വിദ്യാര്‍ത്ഥികളെ പഠിക്കലാണ് പഠിപ്പിക്കല്‍

Glint Guru
Sat, 05-01-2019 05:30:00 PM ;

teaching

കേരള ഹൈക്കോടതി പറഞ്ഞിരിക്കുന്നു, കുട്ടികളെ അദ്ധ്യാപകര്‍ക്ക് യുക്തിസഹമായ രീതിയില്‍ ശാരീരികമായി ശിക്ഷിക്കാമെന്ന്. ഇതിനോട് പൊതുവേ അദ്ധ്യാപക സമൂഹം അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്. അതേ സമയം കുട്ടികള്‍ ഈ വിധിയെ ഭീതിയോടെ കാണുകയും ചെയ്യുന്നതായി ചില പത്രങ്ങളില്‍ വന്ന പ്രതികരണത്തിലൂടെ ബോധ്യമാകുന്നു. ഇപ്പോഴത്തെ സമൂഹത്തില്‍ മാനസികമായ ആരോഗ്യം വളരെ ക്ഷീണിച്ച അവസ്ഥയിലാണ്. ആ ക്ഷീണിതാവസ്ഥയില്‍ ചെറിയ കളിയാക്കല്‍ , ശാസന എന്നിവയൊക്കെ ചില സന്ദര്‍ഭങ്ങളില്‍ കുട്ടികളെ ആത്മഹത്യയിലേക്കും നയിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ചില അദ്ധ്യാപകര്‍ കുട്ടികള്‍ എന്തു ചെയ്താലും ശിക്ഷിക്കാനോ ശാസിക്കാനോ തയ്യാറാകാത്ത സാഹചര്യവുമുണ്ട്.

        

ഹൈക്കോടതി വിധിയും അതിനോട് അനുകൂലിക്കുന്നവരും, അനുകൂലമാണെങ്കില്‍ ശിക്ഷയില്‍ നിന്നും ശാസനയില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്യുന്ന അദ്ധ്യാപകരും ഒരേ വീക്ഷണം പങ്കിടുന്നവരാണ്. ശാരീരികമായാലും മാനസികമായാലും കുട്ടികളെ വേദനിപ്പിക്കുന്ന ശിക്ഷ അവരെ തിരുത്തുമെന്ന്. സ്വാഭാവികമായും ശിക്ഷയെന്ന സമീപനത്തോട് ചിലപ്പോള്‍ ജഡ്ജിമാര്‍ക്ക് യോജിപ്പുണ്ടാകും. കാരണം അവര്‍ നിത്യവും കുറ്റത്തിനും ശിക്ഷയ്ക്കുമിടയില്‍ വ്യാപരിക്കുന്നവരാണ്. അതിനാല്‍ തെറ്റുകണ്ടുവെന്ന് ബോധ്യം വന്നാല്‍ അതിന് ശിക്ഷവേണം എന്ന കോടതിവീക്ഷണം ജഡ്ജിമാരെ സ്വാധീനിക്കാനിടയുണ്ട്.
            

 

ഒരു വിദ്യാര്‍ത്ഥിയുടെ പെരുമാറ്റമാണ് ശിക്ഷയെ ആകര്‍ഷിക്കുന്നത്. ഒന്നുകില്‍ ഏല്‍പ്പിച്ചുവിട്ട പഠനസംബന്ധമായ കാര്യങ്ങള്‍ ചെയ്യാതിരിക്കുന്നു. അല്ലെങ്കില്‍ അരുതാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നു. പഠന സംബന്ധമായ കാര്യമാണ് ഒരു വിദ്യാര്‍ത്ഥി ചെയ്യാതിരിക്കുന്നതെങ്കില്‍ അത് അവന്റെ താല്‍പ്പര്യമില്ലായ്മയുടെ ലക്ഷണമാണ്. ആ വിദ്യാര്‍ത്ഥി അതുവഴി വളരെ വ്യക്തമായി തന്റെ അദ്ധ്യാപകന്‍ അല്ലെങ്കില്‍ അദ്ധ്യാപികയോട് പെരുമാറ്റത്തിലൂടെ സംവദിക്കുകയാണ്. എന്നാല്‍ അപ്പോള്‍ പറഞ്ഞാല്‍ കേള്‍ക്കുന്നില്ല, അച്ചടക്കമില്ല എന്ന ചിന്ത അദ്ധ്യാപകനെ കീഴടക്കുന്നു. തന്നെ ബഹുമാനിക്കുന്നില്ല, അല്ലെങ്കില്‍ താന്‍ പറഞ്ഞത് ചെയ്തില്ല എന്ന തോന്നലിലുണ്ടാകുന്ന വൈകാരികതയുടെ പേരിലാണ് മിക്കവാറും അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളെ തല്ലുന്നത്. അതുകൊണ്ടാണ് മര്‍ദ്ദിക്കുമ്പോള്‍ അവരില്‍ ദേഷ്യം പ്രകടമാകുന്നത്. ദേഷ്യം പ്രകടമാക്കാത്ത  അദ്ധ്യാപകനോ അദ്ധ്യാപികയോ ഉണ്ടെങ്കില്‍ അവര്‍ കുട്ടികളെ തല്ലില്ല. കാരണം അവര്‍ വൈകാരികതയ്ക്ക് അടിപ്പെടാതെ കുട്ടിയെ നോക്കാന്‍ തയ്യാറാവും. അങ്ങനെ നോക്കുന്ന പക്ഷം എവിടെയാണ് കുട്ടിയുടെ പോരായ്മയെന്നോ താല്‍പ്പര്യമില്ലായ്മയെന്നോ അനായാസം കണ്ടെത്താന്‍ കഴിയും. അതു കണ്ടെത്താന്‍ കഴിഞ്ഞാല്‍ ആ കുട്ടിയുടെ ശേഷിയെ ഉണര്‍ത്താന്‍ എളുപ്പമാണ്.
            

 

അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥിയെ പഠിക്കാന്‍ തയ്യാറാവുമ്പോള്‍ മാത്രമേ വിദ്യാര്‍ത്ഥികളും പഠിക്കുകയുള്ളൂ. അപ്പോള്‍ അവര്‍ പഠിക്കുന്നത് തന്റെ അദ്ധ്യാപകനെയോ അദ്ധ്യാപികയെയോ ആയിരിക്കും. ഈ പരസ്പര പഠനമാണ് പഠിപ്പിക്കലും പഠിക്കലും. ചില സംഗതികള്‍ പഠിക്കാന്‍ വിഷമമുള്ളതുപോലെ ചില വിദ്യാര്‍ത്ഥികളെ പഠിക്കാന്‍ വളരെ ബുദ്ധിമുട്ടായെന്നു വരും. അത് അദ്ധ്യാപകന്റെ വെല്ലുവിളിയാണ്. ബുദ്ധിമുട്ടായത് പഠിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ പിന്നെ ഏതു പഠനവും അനായസമാകും. എന്നതുപോലെ ഒരുവിധത്തിലും വഴങ്ങാത്ത വിദ്യാര്‍ത്ഥിയെ അവധാനതയോടെ പഠിക്കാന്‍ തയ്യാറാകുന്ന പക്ഷം അതു സാധ്യമാകും. ഒരു വിദ്യാര്‍ത്ഥിയുടെ കാര്യത്തിലെങ്കിലും ശരിയായാല്‍ അതു ആ അദ്ധ്യാപകനെ അല്ലെങ്കില്‍ അദ്ധ്യാപികയെ സംബന്ധിച്ച് വന്‍ നേട്ടമായിരിക്കും. അത്തരത്തില്‍ വിദ്യാര്‍ത്ഥികളെ പഠിക്കാന്‍ ശേഷിയുള്ള അദ്ധ്യാപകരാല്‍ വിദ്യാലയം നിറയുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം ആനന്ദകരമായ അനുഭവമായിരിക്കും. അവിടെ മര്‍ദ്ദനം ഉദിക്കുന്നതേയില്ല. പക്ഷേ ആ ഉത്തരവാദിത്വം ഈ ഡിജിറ്റല്‍ യുഗത്തില്‍ പോലും ഏറ്റെടുക്കാന്‍ അദ്ധ്യാപക സമൂഹം തയ്യാറാകുന്നില്ല. അത്ര അലസവും വിരസവുമായ അദ്ധ്യാപക സമൂഹത്തിന്റെ ആ സമീപനവര്‍ദ്ധനയിലേക്ക് മാത്രമേ ഹൈക്കോടതിയുടെ യുക്തിസഹമായ ശിക്ഷ ആകാമെന്ന വിധി നയിക്കുകയുള്ളൂ.

 

Tags: