Image Credit; What_Art2020
കൊച്ചി നഗരത്തിലെ ഒരു മുന്തിയ സ്‌കൂള്‍. എല്‍.കെ.ജി ക്ലാസ്സിലെ ഒരു വിദ്യാര്‍ത്ഥിയുടെ ഒരു വര്‍ഷത്തെ ഫീസ് ഒന്നര ലക്ഷം രൂപ. ഇടയ്ക്ക് വേണ്ടി വരുന്ന മറ്റു ചിലവുകള്‍ വേറെയും. ഈ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി. ഇവന്‍ എത്ര ശ്രമിച്ചാലും സംസാരിക്കാന്‍ കൂട്ടാക്കില്ല .ടീച്ചര്‍മാര്‍ ക്ലാസില്‍ ചോദ്യം ചോദിച്ചാലും കുശലം ചോദിച്ചാലും മുഖത്ത് ഒരേ ഭാവം. എന്നാല്‍ സംസാരശേഷിക്കുറവ് ഇല്ല താനും. കൃത്യമായി ബുക്കും പുസ്തകവും ഒന്നും കൊണ്ടു വരാറുമില്ല .
സ്‌കൂളില്‍നിന്ന് വീട്ടിലേക്ക് വിളിച്ചു .ക്ലാസ് അധ്യാപിക അവന്റെ അമ്മയുമായി ഫോണില്‍ സംസാരിച്ചു. പൊതുവേ തന്റെ കുട്ടി അധികം സംസാരിക്കില്ല എന്നായിരുന്നു അമ്മയുടെ മറുപടി .അമ്മയുമായി അധികനേരം സംസാരിക്കാന്‍ അധ്യാപികയ്ക്ക് ആയില്ല. അധ്യാപിക പ്രിന്‍സിപ്പലിനെ കാര്യം ധരിപ്പിച്ചു. പ്രിന്‍സിപ്പലും അധ്യാപികയും സ്‌കൂള്‍ കൗണ്‍സിലറും കുടിയിരുന്ന് എന്ത് ചെയ്യണം എന്നാലോചിച്ചു. ചില തീരുമാനങ്ങളെടുത്തു. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ പ്രിന്‍സിപ്പല്‍ കൗണ്‌സലറോഡ് എങ്ങനെയുണ്ട് കുട്ടിയുടെ പുരോഗതി എന്ന അന്വേഷിച്ചു. കാര്യമായ പുരോഗതി ഒന്നും ഇല്ലെ ന്നായിരുന്നു കൗണ്‍സലറുടെ മറുപടി. എന്നിരുന്നാലും ശ്രമം തുടരാന്‍ പ്രിന്‍സിപ്പല്‍ കൗണ്‍സിലറോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.
Image Credit; What_Art2020
വീണ്ടും കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് കൗണ്‍സലര്‍ ഒരു കാര്യം മനസ്സിലാക്കുന്നത് .മൂന്നാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് ഉണ്ടാകേണ്ട ഭാഷാജ്ഞാനമോ പദസമ്പത്തോ ഈ കുട്ടിക്കില്ല. മാതൃഭാഷയിലും ഇംഗ്ലീഷിലും. വീട്ടില്‍ ഉപയോഗിക്കപ്പെടുന്ന സാധാരണ വസ്തുക്കളില്‍ ചിലവയുടെ പേര് പോലും ഈ കുട്ടിക്ക് അറിയില്ല. കൂട്ടുകാരുമൊത്ത് കളിക്കാനും ഇവന്‍ താല്‍പര്യം കാണിക്കാറില്ല. കുറേ ദിവസം കഴിഞ്ഞപ്പോള്‍ ഇവന്‍ കൗണ്‍സിലുമായി ചെറിയ തോതില്‍ സംസാരിച്ചുതുടങ്ങി. അപ്പോഴാണ് അറിയുന്നത് ഇവന്‍ മിക്ക ദിവസങ്ങളിലും അച്ഛനും അമ്മയും ആയി സംസാരിക്കാറില്ല. അല്പമെങ്കിലും സംസാരിക്കുന്നത് ജോലിക്കാരിയുമായിട്ടാണ്. അവനില്‍ നിന്ന് കൗണ്‍സിലര്‍ മനസ്സിലാക്കിയത് ജോലിക്കാരിയും വളരെ പരിമിതമായി മാത്രമേ സംസാരിക്കാറുള്ളൂ. സ്ഥിരം വീട്ടില്‍ നില്‍ക്കുന്ന ജോലിക്കാരിയാണ്. എന്നിരുന്നാലും ജോലി കഴിഞ്ഞുള്ള സമയം അവര്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുകയോ അല്ലെങ്കില്‍ എന്തെങ്കിലും കാണുകയോ ചെയ്യുകയായിരിക്കും. അതായത് ഈ കുട്ടിക്ക് നേരിട്ട് സംഭാഷണം ലഭിക്കുന്നില്ല .
Image Credit; What_Art2020
എന്തുകൊണ്ടാണ് അവന്റെ അച്ഛനമ്മമാര്‍ സംസാരിക്കാത്തത് എന്നുവെച്ചാല്‍ മനപ്പൂര്‍വ്വമല്ല .രണ്ടുപേരും ഡോക്ടര്‍മാരാണ്. അതുകൊണ്ടുതന്നെ രാവിലെയും വൈകുന്നേരവും അവര്‍ വളരെ തിരക്കുള്ളവരും. വൈകുന്നേരം അവരുടെ തിരക്ക് കഴിയുന്ന തിനു മുന്‍പ് തന്നെ ഇവന്‍ ഉറങ്ങും. രാവിലെ എഴുന്നേറ്റാല്‍ ജോലിക്കാരി റെഡിയാക്കി സ്‌കൂളിലേക്കു അയക്കും. കൗണ്‍സിലര്‍ മനസ്സിലാക്കിയ വിവരം പ്രിന്‍സിപ്പലിനെ ധരിപ്പിച്ചു. കൗണ്‍സിലര്‍ ഓട് രക്ഷകര്‍ത്താക്കളെ വിളിച്ചു സംസാരിക്കാന്‍ പ്രിന്‍സിപ്പല്‍ നിര്‍ദേശിച്ചു .അതനുസരിച്ച് കൗണ്‍സലര്‍ കുട്ടിയുടെ അച്ഛനോടും അമ്മയോടും ദീര്‍ഘനേരം സംസാരിച്ചു. രണ്ടുപേരും കുട്ടികളോടൊത്ത് സമയം ചെലവഴിക്കാന്‍ ശ്രമിക്കാം എന്നു പറഞ്ഞു .എന്നാല്‍ നിലവിലുള്ള രീതികള്‍ പെട്ടെന്ന് മാറ്റുക അസാധ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു .കൂട്ടത്തില്‍ ക്ലാസിലെ കുട്ടിയുടെ പ്രകടനത്തിന്റെയും പെരുമാറ്റത്തിന്റെയും ഉത്തരവാദിത്വം അധ്യാപകര്‍ക്കാണെന്നും കൗണ്‍സലറെ അവര്‍ ഓര്‍മിപ്പിച്ചു. ഭീമമായ തുക ഫീസായി തങ്ങള്‍ നല്‍കുന്നതും കുട്ടിയുടെ ഭാവിയെ മുന്നില്‍കണ്ടുകൊണ്ടാണെന്ന് അവര്‍ ഓര്‍മിപ്പിക്കുകയുമുണ്ടായി.
Image Credit; What_Art2020
ക്ലാസ് ടീച്ചറും കൗണ്‍സലറും ചേര്‍ന്ന് ഒന്നിച്ച് ആലോചിച്ചു ഈ കുട്ടിയെ എങ്ങനെ സഹായിക്കാന്‍ കഴിയും .മറ്റ് അധ്യാപകരുമായും ഈ വിഷയം ടീച്ചേഴ്‌സ് റൂമില്‍ ചര്‍ച്ചചെയ്തു .ഓരോ ടീച്ചര്‍മാരുടെയും തങ്ങളുടെ മനോധര്‍മ്മമനുസരിച്ചുള്ള നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നു. കുട്ടിയെ മാനസികമായി പീഡിപ്പിക്കുന്നതിനെതിരെ രക്ഷിതാക്കളുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കുതിനെക്കുറിച്ച് ആലോചിക്കണം എന്ന് വരെ നിര്‍ദ്ദേശമുണ്ടായി .ഒടുവില്‍ ക്ലാസ് അധ്യാപിക പറഞ്ഞു .'അവനോടു ചോദ്യങ്ങള്‍ ഇനി ഞാന്‍ ചോദിക്കില്ല . എന്തുകൊണ്ട് പുസ്തകങ്ങളും ബുക്കും ഒക്കെ കൊണ്ടു വന്നില്ല എന്നും ചോദിക്കില്ല .കാരണം ഉത്തരം അവനറിയില്ലെങ്കിലും നമുക്കറിയാമല്ലോ .എനിക്ക് തല്‍ക്കാലം അത്രയേ ചെയ്യാന്‍ കഴിയുകയുള്ളൂ'.