കേരളത്തിലെ കിഴവന്‍ കോണ്‍ഗ്രസ് നേതൃത്വം തന്നെയാണ് ഭേദം

Glint Staff
Mon, 04-06-2018 06:30:30 PM ;

congress-youth

കോണ്‍ഗ്രസിലെ കിഴവന്മാരാണ് യുവാക്കളെക്കാള്‍ ഭേദവും ശക്തരും. യുവത്വത്തിന് പോലും ക്ഷീണം ഉണ്ടാക്കുന്ന നടപടിയാണ് കോണ്‍ഗ്രസിലെ യുവ നേതൃത്വത്തില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പ്, സ്ഥാനങ്ങള്‍ പങ്ക് വെയ്ക്കുക എന്നീ അവസരങ്ങള്‍ വരുമ്പോഴാണ് യൗവ്വനത്തെപ്പോലും അപമാനിക്കുന്ന വിധം മോങ്ങലിന്റെ രണ്ടാം ഘട്ട പ്രകടനമെന്നോണം യുവ നേതൃത്വം ശബ്ദവുമായി വരുന്നത്.

 

നിലവില്‍ കേരളത്തിലുള്ള കിഴവ കോണ്‍ഗ്രസ് നേതൃത്വം യൗവ്വനകാലത്ത് നടത്തിയ നിക്ഷേപത്തിന്റെ ഫലമായിട്ടാണ് പാര്‍ട്ടി ഇപ്പോഴും നിലനില്‍ക്കുന്നത്. യൗവ്വനമെന്നാല്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കേണ്ട സമയമാണ് പുത്തന്‍ ആശയങ്ങളെ ഏറ്റുവാങ്ങിയും കണ്ടെത്തിയും പ്രചരിപ്പിച്ചും പ്രവര്‍ത്തിച്ചും മുന്നേറുമ്പോഴാണ് നേതൃത്വം ഉണ്ടാകുന്നത്. അതിന് ഒരു  വേലിയേറ്റ ശക്തിയുണ്ടാകും . ആ ശക്തിയല്‍ മുന്‍ തിരമാലകള്‍ പിന്‍വാങ്ങുന്ന തിരമാലകളെ അതിജീവിച്ച് മുന്നേറും.  ആ മുന്നേറ്റം ഔദാര്യത്തിന്റെ ചുമലിലല്ല, മറിച്ച് ശക്തിയുടെ  ചിറകുകളിലാണ്.

 

ഇപ്പോഴത്തെ കെ.എസ്.യു മുതല്‍ യൂത്ത് കോണ്‍ഗ്രസ് വരെയുള്ള നേതൃത്വത്തിന്റെ ശക്തിയില്ലായ്മയാണ് കിഴവ നേതൃത്വം തുടരുന്നതിന് കാരണം. അതായത് യുവ നേതൃത്വത്തേക്കാള്‍ ശക്തി കിഴവ നേതൃത്വത്തിനായതുകൊണ്ടു തന്നെ. ഗതികേടും ക്ഷീണ ഭാവവുമാണ് യുവ നേതൃത്വത്തെക്കൊണ്ട് സ്ഥാനമാനങ്ങള്‍ക്കുവേണ്ടി കിഴവന്മാര്‍ ഒഴിഞ്ഞു തരണമെന്ന് പറയിക്കുന്നത്. ഇത് കോണ്‍ഗ്രസിലെ യുവത്വത്തിന് മാത്രമല്ല യൗവ്വനത്തിന് തന്നെ നാണക്കേടാണ്. ചുരുങ്ങിയ പക്ഷം  ഈ ഊര്‍ജ്ജതന്ത്ര രഹസ്യമെങ്കിലും മനസ്സിലാക്കാനുള്ള ശേഷി കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ക്കുണ്ടാകണം.

 

ദേശീയ തലത്തിലുള്ള നേതൃത്വ രാഹിത്യവും അയഞ്ഞ് ആടിയുലയുന്ന സംഘടനാ അവസ്ഥയുമാണ് കോണ്‍ഗ്രസിനെ മൊത്തത്തില്‍ ബാധിച്ചിരിക്കുന്ന പ്രശ്‌നം. ഇത്തരത്തിലുള്ള അരക്ഷിതാവസ്ഥയില്‍ നേതൃത്വ സ്വഭാവമുള്ള  ഒരു സ്വരം പോലും കേരളത്തിലെ യുവ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് കേള്‍ക്കുന്നില്ല എന്നുള്ളത് അവരുടെ മാത്രം ഗതികേടല്ലാ, കേരളത്തിന്റേത് കൂടിയാണ്. ഈ ശാക്തിക മാനദണ്ഡം വെച്ചു നോക്കുമ്പോള്‍ യുവ തലമുറയെക്കാള്‍ ശക്തികൂടിയ കിഴവന്‍ നേതൃത്വം തന്നെയാണ് ഭേദമെന്ന് കാണാം.

 

Tags: