Skip to main content

Image Credit: What_Art2020

'ലോകത്ത് ആകെ രണ്ടുതരം മനുഷ്യരേയുള്ളൂ. ഭാഗ്യമുള്ളവരും, ഭാഗ്യദോഷികളും! ബുദ്ധിമതിയായ, ലോക പരിചയമുള്ള സുഹൃത്ത് സ്ഥിരം പറയുന്ന ഡയലോഗ്. ഇത് ശരിയാണോ, അല്ലെങ്കില്‍ ഇതു തന്നെയാണോ ശരി, എന്നു പല തരത്തില്‍ ചിന്തിച്ചു നോക്കിയിട്ടുണ്ട്. ഒരാളിന്റെ ജീവിതത്തിലെ 'മാജിക്കല്‍ ഫാക്ടര്‍'ഭാഗ്യം ആണോ?  ഭാഗ്യത്തിന്റെ പിന്‍ബലം ദൈവം വേണ്ടത്ര തന്നില്ല , എന്ന് ആവലാതിപ്പെടുന്ന മിക്കവരും അതിനെ വല്ലാതെ തെറ്റിദ്ധരിച്ചവരാണെന്നു തോന്നുന്നു .

പരാതിയും പരിഭവവും കരയാന്‍ വെമ്പി നില്‍ക്കുന്ന മുഖവുമായി  നടക്കുന്ന 
അടുക്കള സഹായി റീന, സേവനം നിര്‍ത്തി പോകുമ്പോള്‍ പറഞ്ഞു...' ആന്റി, എന്നോട് എപ്പൊഴും ചിരിക്കണം, ചിരിക്കണം എന്നു പറയും. എന്റെ കയ്യിലിരിക്കുന്ന മൊബൈല് നോക്ക്, ആന്റീടെ ഫോണും നോക്ക്... ആന്റി ചിരിക്കുന്ന പോലെ എനിക്കു ചിരിക്കാന്‍ പറ്റുമോ ? പറ .....! 'എന്റെ വായടഞ്ഞു. ശരിയായിരിക്കാം. ഇഷ്ടപ്പെട്ട വസ്തുക്കള്‍ കയ്യില്‍ വരുമ്പോഴേ ചിലര്‍ക്കു സന്തോഷിക്കാന്‍ കഴിയൂ എന്നും വരാമല്ലോ.!കുറേ ആഡംബരവസ്തുക്കള്‍ കയ്യിലുണ്ടെങ്കില്‍ എല്ലാം തികയുമായിരുന്നെങ്കില്‍, സുശാന്ത് സിങ് രജ്പുത്തിന്  അതെല്ലാം നോക്കി ചിരിച്ചോണ്ടിരുന്നാല്‍ പോരായിരുന്നോ എന്ന് റീനയോടു ചോദിച്ചിട്ടു കാര്യമില്ലല്ലോ.!

യഥാസമയം  ലഭിക്കുന്ന അവസരങ്ങളാണ് ഭാഗ്യം എന്നു പറയുന്നവരുണ്ട്. പക്ഷേ, അവസരം ലഭിക്കുമ്പോള്‍ അത്  ഉപയോഗിക്കാന്‍ കാണിക്കുന്ന  ബുദ്ധിയും  തിരിച്ചറിവും അത്ര തന്നെ പ്രാധാന്യമര്‍ഹിക്കുന്നില്ലേ? ലഭിക്കുന്ന അവസരത്തെ വിജയപഥത്തിലെത്തിക്കാന്‍ നടത്തുന്ന തയ്യാറെടുപ്പുകളും കഠിനാധ്വാനവും ഏതു കണക്കില്‍ പെടുത്തും?

അമിത മോഹങ്ങളും, പ്രതീക്ഷകളും ഉള്ളവര്‍ക്കാണ് ഭാഗ്യക്കുറവിനേക്കുറിച്ചുള്ള പരാതികളേറെയും എന്നു തോന്നുന്നു. 'ഞാനൊരു സംഭവമാണ്, യോഗമില്ലാതെ പോയി! അല്ലേല്‍ കാണാമായിരുന്നു!' എന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുകയും ഇടയ്ക്കിടെ അതും പറഞ്ഞു മറ്റുള്ളവരെ വെറുപ്പിക്കുകയും ചെയ്യുന്ന  ഇക്കൂട്ടര്‍, യഥാര്‍ത്ഥത്തില്‍ സഹതാപം അര്‍ഹിക്കുന്ന സാധുക്കളാണ്. സാഹചര്യങ്ങളെ പ്രായോഗികതലത്തില്‍ വിലയിരുത്തി, മുന്‍ഗണനകള്‍ നിശ്ചയിച്ച് സ്വയം തിരുത്തലുകള്‍ക്ക് വിധേയരാകാന്‍ ബുദ്ധിമുട്ടല്ലേ ഇവര്‍ക്ക്? തന്റെ ശരികള്‍, നിലപാടുകള്‍, നീതിബോധം, ഇവയെല്ലാം മൂന്നും നാലും കൊമ്പുള്ള സാധനങ്ങളാണ് അവര്‍ക്ക്. പൊരുത്തപ്പെടല്‍, ഒത്തുതീര്‍പ്പ്, തുടങ്ങിയവയെല്ലാം  കീഴടങ്ങലും പരാജയവുമായി മാത്രം കാണുന്നതിനാല്‍, എല്ലാ ജീവിത പരിസരങ്ങളിലും ,വ്യക്തി ബന്ധങ്ങളിലും അസംതൃപ്തരാകുക സ്വാഭാവികം! 

ജീവിതം  വെച്ചു  നീട്ടുന്നവയെല്ലാം സമചിത്തതയോടെ നേരിടാന്‍ കഴിയുന്നവരല്ലേ ശരിയായ ഭാഗ്യവാന്മാര്‍? പ്ലാനും പദ്ധതിയും പിഴയ്ക്കുമ്പോഴും, തിരിച്ചടികള്‍ ഉണ്ടാകുമ്പോഴും, ക്ഷമയോടെ, പ്രത്യാശ കൈവിടാതെ, തിരുത്തലുകള്‍ക്കു സന്നദ്ധരായി  ജീവിക്കാന്‍ കഴിയുന്നവര്‍ അവര്‍ ചുറ്റുമുള്ളവരുടെ കൂടി ഭാഗ്യമാണ്.

നാളെയെക്കുറിച്ച് അമിതമായി കണക്കുകൂട്ടാനാവാത്ത ഈ കാലത്ത്, ശുഭചിന്തകളും, പ്രതീക്ഷകളും മുറുകെ പിടിച്ചു മാത്രമേ മുന്നോട്ടു പോകാനാവൂ. ലോകം വലിയൊരു സംഭവമാണ്.......! അതിനു നില നിന്നേ തീരൂ! നിലനില്‍പ്പിനാവശ്യമായ മാറ്റങ്ങളും തിരുത്തലുകളും ശുദ്ധീകരണ പ്രക്രിയകളുമെല്ലാം പ്രകൃതിയുടെ സ്വാഭാവിക സുഖ ചികിത്സകളാണ്. അതങ്ങനെ ഒരു വഴിക്കു നടക്കും. നമ്മള്‍ അല്‍പം ഒതുങ്ങി ഓരം ചേര്‍ന്നങ്ങു നടക്കുക! നമ്മുടെ കയ്യിലിരിപ്പു കൊണ്ടും കൂടിയാണ് ഓരോരോ പണികള്‍ വരുന്നതെന്നും ഓര്‍ക്കുക. ഗുണപരമായ തിരുത്തല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി, അതിജീവനത്തിന്റെ ആഹ്ലാദം നമുക്കു കണ്ടെത്താം! അത്യാവശ്യം ഭാഗ്യമൊക്കെ ഉള്ളതു കൊണ്ടാണ്, ഭാഗ്യദോഷത്തെ പറ്റി പതം പറയാന്‍ നമ്മളിവിടെ ഉള്ളതെന്ന്  തിരിച്ചറിയുക കൂടി ചെയ്താല്‍ മഹാ ഭാഗ്യം!