറ്റൊരെണ്ണം തട്ടിക്കൂട്ടുകയും ചെയ്യുന്നു. തന്റെ പിതാവ് സൃഷ്ടിച്ച പാര്‍ട്ടിയുമായി ഫാന്‍സിലെ ആരെങ്കിലും ബന്ധപ്പെടുന്നുെങ്കില്‍ അവരുടെ ഭാവി അവതാളത്തിലാകുമെന്ന് ഭീഷണി സ്വരത്തില്‍ വിജയ് താക്കീതു നല്‍കുകയും ചെയ്തു.
അച്ഛനും മകനും തമ്മിലുള്ള പോരാട്ടം പുതിയ തലത്തിലേക്ക് നീങ്ങിയതു പെട്ടെന്നായിരുന്നു. അഭ്രപാളികളില്‍ നിന്ന് പൊട്ടിവീണ സൂപ്പര്‍ താരങ്ങള്‍ തമിഴക രാഷ്ട്രീയത്തില്‍ നിറഞ്ഞുതുളുമ്പാന്‍ പോകുകയാണെന്നും അക്കൂട്ടത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തിനു യഥാര്‍ത്ഥ അവകാശി യുവാക്കളുടെ മനം കവരുന്ന വിജയ് ആണെന്നും അപ്പന്‍ വിശ്വസിക്കുന്നുണ്ടാകണം. ഫാന്‍സ് അസ്സോസിയേഷന്റെ ചുമതലയുള്ള ആനന്ദിന്റെ പിടിയിലാണ് വിജയ് എന്നും അതാണ് പാര്‍ട്ടിക്കെതിരെ മകന്‍ രംഗത്തു വന്നതെന്നും എസ്.എ ചന്ദ്രശേഖര്‍ ആരോപിച്ചു. പിറ്റേ ദിവസം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനു മുന്നിലെത്തി അപേക്ഷ മടക്കി വാങ്ങുമ്പോള്‍ എസ്.എ ചന്ദ്രശേഖര്‍ ആലോചിച്ചിട്ടുണ്ടാവും: അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റേയും അന്ധകാരമാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിക്കുന്ന ദ്രാവിഡ കക്ഷികള്‍ സൃഷ്ടിച്ച അരാജകത്വത്തില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കാന്‍ ശ്രമിച്ചാലും മോന്‍ സമ്മതിക്കില്ല. നോക്കണേ തമിഴകത്തിന്റെ ഗതികേട്!!
മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് പി.കെ ശ്രീനിവാസന്‍.