സാറ്

സുരേഷ് ശേഖരന്‍
Sun, 19-07-2020 05:30:51 PM ;

'കോടതിയില്‍ 'മൈ ലോര്‍ഡ്' വിളി വേണ്ട 'സര്‍' മതി; കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ്'. ഇപ്പഴെങ്കിലും നമ്മുടെ ആളുകള്‍ക്ക് ഇതൊക്കെ തോന്നിത്തുടങ്ങുന്നല്ലോ! മഹാഭാഗ്യം. സാമ്രാജ്യത്വത്തോടുള്ള അടിമത്തം ഏറ്റവുമേറെ പേറുന്നത്  കോടതികളും അവയോട് ബന്ധപ്പെട്ട സംവിധാനങ്ങളുമാണെന്ന് തോന്നിയിട്ടുണ്ട്. തണുപ്പ് കാലാവസ്ഥ ഉണ്ടായിരുന്ന രാജ്യങ്ങള്‍ക്ക് അനുയോജ്യമായ കറുത്ത കോട്ടും അതിനു മുകളില്‍ കറുത്ത ഗൗണും ധരിച്ച് കൊടും ചൂടുള്ള പകലുകളില്‍ നടക്കേണ്ടി വരുന്ന എത്രയോ സാധാരണ വക്കീലന്‍മാര്‍. ശീതീകരിച്ച വീട്ടില്‍ നിന്ന് മുന്തിയ, ശീതീകരിച്ച കാറില്‍ക്കയറി ശീതീകരിച്ച ആപ്പീസ് മുറിയിലിരുന്ന് ജൂനിയര്‍ മാര്‍ക്ക് നിര്‍ദ്ദേശം കൊടുക്കുന്ന മുതിര്‍ന്ന വക്കീലന്‍ മാരെയും ശീതീകരിക്കപ്പെട്ട ജീവിതമുള്ള ന്യായാധിപന്‍മാരെയുമല്ല ഞാന്‍ ഉദ്ദേശിച്ചത്. 

കോടതിവളപ്പിലേക്ക് കയറുമ്പോള്‍ തന്നെ സാറേ, സാറേന്ന് വിളിച്ച് പിറകെ കൂടുന്ന, വിശക്കുന്ന വയറിന് ഒരു വടപാവ്  മാത്രം വാങ്ങിത്തന്നാല്‍ മതി, കേസ് ഞാന്‍ ഏറ്റെടുത്തോളാമെന്ന് കരയുന്ന എത്രയോ വക്കീലന്‍മാരെ എന്റെ പൂനാ ജീവിതത്തിനിടയില്‍ ഞാന്‍ കണ്ടിരിക്കുന്നു! അവര്‍ അടുത്തു വരുമ്പോള്‍ തന്നെ വിയര്‍പ്പ് നാറും. കറുത്ത കോട്ടിനകത്ത് മങ്ങിയ വെള്ളക്കുപ്പായത്തിന്റെ കുടുക്ക് പൊട്ടിയിട്ടുണ്ടാവും.

വേഷത്തില്‍ മാത്രമല്ല നിയമങ്ങളുടെ കാര്യത്തിലും നമ്മള്‍ തണുത്ത രാജ്യങ്ങളുടെ മേല്‍ക്കോയ്മ ഇപ്പോഴും ശരിവെക്കുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം, സിവില്‍ നടപടിക്രമം, തെളിവ് നിയമം തുടങ്ങി നമ്മള്‍ പിന്‍തുടരുന്ന ഒരുപാട് പ്രധാനപ്പെട്ട നിയമങ്ങള്‍ പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിലും നിര്‍മ്മിക്കപ്പെട്ടവയാണ്. ഇന്ത്യയുടെ ദേശീയതയ്ക്കും സംസ്‌ക്കാരത്തിനും അനുഗുണമായ രീതിയില്‍ പല നിയമങ്ങളും മാറ്റി എഴുതേണ്ടിയിരിക്കുന്നു. രണ്ടായിരത്തി പതിമൂന്നില്‍ സമൂലം പരിവര്‍ത്തനം ചെയ്യപ്പെട്ട ഇന്ത്യന്‍ കമ്പനി നിയമം പോലെ.

മൈ ലോര്‍ഡില്‍ നിന്ന് സാര്‍ വിളിയോളം ഉയരാന്‍ മാത്രമേ കോടതി ഇപ്പോഴും തയ്യാറാവുന്നുള്ളൂ എന്നത് വലിയൊരു ഫലിതമാണ്.

അങ്ങനെയിരിക്കുമ്പോഴാണ്  നൈറോബിയിലേക്ക് പോകാന്‍ ഒരവസരം കിട്ടിയത്. കാപ്പിരികളുടെ നാട്. കെനിയ, പൊറ്റക്കാടിന്റെ ഭാഷയില്‍, ഇന്ത്യക്കാരുടെ പൊടിക്കൈകളാല്‍ വഞ്ചിക്കപ്പെട്ട , ലളിത ഹൃദയരായ കറുത്ത മനുഷ്യരുടെ നാട്.

ബോര്‍ഡിംഗ് പാസ് തരുമ്പോള്‍ കെനിയ എയര്‍വേസിന്റെ സുന്ദരി പറഞ്ഞു. 'താങ്കളുടെ ലഗേജില്‍ പ്ലാസ്റ്റിക് ബാഗ് ഉണ്ടെങ്കില്‍ പുറത്തെടുക്കരുത്. നൈറോബിയില്‍ പ്ലാസ്റ്റിക്ക് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്. സഞ്ചിയും തൂക്കി പോകുന്നതു കണ്ടാല്‍ ചോദ്യം ചെയ്യാതെ പിടിച്ച് അകത്തിടും!'

നമ്മള്‍ പുച്ഛിക്കുന്ന ആഫ്രിക്കയിലെ ഒരു രാജ്യത്തിന്റെ , നിയമം നടപ്പിലാക്കാനുള്ള ഇച്ഛാശക്തി, പലപ്പോഴും ബലം പിടിച്ചിട്ടും പലനിയമങ്ങളും നടപ്പിലാക്കാനാവാത്ത നമുക്ക് അനുകരിച്ച് നോക്കാവുന്നതാണ്.

എയര്‍പ്പോര്‍ട്ടില്‍ സ്വീകരിക്കാനെത്തിയ ഹോട്ടലിന്റെ ഡ്രൈവര്‍ അഭിവാദ്യം ചെയ്തത് 'മിസ്റ്റര്‍ ഷുറേഷ്, ഗുഡ് മോര്‍ണിംഗ്' എന്നായിരുന്നു. ഇവനെന്താ എന്നെ സാറേന്ന് വിളിക്കാത്തതെന്ന് ഞാന്‍ ഈര്‍ഷ്യയോടെ മനസ്സിലോര്‍ത്തു.

ഞാനങ്ങനെയാണല്ലോ പഠിച്ചതും പാലിച്ചതും. വില്പനയുടെ ആദ്യ നാളുകള്‍ മുതല്‍ പഠിച്ച പാഠം- ഉപദോക്താവാണ് രാജാവ്. അദ്ദേഹത്തെ, സ്വയം എത്രത്തോളം പുകഴ്ത്താമോ അത്രത്തോളം പുകഴ്ത്തി, സേവിക്കണം. നമുക്കദ്ദേഹമാണ് എല്ലാം. നിങ്ങള്‍ നിലനില്‍ക്കുന്നതു തന്നെ അദ്ദേഹത്താലാണ്. അതുകൊണ്ട് അദ്ദേഹം എന്തു പറഞ്ഞാലും ചെയ്താലും നമ്മളദ്ദേഹത്തെ 'സാറേ, സാറേ' എന്ന് വിളിക്കണം. നട്ടെല്ല് വളച്ച് നില്‍ക്കണം.

ഇത് പണ്ട് ഏതോ സായിപ്പ് പഠിപ്പിച്ചതാവണം! കച്ചവടത്തിന്റെ കുത്തക്കാവകാശം എന്നും തനിക്കാണെന്നാണല്ലോ നയിപ്പ് ധരിച്ച് വശായത്!  അതിന് സഹായിക്കും വിധം ധാരാളം പുസ്തകങ്ങളും അവര്‍ നിര്‍മ്മിച്ചിട്ടുണ്ട്.

എന്റെ നാട് അതിഥി ദേവോ ഭവ: എന്നും, സര്‍വേ സന്തു സുഖിന: എന്നും, ഏകമേവ അദ്വിതീയം എന്നും, സമത്വത്തിന്റെ മന്ത്രങ്ങളാണ് എന്നും ഉരുക്കഴിച്ചത് ! ഇവിടെ വലിപ്പച്ചെറുപ്പങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. (ഒരു പക്ഷെ ലോകത്തെല്ലായിടത്തേക്കാളും വലിപ്പച്ചെറുപ്പങ്ങള്‍ ഇവിടെയായിരുന്നെന്നത്, ഇന്നും തുടരുന്നെന്നത് വലിയ വിരോധാഭാസം)

സാറേ, സാറേന്ന് വിളിക്കാനാണ് എന്നെയൊക്കെ പഠിപ്പിച്ചത്. വാങ്ങുന്നവന്‍ മിടുക്കനും വില്‍ക്കുനവന്‍ മിടുക്കില്ലാത്തവനും. വാങ്ങുന്നവന്‍ സാറും വില്‍ക്കുന്നവന്‍ സ്ലേവും!

ഹോട്ടല്‍ റിസപ്ഷനില്‍ ഞാന്‍ പൂരിപ്പിച്ച ഫോം നോക്കി കറുത്ത സുന്ദരി ചിരിക്കുന്നു. 'ഓ! നിങ്ങള്‍ മിസ്റ്റര്‍ ബാബുവാണല്ലേ?' അവള്‍ ചോദിച്ചു. 'എന്റെ രണ്ടാം നാമം . പേരിന്റെ രണ്ടാം പാദം. അതെയെന്ന് ഞാന്‍ തലയാട്ടിയപ്പോള്‍ അവള്‍ കുണുകുണുങ്ങനെ വീണ്ടും ചിരിയായി. എന്തേ? എന്ന് ഞാന്‍ തിരക്കിയതിന് ചിരി പാടുപെട്ടൊതുകി അവള്‍ മൊഴിഞ്ഞു. 'ബാബു, ഇവിടെ ഞങ്ങളുടെ ഭാഷയില്‍ മുത്തച്ഛന്‍ എന്നാണ്' ഞാന്‍ ചമ്മിനാറി ചുറ്റും നോക്കി. ആര്‍ക്കും ഒന്നും മനസ്സിലായിട്ടില്ല. ഇത് കുറ്റ്യാടിയല്ലല്ലോ! എന്നാലും ദുഷ്ടക്കെന്നെ, ഇന്ത്യയിലെ റിസപ്ഷനിസ്റ്റുകള്‍ നാഴികക്ക് നാല്‍പ്പത് വട്ടം ചെയ്യുന്ന പോലെ ഇല്ലെങ്കിലും വേണ്ടില്ല, ഒരു തവണയെങ്കിലും സാറേന്ന് വിളിക്കാരുന്നു.

അന്നുച്ചക്ക് കുളിച്ച് ചോറുണ്ട് (ചോറെന്ന് കൃത്യമായി പറഞ്ഞു കൂട. ചോളത്തിന്റെ മാവുകൊണ്ടുണ്ടാക്കുന്ന കൊഴുക്കട്ടയും പുട്ടും കലര്‍ന്ന ഒരു പലഹാരം, ഉഗാലിയാണ്, അവരുടെ സമീകൃതാഹാരം. നമ്മുടെ ചോറിന് പകരം . ബീഫും മട്ടനും മറ്റും ചേര്‍ത്ത് കഴിക്കാന്‍ ബഹുകേമം) എന്നെ കെനിയയിലേക്ക് വിളിപ്പിച്ച ബാങ്കിന്റെ പരമാധികാരിയെ കാണാന്‍ ഞാന്‍ പുറപ്പെട്ടു. മലയാളിയാണ് അദ്ദേഹം.

ഏറെനേരത്തെ കാത്തിരിപ്പിന് ശേഷമാണ് കാണാനായത്.
ക്യാമ്പിനകത്തേക്ക് പ്രവേശനാനുമതി ലഭിച്ചപ്പോള്‍ ഞാന്‍ തൊഴുതു കൊണ്ട് അകത്തേക്ക് കയറി. പഠിപ്പിച്ചത് ഒട്ടും മറന്നു പോകാതെ മുരടനക്കി ശബ്ദം എളിമയുള്ളതാക്കി ഞാന്‍ പറഞ്ഞു. 'ഗുഡ് ആഫ്റ്റര്‍ നൂണ്‍ സാര്‍...'

അദ്ദേഹം എന്റെ മുഖത്ത് സൂക്ഷിച്ചു നോക്കി ചിരിച്ചു. എന്നിട്ട് പറഞ്ഞു. 'സുരേഷേ , ഇരിക്ക്...''

എനിക്ക് എന്തെന്നറിയില്ല, സന്തോഷമായി. അദ്ദേഹം സെക്രട്ടറിയെ വിളിച്ചു പറഞ്ഞു. 'റോസ് , ചായ കൊണ്ടു വരൂ'
ഒരു പ്ലേറ്റില്‍ കായവറുത്തതും , മറ്റൊന്നില്‍ കരുവണ്ടിയുമായി വല്ലാതെ തടിച്ചു മലര്‍ന്നചുണ്ടില്‍ ചെഞ്ചായം പൂശി, ഇറക്കം കുറഞ്ഞ പാവാടയും കറുത്ത കോട്ടും ധരിച്ച കറുത്തു തടിച്ച സുന്ദരി , റോസ് ,വന്നു.

'സുരേഷേ' സാര്‍ പറഞ്ഞു. 'ഇവിടെ ആരും ആരെയും സാറേന്ന് വിളിക്കാറില്ല. ഫസ്റ്റ് നെയിം ആണ് വിളിക്കുക. '

അദ്ദേഹം കായവറുത്തത് കൊറിക്കാനായി ഒന്ന് നിര്‍ത്തി.

'ഇനിയിപ്പോ വലിയ ബഹുമാനം കാണിക്കാനാണെങ്കില്‍, മിസ്റ്റര്‍ ചേര്‍ത്ത് സെക്കന്റ് നെയിം വിളിക്കും'

ഹോട്ടലിലെ റിന്‍പ്ഷനിസ്റ്റ് എന്നെ മിസ്റ്റര്‍ ബാബു വെന്ന് വിളിച്ചത് ഞാന്‍ ഓര്‍ത്തു.

ഒരു മാസത്തെ എന്റെ അസൈന്‍മെന്റില്‍ ഞാന്‍ ചെയ്യേണ്ടത്  എന്തൊക്കെയെന്ന് അദ്ദേഹം വിവരിച്ചു.  പോരാനായി എഴുന്നേറ്റപ്പോള്‍ അദ്ദേഹം പറഞ്ഞു. 'ഓള്‍ ദ ബെസ്റ്റ് സുരേഷേ, നാളെ രാവിലെ നിങ്ങളുടെ ഡ്രൈവര്‍ ഹോട്ടലില്‍ നിങ്ങളെ മീറ്റ് ചെയ്യും'

കോട്ടിന്റെ പോക്കറ്റില്‍ നിന്ന് വെളുത്ത തൂവാലയെടുത്ത് മുഖം തുടച്ചിട്ട് ചിരിയോടെ തുടര്‍ന്നു.'ആരെയും സാറെന്ന് വിളിക്കെണ്ട ; ഇയാളെ ആരെങ്കിലും സാറെന്ന് വിളിക്കുമെന്ന് പ്രതീക്ഷിക്കുകയും വേണ്ട!'

പിറ്റേന്ന് കാലത്ത് കൃത്യം 8:30 ന് സ്റ്റീവ് കാറുമായി ചിരിയോടെ തയ്യാര്‍. 'ഹൗ ആര്‍ യു സുരേഷ്?' എന്നേക്കാള്‍ ഒരു പതിറ്റാണ്ടെങ്കിലും ഇളപ്പമുള്ള സ്റ്റീവ് തിരക്കി.

അന്ന് തുടങ്ങിയതാണ് സ്റ്റീവിന്റെ സാരഥ്യത്തില്‍ നൈറോബിയിലെ  പകലുകള്‍. അവന്‍ മേടിച്ച പഴങ്ങള്‍, ഒന്നിച്ച് കഴിച്ച ആഫ്രിക്കന്‍ രുചികള്‍, പങ്കുവച്ച തമാശകള്‍.... കണ്ടും അനുഭവിച്ചും അറിഞ്ഞ നൈറോബിയിലെ മലയാളി, സ്വഹീലി ജീവിതം ...വലിപ്പച്ചെറുപ്പമില്ലാത്ത ആഫ്രിക്കന്‍ സൗഹൃദം.... സ്വപ്നം പോലെ കടന്നുപോയ ഒരു മാസം കഴിഞ്ഞ് എന്നെ എയര്‍ പോര്‍ട്ടില്‍ വിടാന്‍ വരുമ്പോള്‍ സ്റ്റീവിന്റെ  മുഖം കനത്തിരുന്നു. ഒരു ദീര്‍ഘാലിംഗനത്തില്‍ നിന്ന് അവന്റെ കൃഷ്ണവര്‍ണ ഗ്രാത്രം  വിടുവിക്കവെ അവന്‍ പറഞ്ഞു. 'സുരേഷ്, ഞാന്‍ നിന്നെ മറക്കില്ല , ഒരിക്കലും '  ഇപ്പോഴും തുടരുന്ന സൗഹൃദം.

തിരികെ നാട്ടിലെത്തിയപ്പോള്‍ രാവിലെ തന്നെ ബോസിനെ വിളിച്ചു. 'മിസ്റ്റര്‍ രഘുറാം, ഹൗ ആര്‍ യൂ...'

അല്‍പ്പനേരത്തെ മൗനം... പിന്നെ അങ്ങേപ്പുറത്തുനിന്ന് അലര്‍ച്ച.. ' താങ്കളുടെ പിതാവാണോ മടിയിലിരുത്തി എനിക്ക് നാമധേയം ചാര്‍ത്തി നല്‍കിയത്?  ശുനക പുത്രനിലും തുച്ഛനായ ഹേ സഹപ്രവര്‍ത്തകാ, എന്നെ സാറേ എന്ന് ചേര്‍ത്തു തന്നെ വിളിച്ചാല്‍ മതി... താങ്കള്‍ ഏത് വൃക്ഷക്കൊമ്പിലെ ആളായാലും '

ഞാന്‍ ചൂളി വിഷണ്ണനായി...

കോടതിയും, നമ്മളൊക്കെയും ഇനിയും വളരാനുണ്ട്! 'സാറി'ല്‍നിന്ന് ഏറെ ദൂരം...

Tags: