ഒരു ഐ.ഐ.എംകാരന്റെ ഭാര്യാ മാനേജ്‌മെന്റ്

ഗ്ലിന്റ് ഗുരു
Sat, 18-07-2020 05:10:43 PM ;

Image Credit: What_Art2020

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബിരുദധാരി. കാല്‍ നൂറ്റാണ്ടുകാലത്തെ മുന്തിയ മാനേജ്മെന്റ് പരിചയം. ചെന്നെ സ്വദേശികളായ അവര്‍ കൊച്ചിയിലെത്തിയ അവസരം. മുബൈയില്‍ താമസമാക്കിയ അവര്‍ക്ക് കൊച്ചിയില്‍ നിന്നും വറുത്ത സാധനങ്ങള്‍ വാങ്ങണം. കൊച്ചി എം.ജി റോഡിന് സമീപമുള്ള അമ്മന്‍കോവില്‍ റോഡിലെ വറവുകടയിലവരെത്തി. അതു കണ്ട മാത്രമയില്‍ അവര്‍ അന്ധാളിച്ചു പോയി. ചെറിയ കടയാണ്. കടയുടെ മുന്‍വശത്ത് വലിയ ചരുവത്തില്‍ വറുക്കല്‍ നടന്നുകൊണ്ടിരിക്കുന്നു. കേരളത്തില്‍ കിട്ടാവുന്ന ഒട്ടുമിക്ക വസ്തുക്കളുടെയും പലവിധത്തില്‍ വറുത്ത ഇനങ്ങള്‍ അവിടെയുണ്ട്. ചേമ്പ് വരെ.

ഇന്ത്യയില്‍ തന്നെ പ്രസിദ്ധവും പ്രശസ്തവുമായ ഒരു എന്‍ ജി ഓയില്‍ പ്രവര്‍ത്തിക്കുകയാണ് ഉന്നതവിദ്യാഭ്യാസയോഗ്യതയുള്ള അദ്ദേഹത്തിന്റെ ഭാര്യ. ഭര്‍ത്താവ് പ്രത്യക്ഷത്തില്‍ സുഹൃത്തിനെപ്പോലെയാണ് ഭാര്യയുമായി പെരുമാറുന്നത്. എന്നാല്‍ അദ്ദേഹം മിക്കപ്പോഴും പകുതി തമാശയില്‍ ഭാര്യയുടെ ഓരോ സമീപനങ്ങളെ വിമര്‍ശിച്ചുകൊണ്ടിരിക്കും. അതിന് ഉരളയ്ക്കുപ്പേരിയെന്ന നിലയില്‍ ഭാര്യ മറുപടിയും നല്‍കും. അതിനോടും അദ്ദേഹം പകുതി ചിരിയോടെ പഴയ നിലപാട് ആവര്‍ത്തിക്കും. ചിപ്സ് കടയില്‍ ഭാര്യയുമായി കയറിയ അദ്ദേഹം ചിപ്സുകളിലേക്കു നോക്കുന്നതിനു പകരം, ഭാര്യയെ സ്നേഹപൂര്‍വ്വം വിളിച്ചുകൊണ്ടു പറഞ്ഞു. ആവശ്യമുള്ളത് എന്താണെന്ന് ഇപ്പോള്‍ ആലോചിച്ചു വാങ്ങണം. പിന്നെ അയ്യോ അതു വാങ്ങിയില്ലല്ലോ എന്നു പറയരുത്. അതു ഞാനിപ്പോഴേ പറഞ്ഞേക്കാം. ഭാര്യ അത് അത്ര കേട്ട ലക്ഷണം കാണിക്കാതെ ആ കടയിലെ സാമ്പളുകള്‍ ഓരോന്നു രുചിച്ചു നോക്കിക്കൊണ്ട് ഏതൊക്കെ വാങ്ങണമെന്നുള്ള തീരുമാനത്തിലെത്താന്‍ ശ്രമിക്കുകയായിരുന്നു. അപ്പോഴും ഭര്‍ത്താവിന്റെ മുന്നില്‍ ആ കടയിലെ വൈവിദ്ധ്യമാര്‍ന്ന ചിപ്സുകളൊന്നുമില്ല. തന്റെ നിലപാട് ഉറപ്പിക്കാനുളള ശ്രമമായിരുന്നു. ആ നിലപാടെന്നു പറയുന്നത് ഭാര്യയുടെ പോരായ്മയായി അദ്ദേഹം കണ്ടെത്തിയിട്ടുള്ള സ്ഥിരം സ്വഭാവം. ആ നിലപാട് ശരിയാണെന്ന് ബോധ്യപ്പെടുത്താനുള്ള അവസരമായിട്ടാണ് അദ്ദേഹം ആ ചിപ്സ്‌കടയില്‍ നിന്നുകൊണ്ട് ശ്രമിക്കുന്നത്. കൂട്ടത്തില്‍ സാമ്പിളുകള്‍ രുചിക്കാനായി ഭാര്യ നീട്ടിയ വറവുകള്‍ പോലും അദ്ദേഹം വായിലിട്ടുകൊണ്ട് ഭാര്യയോട് തന്റെ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു.

വറവുസാധനങ്ങളെല്ലാം വാങ്ങിക്കഴിഞ്ഞ് വാഹനത്തില്‍ കയറി കുറേ ദൂരം പോയപ്പോഴാണ് കൂട്ടത്തിലുണ്ടായിരുന്ന സുഹൃത്തു പറയുന്നത്, താന്‍ ഒരു കിലോ മസാലാ കാജോ(കശുവണ്ടിപ്പരിപ്പ്) വാങ്ങിയെന്നും, ഇവിടെ വെറും എണ്ണൂറു രൂപയേ ഉള്ളുവെന്നും മുംബൈയില്‍ അിതന് 1800 രൂപയാണെന്നുമൊക്കെ.അതു കേട്ടമാത്രയില്‍ ഐ ഐ എം സുഹൃത്തിന്റെ ഭാര്യ പറഞ്ഞു' അയ്യോ അതു ഞാന്‍ കണ്ടിരുന്നില്ലല്ലോ' . അതു പറഞ്ഞ് നാവിടുന്നതിന് മുന്‍പ് ഭര്‍ത്താവ് പറഞ്ഞു, ' ഇതാണ് അവിടെവച്ച് എന്താണ് വാങ്ങണമെന്ന് നിശ്ചയിക്കാത്തതിന്റെ കുഴപ്പം. ഞാന്‍ എത്ര തവണ പറഞ്ഞു. എത്ര പറഞ്ഞാലും അതു മനസ്സിലാകില്ല' . അതു കേട്ട് മസാലാ കാജോ വാങ്ങിയ സുഹൃത്ത് അര കിലോഗ്രാം വീതമുള്ള രണ്ട് കവറിലായാണ് വാങ്ങിയത്. അതില്‍ ഒന്നു ഈ വനിതാസുഹൃത്തിന് കൊടുക്കാനായി നീട്ടി. പക്ഷേ സ്നേഹപൂര്‍വ്വം അവരത് നിഷേധിച്ചു.

സുഹൃത്ത് കൊടുത്ത മസാലാ കാജോ നിഷേധിച്ചപ്പോള്‍ ആ വനിതാ സുഹൃത്തിന്റെ മുഖത്ത് ആ ഇനം വാങ്ങാന്‍ കഴിയാത്തതിന്റെ ദുഃഖമായിരുന്നില്ല. എന്നാല്‍ ഒരു വേദനയുടെ ഭാവമുണ്ടായിരുന്നു. വളരെ ചുണയും തമാശയും ആവേശയും ചൊടിയുമൊക്കെയുള്ള വനിതയായിട്ടുകൂടി. തന്റെ മേല്‍ തന്റെ ഭര്‍ത്താവ് ആരോപിക്കുന്ന കുറവ് ശരിയാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നതിന്റെ കുറ്റബോധത്തിന്റെ നോവുതന്നെയാവണമത്. കിലുക്കുന്ന രീതിയില്‍ സംസാരിക്കുന്ന അവര്‍ ഏറെ നേരത്തേക്ക് മിണ്ടിയില്ല. വിവാഹം കഴിഞ്ഞിട്ട് കാല്‍ നൂറ്റാണ്ടു കഴിഞ്ഞിട്ടും ഇപ്പോഴും കൗതുകവും രസാത്മകതയുമൊന്നും നഷ്ടപ്പെട്ടിട്ടില്ലാത്ത ദമ്പതികളാണവര്‍. എന്നിട്ടും പരസ്പരം കുറ്റപ്പെടുത്തലും അതിന്റെ സമര്‍ത്ഥിക്കലും അവരുടെയിടല്‍ അനുനിമിഷം നടന്നുകൊണ്ടിരിക്കുന്നു. അതവരുടെ ജീവിതത്തിന്റെ ഭാഗമായതിനാല്‍ വേദന അനുഭവിക്കുന്നതു പോലും പതിവ് രീതിയെന്നോണമായതിന്റെ ലക്ഷണമാണ് അവരുടെ ഇടപെടലിലൂടെ വ്യക്തമാകുന്നത്. രണ്ടു കൂട്ടരും പരസ്പരം നോവിക്കുന്നുണ്ട്. വലുതായിട്ടല്ലെങ്കിലും. ആ ചെറിയ വേദനിപ്പിക്കലുകള്‍ക്ക് ഇടവേള വളരെ കുറവും.

ഐ ഐ എം ബിരുദധാരിയാണെങ്കിലും ബുദ്ധിശേഷിയില്‍ ഭാര്യയാണ് മുന്നിലെന്ന് വേണം കരുതാന്‍. അതിനാല്‍ താന്‍ പൂര്‍ണ്ണമായി ബൗദ്ധികമായി സ്വീകരിക്കപ്പെടുന്നില്ല എന്ന തോന്നല്‍ ആ ഭര്‍ത്താവില്‍ അലട്ടുന്നതായി കാണാം. ആ അലട്ടലില്‍ നിന്നു രക്ഷയ്ക്കുള്ള മാര്‍ഗ്ഗമായാണ് ഭര്‍ത്താവ് ഈ കുറവുകള്‍ കിട്ടുന്ന അവസരത്തില്‍ ഉന്നയിക്കുന്നത്. ഭര്‍ത്താവിന് ബിസിനസ്സ് കാര്യങ്ങളില്‍ മാത്രമേ ജ്ഞാനമുള്ളു. എന്നാല്‍ ഭാര്യയ്ക്കാകട്ടെ സാമൂഹ്യശാസ്ത്രസംബന്ധമായ വിഷയങ്ങളിലും ലോക കാര്യങ്ങളിലുമൊക്കെ നല്ല ധാരണയും അഭിപ്രായവുമുണ്ട്. അതിന്റെയടിസ്ഥാനത്തില്‍ അവര്‍ ആഴത്തിലും പരപ്പിലും മറ്റുള്ളവരുമായി ചര്‍ച്ചയില്‍ ഏര്‍പ്പെടുകയും ചെയ്യും. ചില ഘട്ടങ്ങളില്‍ ഭാര്യയുടെ ഏതെങ്കിലും ഒരു പരാമര്‍ശത്തെ ഉയര്‍ത്തി അതില്‍ ഒരു കുഞ്ഞുകുത്തു തമാശ കൊടുത്തുകൊണ്ടായിരിക്കും ഭര്‍ത്താവിന്റെ ചര്‍ച്ചയിലെ ഇടപെടല്‍. അതോടുകൂടി ആ ചര്‍ച്ച അവിടെ മിക്കവാറും അവസാനിക്കുകയും ചെയ്യും. ആ തമാശയിലൂടെയും ചിരിയിലൂടെയും രംഗം ഭര്‍ത്താവ് കൈയ്യടക്കുകയും ചെയ്യും.

Image Credit: What_Art2020

ഇത്രയും ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും ഈ ഐ ഐ എം കാരന് സ്വയം മാനേജ് ചെയ്യാന്‍പറ്റുന്നില്ല. അദ്ദേഹം ഉണര്‍ന്നിരിക്കുന്ന ഓരോ നിമിഷവും താന്‍ ഐ ഐ എം പ്രോഡക്ട് ആണെന്ന ധാരണയ്ക്കുള്ളിലാണ്. തന്റെ ഭാര്യയുടെയടുത്തും ഐ ഐ എം അലുമിനിയായാണ് പെരുമാറുന്നതെന്ന് മനസ്സിലാക്കാന്‍അധികം ബുദ്ധിമുട്ടില്ല. ചിപ്‌സ് കടയില്‍നില്‍ക്കുമ്പോള്‍ തന്റെ ഭാര്യയുടെ താല്‍പ്പര്യങ്ങള്‍ അറിയാവുന്ന ഭര്‍ത്താവിനെയല്ല കണ്ടത്. മറിച്ച് അദ്ദേഹം ഒരു മാനേജ്‌മെന്റ് തത്വം പ്രയോഗിക്കുന്നതിന്റെ മിടുക്കിലായിരുന്നു.താന്‍ സ്വയം അറിയുന്ന മിടുക്കനില്‍ ഈ ഐ ഐ എം കാരനിലെ ഭര്‍ത്താവും വ്യക്തിയും മുങ്ങിപ്പോകുന്നു. ആ വറവുകടയില്‍ നിന്ന് ചുറ്റുമുള്ള വറവുകളില്‍ നോക്കിയപ്പോഴും അദ്ദേഹത്തിന്റെ കണ്ണില്‍ അതൊന്നും പെട്ടിരിക്കാന്‍ ഇടയില്ല. മറിച്ച് തന്റെ ഭാര്യയെ ചെറുതാക്കാനുള്ള ശ്രമത്തില്‍ ഏര്‍പ്പെടുന്നതാണ് കണ്ടത്. ഭാര്യ അത്യാവശ്യം അവിടെയുള്ള മിക്ക വറവുകളും രുചിക്കുകയും ചെയ്തു. വറവുകടക്കാര്‍ അണ്ടിപ്പരിപ്പ് ഇത്തിരി അകത്ത് വച്ചിരിക്കുകയാണ്. കാരണം മറ്റുള്ളവ കൊറിക്കുന്നതുപോലെ അതു കൊറിച്ചാല്‍ മുതലാവില്ലല്ലോ.

സ്വയം മിടുക്കില്‍ രതി കൊള്ളുന്നവര്‍ക്ക് ഒരിക്കലും മറ്റുള്ളവരെ അറിയാന്‍ കഴിയില്ല. തന്റെ മിടുക്കിനു പോലും ഇദ്ദേഹം ഐ ഐ എമ്മിനെ ഊന്നുവടിയാക്കുന്നു. വാസ്തവത്തില്‍ നല്ല ബുദ്ധിശക്തി ഉണ്ടായിട്ടും ചില ഇമേജുകളുടെ തടവറയിലായിപ്പോയതാണ് ഈ പാവം. നല്ല ഒന്നാംതരം ചൊറിയന്‍. മറ്റുള്ളവരുടെ മുന്നില്‍വച്ചു പോലും തന്നെ ചൊറിയുകയും ചെറുതാക്കുകയും ചെയ്തതിന്റെ വേദന വാഹനത്തില്‍ വച്ച് സുഹൃത്ത് അര കിലോഗ്രാമിന്റെ അണ്ടിപ്പരിപ്പ് നീട്ടിയപ്പോള്‍ അത് വേണ്ടാ എന്നു പറഞ്ഞ സ്വരത്തില്‍ നിഴലിച്ചിരുന്നു. ആ വാഹനത്തില്‍ മുഴുവന്‍ കുറച്ചു നേരം അസുഖകരമായ തരംഗം അസുഖകരമായ നിശബ്ദതയെ പോലും സൃഷ്ടിച്ചും. സ്വയം മാനേജ് ചെയ്യാന്‍ കഴിയാത്ത ഒരാള്‍ക്ക് എങ്ങനെ ഒരു ബിസിനസ്സ് ഭംഗിയായി നടത്താന്‍ കഴിയുമെന്ന ചോദ്യം ഉയരുന്നു. അത് ഐ ഐ എം മാനേജ്‌മെന്റ് പഠിക്കുകയും പരിഹാരം കാണുകയും ചെയ്യേണ്ട വിഷയമാണ്.

Tags: