ശലഭസഖാവ്

Glint Staff
Wed, 14-11-2018 04:15:00 PM ;

വർത്തമാനകാല സംഭവങ്ങളോട് പോയ കാലത്തെ നേതാക്കള്‍ ഇന്ന്ജീവിച്ചിരുന്നെങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു? നിലയ്ക്ക് നീങ്ങുന്നു, ആയിരുന്നെങ്കില്‍. കുഞ്ഞുപണിക്കന്‍ എന്ന തനി മലയാളിയുമായുള്ള സാങ്കല്പിക അഭിമുഖത്തിലൂടെയാണ് ആയിരുന്നെങ്കില്‍  സരസം പുരോഗമിക്കുക. 

എം.പി നാരാണയണപിള്ള(നാ.പി): നമസ്‌കാരം പണിക്കാ. എന്തോന്ന് തനിക്ക് രാവിലെ ഒരുഷാറില്ലാത്തത് ?

കുഞ്ഞുപണിക്കന്‍(കു.പ): എങ്ങനെ വരാനാ നാണപ്പന്‍ ചേട്ടാ

നാ.പി: എന്തു പറ്റിയടോ ?

കു.പ:  ചേട്ടനറിഞ്ഞില്ലേ ബുദ്ധമയൂരിയുടെ കാര്യമൊന്നും ?

നാ.പി:  അതേതു മാളികപ്പുറമാണടോ ?

കു.പ:  കേരളത്തിന്റെ ശലഭറാണിയായി വാഴിക്കാന്‍ പോകുന്ന അമ്മമഹാറാണിയാണേ.

നാ.പി:  എന്താടോ രാജവാഴ്ചയൊക്കെ പോയതൊന്നുമറിഞ്ഞില്ലേ ?

കു.പ:  കളവല്ലേ. നമ്മുടെ ഇടതുപക്ഷ സര്‍ക്കാരാണേ ശലഭറാണിയെ തെരഞ്ഞെടുത്തിരിക്കന്നത്.

നാ.പി:  ബുദ്ധമയൂരിയുടെ കേമത്തം എന്താ പണിക്കാ ?

കു.പ:  മൂപ്പത്യാരാണത്തേ ശലഭങ്ങളില്‍ ഏറ്റവും കൂടുതല്‍ മൊഞ്ചത്തിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്.

നാ.പി:  അതിനെന്താടോ കുഴപ്പം. റാണിക്കൊരു പത്രാസൊക്കെ ആവശ്യമല്ലേടോ മുലക്കച്ചയൊക്കെ കെട്ടി ഒരുങ്ങി നിന്നാലൊരെടുപ്പ് വേണ്ടേടോ. അതിരിക്കട്ടെ തനിക്കെന്താ ഇതിനകത്തൊരു അസ്‌കിത ?

കു.പ:  ചേട്ടനൊക്കെ അല്ലേലും അങ്ങനെയേ പറയുകയുളളു. ബ്രാഹ്മണ്യത്തെ കുടിയിരുത്താനുള്ള കുത്സിതത്വം സവര്‍ണ്ണനായ ചേട്ടന് കാണാന്‍ കഴിയില്ല. പാവപ്പെട്ട ഈച്ചകളും ശലഭങ്ങളാണ് ചേട്ടാ. എണ്ണത്തില്‍ ഭൂരിപക്ഷവും. എന്തുകൊണ്ട് ഒരീച്ചയെ തിരഞ്ഞെടുത്തില്ല. ഒന്നുമില്ലെങ്കില്‍ തേനീച്ചകളുടെ കൂട്ടത്തില്‍ അവരുടെ അവരോധിക്കപ്പെട്ട റാണിമാരുതന്നെയുണ്ടായിരുന്നല്ലോ ?

നാ.പി:  എടോ പരട്ടപ്പണിക്കാ, ജന്മംകൊണ്ടല്ലടോ ബ്രാഹ്മണനാവേണ്ടത്. കര്‍മ്മംകൊണ്ടാ.

കു.പ; ചേട്ടനൊക്കെ അങ്ങനെയേ പറയൂ. ഭംഗി കൂടിയവള്‍ റാണിയാണെന്ന് പ്രഖ്യാപിക്കുന്നതിന്റെ പിന്നിലെ നിഗൂഢ ലക്ഷ്യം അങ്ങയെപ്പോലുള്ള ബുദ്ധിജീവികള്‍ കാണാതിരിക്കുന്നതാണ് കാലഘട്ടത്തിന്റെ ഗതികേട്. വരേണ്യവര്‍ഗ്ഗത്തെ ദളിതന്റെ മേല്‍  പ്രതിഷ്ഠിക്കുന്നതു പോലെ ഉറപ്പിക്കുന്നത് ചേട്ടന് കാണാന്‍ പറ്റുന്നില്ലെന്നത് കഷ്ടമാണ്. ചുരുങ്ങിയപക്ഷം നവലിബറല്‍ ചിന്താഗതിയാണ് അതിന്റെ പിന്നിലെന്ന് സമ്മതിക്കാനുള്ള സന്മനസ്സെങ്കിലും കാട്ടാന്‍ ദയവുണ്ടാകണം.

Salabharani

നാ.പി: പണിക്കന്‍ ഇപ്പോള്‍ ക്ലാസ്സുകള്‍ക്കൊന്നും പോകുന്ന ലക്ഷണം കാണുന്നില്ല. സൗന്ദര്യശാസ്ത്രമൊക്കെ ശാസ്ത്രീയമായി പഠിപ്പിച്ചിട്ടുള്ളതൊക്കെ മറന്നു. അല്ലേ?

കു.പ:  മാപ്പാക്കണം.സന്ദേഹങ്ങള്‍ കൂടി വരുന്നു. എന്തുകൊണ്ട് റാണിക്കു പകരം ശലഭസഖാവ് എന്ന് സംസ്ഥാന ശലഭത്തിനെ വിളിച്ചുകൂടാ. മറ്റുള്ള ശലഭങ്ങളും ശലഭങ്ങള്‍ തന്നയല്ലെ. ഈ ഉച്ചനീചത്വം വേണ്ടിയിരുന്നോ. ഇപ്പോഴും നമ്മുടെ നേതൃത്വത്തെ നയിക്കുന്നത് വരേണ്യവര്‍ഗ്ഗ ചിന്താഗതിയല്ലെന്ന് എങ്ങനെ സ്ഥാപിക്കാന്‍ കഴിയും?

നാ.പി: ശരി വാദത്തിന് സമ്മതിക്കാം. എന്നാലും എങ്ങനാടോ പരട്ടപ്പണിക്കാ ബുദ്ധമയൂരി നവലിബറല്‍ ചിന്താഗതിയെ പ്രോത്സാഹിപ്പിക്കുന്നത് ?

കു.പ: സുഖലോലുപതയില്‍ അങ്ങെയ്ക്ക് മറവി സംഭവിക്കുന്നു. അങ്ങു തന്നെ പഠിപ്പിച്ചിട്ടുളള പാഠങ്ങള്‍ ഏറെയാണ്. ഏറ്റവും ഭംഗിയുളളവള്‍ റാണിയാകുമെങ്കില്‍ ആര്‍ക്കാണ് റാണിയാകാന്‍ കൊതിയുണ്ടാകാത്തത്. സൗന്ദര്യവര്‍ധകകമ്പോളത്തിന്റെ വികസിക്കുന്ന തോത് അങ്ങെയ്ക്കറിയാമല്ലോ. നമ്മുടെ ബ്യൂട്ടീപാര്‍ലറുകള്‍ രചിക്കുന്ന സൗന്ദര്യശാസ്ത്രമാകില്ലേ അപ്പോള്‍ ഭംഗിയുടെ മാനദണ്ഡം. സൗന്ദര്യവര്‍ധക വസ്തുക്കള്‍ വാങ്ങാന്‍ പാങ്ങില്ലാത്ത, ബ്യൂട്ടീപാര്‍ലറില്‍ പോകാന്‍ കഴിയാത്ത പാവങ്ങളുടെ കാര്യം അങ്ങയുടെ ചിന്തയില്‍ പോലും വരുന്നില്ല.

നാ.പി: ശ്ശെ, താനെന്നെ വല്ലാതെ ആശയക്കുഴപ്പത്തിലാക്കുമല്ലെ. എടോ ശലഭറാണിക്കു പകരം ശലഭസഖാവായാ തന്റെ പ്രശ്‌നം കഴിയുമോ?

കു.പ: കാലത്തിനനുസരിച്ച് മാറണം. ഇന്നലെവരെ അശ്ലീലമായിരുന്ന വാക്കുകളൊക്കെ ഇന്ന്  ഉത്തമമായ സാഹിത്യഭാഷയാണെന്ന് അംഗീകരിക്കപ്പെട്ടത് ചേട്ടനോര്‍ക്കണം. മീശ നോവലെങ്ങും ചേട്ടന്‍ വായിച്ചില്ലേ. സുപ്രീംകോടതി പോലും ശരിവച്ചതാണ്. സൗന്ദര്യത്തിന്റെ മാനദണ്ഡം മാറ്റാതെ ജീര്‍ണ്ണിച്ച നാളുകളിലെ സൗന്ദര്യസങ്കല്‍പ്പങ്ങളിലേക്ക് കമ്പോള ആവശ്യത്തിനായി സമൂഹത്തെ മാറ്റുന്നത് അങ്ങയെപ്പോലുളളവര്‍ കാണാതിരിക്കരുത്.

നാ.പി: ഒന്നു പോടോ പണിക്കാ. നിങ്ങടെ മെട്രോ നഗരമുണ്ടല്ലോ, കൊച്ചി. ആ മെട്രോമണം പോട്ടെ, അതിനടുത്തെ ഒരു സ്ഥലമുണ്ടല്ലോ ബ്രഹ്മപുരം. എടോ പേരതായിട്ടു കാര്യമുണ്ടോ. അവിടുന്നു വരുന്ന നാറ്റം തനിക്ക് മണമായി തോന്നും. പക്ഷേ ഈയുള്ളവന് ഇവിടെ സ്വര്‍ഗ്ഗത്തിലുള്ള റോസൂപ്പുവിന്റെ മണമുണ്ടല്ലോ അതു മണക്കുന്നതു തന്നെയാ ഇഷ്ടം. എന്റെ മൂക്കിനെപ്പോലാ കണ്ണും. അതിനും ഭംഗിയുളളതാ ഇഷ്ടം. താന്‍ പറഞ്ഞപ്പഴല്ലേ ബുദ്ധമയൂരിയെ കണ്ടത്. എങ്ങനയവള് റാണിയാകാതിരിക്കുമെടോ. ബ്രഹ്മപുരമെന്ന് പേരിട്ടതുകൊണ്ട് ബ്രഹ്മാവിന്റെ പുരമാകുമോടോ? ഒരു വകുപ്പുണ്ട് തന്റെ വിഷമം മാറാന്‍.

കു.പ: കേള്‍ക്കാന്‍ വ്യഗ്രതകൊള്ളുന്നു, ഈയുള്ളവന്‍

നാ.പി: എടോ ഇപ്പോ ശലഭറാണിയെ മാത്രമല്ലേ തെരഞ്ഞെടുത്തുളളൂ. അതിലൊരു പുരുഷവിവേചനമുണ്ട്. അതുകൊണ്ട് ശലഭസഖാവിനുള്ള ഇടം ബാക്കി കിടപ്പുണ്ട്. ഉഗ്രന്‍ കോമ്പിനേഷന്‍. സഖാവും റാണിയും.പോരേ പണിക്കാ?

കു.പ: നല്ല സ്വപ്‌നമാന്നേ.

നാ.പി: എടോ നമ്മള് സ്വപ്‌നമല്ലാതെ പിന്നെന്തൊന്നാടോ ആള്‍ക്കാര്‍ക്ക് കൊടുക്കേണ്ടത്.  പണിക്കാ, യാഥാര്‍ത്ഥ്യത്തിന് വല്ല സുഖവുമുണ്ടാവുമോടോ?

കു.പ: വ്വ്. ഒരിടക്കാലാശ്വാസം തോന്നുന്നുണ്ട്.

 

Tags: