വൈറ്റ് ലില്ലിയില്‍ നിന്ന് വൈല്‍ഡ് ലില്ലി പിറക്കുമ്പോള്‍.............!

Thara Krishnan
Wed, 19-08-2020 02:23:22 PM ;

Image Credit: What_Art2020

'ഇതെന്റെ നയപ്രഖ്യാപനമാണ്. ഒപ്പം സ്വാതന്ത്ര്യ പ്രഖ്യാപനവും. ആര്‍ക്കു പിടിച്ചില്ലെങ്കിലും ചേതമില്ല. എനിക്കു വയസ് 68 ആയി. അവര്‍ക്കെന്തു തോന്നും. ഇവര്‍ക്കെന്തു തോന്നും കളി ഇന്നോടെ നിര്‍ത്തി. കൊറോണ വന്നു പടിക്കെ നിന്ന് ഇളിച്ചു കാണിച്ചിട്ടു പോലും നന്നാകാത്തവരെക്കൊണ്ടു മടുത്തിട്ടാണെന്നും കൂട്ടിക്കോ!'

തന്റെ സമ്മതം ചോദിക്കാതെ പിടിച്ചു ചേര്‍ത്തിരുന്ന, ഏഴു വാട്ട്‌സ് ആപ്പ് കൂട്ടായ്മകളില്‍ നിന്നു പുറത്തു ചാടിയ സന്തോഷം പങ്കു വെച്ച്, ഗ്രേസ് ആന്റി എന്നു ഞങ്ങളെല്ലാം നല്ല ഗ്രേസ്സോടെ വിളിക്കുന്ന  റിട്ടയേര്‍ഡ് അധ്യാപിക  ഇട്ട ഫേസ്ബുക്ക് പോസ്റ്റാണിത്. പേരു പോലെ തന്നെ കിട് കിടുവാണ് ആന്റി. ആബാലവൃദ്ധം ജനങ്ങളുടേയും സുഹൃത്ത്, സുന്ദരി, തമാശക്കാരി, സര്‍വോപരി നല്ല മനസ്സിനുടമയും.....! കഴിവതും ഒരാളെയും പിണക്കാറില്ല, എന്ന് സ്വയം ഒരു അഭിമാനമുണ്ട് കക്ഷിക്ക്. അതൊരു നല്ല കാര്യമാണെങ്കിലും, ഇത്രയ്ക്കു മറ്റുള്ളവരെ സഹിച്ചു കൊടുക്കേണ്ടതുണ്ടോ എന്ന്, ഞങ്ങളില്‍ പലര്‍ക്കും തോന്നിയിട്ടുണ്ടെന്നതാണ് വാസ്തവം. ആ കഥാപാത്രമാണ്, മനസ്സു മടുത്ത് എല്ലാ സൗഹൃദ കൂട്ടായ്മകളും വെട്ടി, എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്

കുറച്ചു തിരക്കായതിനാല്‍ ഇന്നലെയാണ് ആന്റിയെ വിളിക്കാന്‍ പറ്റിയത്. പലതും പറഞ്ഞു വന്ന കൂട്ടത്തില്‍, എഫ്.ബി പോസ്റ്റും കടന്നുവന്നു. സൗഹൃദങ്ങളാണെന്റെ ശക്തി, എന്ന് പാടി നടന്ന പാണനാര്‍ക്കിത് എന്തുപറ്റി? എന്ന ചോദ്യത്തിന്  'സത്യം പറ, നിങ്ങള്‍ക്കൊന്നും ഇതു മടുത്തില്ലേ ? ' എന്ന മറുചോദ്യമാണുണ്ടായത്. ഉള്ളതു പറഞ്ഞാല്‍ , വാട്ട്‌സ് ആപ്പ് തുറക്കുമ്പോള്‍ കാണുന്ന സാരോപദേശങ്ങള്‍,.പ്രചോദനാത്മക വചനങ്ങള്‍, ത്രികാല വന്ദനങ്ങള്‍, പിന്നെ പ്രകൃതി ദൃശ്യങ്ങള്‍, ഒക്കെയായി പണ്ടാരടങ്ങി ഇരിക്കുകയാണു നമ്മളും. ഏതെങ്കിലുമൊക്കെ തരത്തില്‍ പ്രിയമുള്ളവരാണ് ഈ ക്രൂരത കാട്ടുന്നതെങ്കില്‍ സഹിക്കാം. ഗ്രൂപ്പുകളിലാകുമ്പോള്‍ ആരെന്നു പോലുമറിയാത്തവരുടെ വികൃതികള്‍ക്കാണു നിന്നു കൊടുക്കേണ്ടത്......! കുറച്ചു കഷ്ടം തന്നെയാണ്  എന്നു സമ്മതിക്കാതെ തരമില്ല.

ഞങ്ങള്‍ രണ്ടു പേരും അംഗങ്ങളായിരുന്ന ഗ്രൂപ്പില്‍, കുറച്ചു നാള്‍ മുമ്പു  നടന്ന അടികലശ്ശലുകള്‍ ശ്രദ്ധിച്ചിരുന്നോ, എന്നായി ആന്റിയുടെ അടുത്ത ചോദ്യം. നാട്ടിലെ അറിയപ്പെടുന്ന ബ്യൂട്ടീഷന്‍ അഡ്മിന്‍ ആയിട്ടുള്ള ഗ്രൂപ്പാണിത്. നല്ലൊരു പൂവിന്റെ പേരുമിട്ടിട്ടുണ്ട് . വല്ലപ്പോഴും മുടിയൊക്കെ കറുപ്പിക്കേണ്ടതു കൊണ്ട്, പിടിച്ചു ചേര്‍ത്തപ്പോള്‍ മിണ്ടാന്‍   പറ്റിയില്ല. 

ഗ്രൂപ്പില്‍ , രാവിലെ നോക്കുമ്പോള്‍, ശോശാമ്മാ ജേക്കബ് ക്വിറ്റ്, ജീനാ സെബാസ്റ്റ്യനും ക്വിറ്റ് .ഉച്ചക്ക് ഗീതാ രമേഷ് സ്ഥലം വിട്ടു. വൈകിട്ട് പേര് സേവ് ചെയ്തിട്ടില്ലാത്ത അഞ്ചെട്ടാളു കൂടി പോയിക്കിട്ടി! ഇത്രയുമാകുമ്പോള്‍, അഡ്മിന്‍ വെറുതെ ഇരിക്കുമോ? പാര്‍ലറിന്റെ പരിസരം വഴിയെങ്കിലും പോയിട്ടുള്ള സകല  മഹാപാപികളയും  പിടിച്ചു ചേര്‍ത്ത് അംഗബലം കൂട്ടി വീണ്ടും ഉഷാറാക്കും. ഇതൊരു  തുടര്‍ക്കഥയാണ്. ഇനി അതില്‍ വരുന്ന പോസ്റ്റുകളോ ?അതിരാവിലെ കണ്ണംതിരുമ്മി വന്ന്, ദൈവ വചനങ്ങള്‍ ഇടുന്ന ഒരാള്‍ ......! എന്റീശോയേ, വയ്യ! പിന്നെ സുന്ദര ദൃശ്യങ്ങള്‍, ലോകാത്ഭുതങ്ങള്‍, തമാശകള്‍, കൂടാതെ  ബ്യൂട്ടീഷന്‍ വക, സൗന്ദര്യ സംരക്ഷണ പൊടിക്കൈകള്‍, ഉല്പന്നങ്ങള്‍, ചികിത്സകള്‍, അങ്ങനെ പോകും ....! 

ഇതിങ്ങനെ പരമ ബോറായി പോകുന്നതിനിടയില്‍, പെട്ടന്നൊരു ദിവസം, അഡ്മിന്‍  ഒരു മൂന്നുനാലു പേരെ പിടിച്ചു പുറത്താക്കിയതായി പ്രഖ്യാപിക്കുന്നു. പിന്നെ ചോദ്യങ്ങളായി. കുറച്ചുപേര്‍ക്കു കാര്യമറിഞ്ഞേ മതിയാകൂ! അഡ്മിന്റെ മറുപടി പലപ്പോഴും ചിന്തോദ്ദീപകമായിരിക്കും നെല്ലിലുണ്ട് പുല്ലിലില്ല, കള്ളിലുണ്ട് കഞ്ചാവിലില്ല, ടൈപ്പ് ക്ലൂ ആണു തരിക. ബ്യൂട്ടീഷന്‍ എന്തു വിചാരിക്കുമെന്നോര്‍ത്ത് വല്ലപ്പോഴും ഒരു തള്ളവിരല്‍ മുദ്രയോ ചിരിയോ ഇടുന്ന നമ്മള്‍, വാ പൊളിച്ചു നില്‍ക്കും. ക്രിയാത്മകമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ക്രാന്ത ദര്‍ശികള്‍ക്കു കാര്യങ്ങള്‍ കൃത്യമായി പിടികിട്ടും. അവര്‍ മറുപടിയായി പഴഞ്ചൊല്ല്, കടങ്കഥ, ലോകത്തെയാകെ പുച്ഛിച്ചു തള്ളി ജീവിക്കേണ്ടതിനെക്കുറിച്ചുള്ള പ്രചോദന ക്വോട്ടുകള്‍ എല്ലാം പോസ്റ്റു ചെയ്തങ്ങു പൊലിപ്പിക്കും. ദിവസങ്ങള്‍ പോകെ, ഒന്നും തുറന്നു നോക്കാതെ തന്നെ ചാറ്റ്  ക്ലിയര്‍ ചെയ്തു വിടുന്ന അവസ്ഥയിലെത്തും നമ്മള്‍.

പക്ഷേ അതും അധിക നാള്‍ ഓടില്ല.....! അഡ്മിന്റെ വിളി വരും. പുതിയ ട്രീറ്റ്‌മെന്റ്  ഡീറ്റെയില്‍സ് ഇട്ടിട്ടുണ്ട് , ലൈക്ക് ചെയ്യണം....! ചെയ്യാതെ പറ്റുമോ, മുടി നരച്ചു പോയില്ലേ? ലൈക്കും ചെയ്ത് രണ്ടുമ്മേം കൊടുക്കും. പിന്നല്ല ..!

അങ്ങനെ പോകുമ്പോഴാണ്, ഗ്രേസ് ആന്റി സൂചിപ്പിച്ച  കൂട്ട അടി കണ്ണില്‍ പെട്ടത്. ഉപ്പൂറ്റി വിണ്ടുകീറുന്നത് പൂര്‍ണ്ണമായി മാറ്റുന്ന എന്തോ ഭയങ്കരമാന ചികിത്സാ രീതി അഡ്മിന്‍ അവതരിപ്പിക്കുന്നു. ഞങ്ങളെല്ലാം പലവിധ മുദ്രകളാല്‍ ജയ് വിളിക്കുന്നു. ഇതിനിടയിലൊരു പരിഷ്‌ക്കാരി വന്നു പറയുന്നു , ഇതു പുതിയതൊന്നുമല്ല , കൊച്ചി പോലുളള വന്‍  നഗരങ്ങളില്‍  നാട്ടു നടപ്പാണെന്ന് . പുറകേ രണ്ടു മൂന്നുപേര്‍ കൂടി  വന്ന്, ബാംഗളൂര്‍ പോലുള്ള രാജ്യങ്ങളില്‍ പെട്ടിക്കടകളില്‍ കൂടി ചെയ്യുന്നതാണിതെന്നു പ്രഖ്യാപിച്ചതോടെ സംഗതി അലമ്പായി. അഡ്മിന് അടി തെറ്റി. പൊതുവേ കൂള്‍ ആണു കക്ഷി. പക്ഷേ ഇത് ചില്ലറ ആരോപണമല്ലല്ലോ. പ്രാകൃതവും പ്രാചീനവുമായ  പാദസംരക്ഷണ ചികിത്സാ രീതി, നൂതനമെന്ന മട്ടില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചു എന്നാണല്ലോ ചാര്‍ജ് . പുള്ളി ഒരു മൂഴു പേജ് വിശദീകരണം നല്കി. ഇന്‍ഗ്രേഡിയന്റ്‌സില്‍ മാറ്റമുണ്ട്, എന്തോ പെറോക്സൈഡിനു  പകരം പെര്‍മാംഗനേറ്റെന്നോ എന്തൊക്കെയോ...!. എന്തരോ എന്തോ ?  

സംസ്ഥാനമായാലും സ്ഥാപനമായാലും വെറുമൊരു ഗ്രൂപ്പായിരുന്നാലും ,അതിന്റെ തലവന് ചില വിശേഷപ്പെട്ട അധികാരങ്ങളുണ്ടല്ലോ. അതുപയോഗിച്ച് , അഡ്മിന്‍  തന്റെ വാദങ്ങളും നിലപാടുകളും വിജയിച്ചു, എന്ന് സ്വയം പ്രഖ്യാപിക്കുകയും, അഞ്ചു വിമത സുന്ദരികളെയും പുറത്താക്കിയതായി അറിയിക്കുകയും ചെയ്യുന്നു. ആ അറിയിപ്പായിരുന്നു ഐറ്റം! അഞ്ചു പേരെയും റിമൂവ് ചെയ്തതായി വന്ന നോട്ടിഫിക്കേഷനു താഴെ, കാല്പാദങ്ങള്‍ കൊണ്ട് ചവിട്ടുന്ന മട്ടിലുള്ള പടം  നല്‍കുക വഴി സര്‍ഗ്ഗാത്മക ചിത്രീകരണത്തിലും തനിക്കു മികവുണ്ടെന്ന്, ഞങ്ങളുടെ  സൗന്ദര്യത്തിന്റെ കാവല്‍ മാലാഖ തെളിയിച്ചു കളഞ്ഞു. സിംബോളിക്ക് പ്രസന്റേഷന്‍ പിടികിട്ടാത്ത  സാധുക്കള്‍ക്കായി,  അഞ്ചിനേയും ചിവിട്ടി പുറത്താക്കി അല്ലേ, എന്ന് ഗോഷ്ടിച്ചിരിയുടെ അകമ്പടിയോടെ, അഡ്മിന്റെ ആത്മ മിത്രം ചോദിക്കുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ ഏവര്‍ക്കും തിരിഞ്ഞു കിട്ടി.

അത്രടം കൊണ്ടു കഥ തീര്‍ക്കാന്‍ ഞങ്ങള്‍ കോട്ടയംകാരെ പ്രതീക്ഷിക്കരുത്. ഇവിടെയാണ് പണ്ട് കാളിദാസന്‍ മാമന്‍ പറഞ്ഞ 'കുസുമേ കുസുമോല്പത്തി വരുന്നത്. ഗ്രൂപ്പില്‍ നിന്ന് ഗ്രൂപ്പുണ്ടാകുന്ന വിദ്യ!

വൈറ്റ് ലില്ലിയില്‍ നിന്ന് ചവിട്ടി പുറത്താക്കപ്പെട്ടവര്‍, പിറ്റേന്നു തന്നെ വൈല്‍ഡ് ലില്ലി എന്നൊരു കിടിലന്‍ ഗ്രൂപ്പുണ്ടാക്കി, പഴയ ഗ്രൂപ്പില്‍ അച്ചടക്കം പാലിച്ചു കഴിഞ്ഞിരുന്ന നിരപരാധികളായ ഞങ്ങളെയെല്ലാം ചേര്‍ത്ത് വിജയാരവം മുഴക്കി. ആരോപണങ്ങള്‍, മറുപടികള്‍, മുള്ളു വാക്കുകള്‍, ചില്ലറ തെറി വിളികള്‍ എല്ലാം രണ്ടു ഗ്രൂപ്പിലും പതിവായതോടെ, രണ്ടില്‍  നിന്നും ഊരിപ്പോരുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ..... അപ്പോഴും പിടിച്ചു നിന്ന ക്ഷമാശീലയത്രേ നമ്മുടെ ഗ്രേസ് ആന്റി.

ഇപ്പോള്‍ , പ്രത്യേകിച്ചെന്താ ഉണ്ടായതെന്ന ചോദ്യത്തിന് അവര്‍ പറഞ്ഞ മറുപടി രസകരമായിരുന്നു. ആരെയും പിണക്കരുതെന്നു വെച്ച്, രണ്ടു ഗ്രൂപ്പിന്റെ വിളയാടലും സഹിക്കുകയും കുറേയൊക്കെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ ആര്‍ക്കാണു കൂടുതല്‍ ലൈക്ക് കൊടുക്കുന്നതെന്നറിയാന്‍, രണ്ടു കൂട്ടരും ചാരന്മാരെ ഉപയോഗിക്കുന്നു എന്നു മനസ്സിലായത്രേ! ഈ വയസ്സുകാലത്ത്, എന്റെ നേരും കൂറുമൊന്നും ഒരിടത്തും തെളിയിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നു പറഞ്ഞപ്പോള്‍ പാവത്തിന്റെ ഒച്ച ഒന്നിടറി. കോവിഡ് വന്ന് തലയ്ക്കു മീതെ നിന്നിട്ടും അടികലശ്ശല്‍ നിര്‍ത്താനാവാത്തവരെക്കുറിച്ച് എന്തു പറയാന്‍?

അടുത്ത നിമിഷം, വീര്യം വീണ്ടെടുത്ത് പതിവ് കുസൃതിയോടെ ആന്റി പറഞ്ഞു ......

' ബാക്കി ഗ്രൂപ്പുകളില്‍ നിന്ന് പണ്ടേ ചാടണമെന്നു വിചാരിച്ചതാ. പലതും ഫാമിലി ഗ്രൂപ്പുകളാണ്. അവിടെയാണു കൂട്ടയടി. കല്യാണം, രോഗം, ഗെറ്റ് ടുഗദര്‍, അങ്ങനെ എന്തു വന്നാലും അതു കഴിഞ്ഞ് അടി ഉറപ്പ്. കുറേപ്പേര്‍ അജ്ഞാത കാരണങ്ങളാല്‍ ക്വിറ്റ് ചെയ്യും. പുതിയ താവഴി ഗ്രൂപ്പുകള്‍ ഉണ്ടായി വരും. എല്ലാത്തിലും എന്നെ പിടിച്ചു ചേര്‍ക്കുവേം ചെയ്യും. വയ്യെടോ  ! എന്റെ ഫോണില്‍ സ്‌പേസില്ല. മനസ്സിലും .......! 'ആന്റിയുടെ ചിരി, ചെവിയില്‍ നിന്ന് നേരേ നെഞ്ചിലേയ്ക്കു വീണു ചിതറി.

Tags: