Skip to main content

strorytelling father

representational image

രണ്ടരവയസ്സുകാരന്റെയടുത്ത് അച്ഛന്‍ കുഞ്ഞിക്കഥ പറഞ്ഞുകൊണ്ടിരിക്കുന്നു. അവന്‍ സാകൂതം മൂളിക്കൊണ്ട് കഥ കേള്‍ക്കുന്നു. കഥ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ അച്ഛന് ഒരു ഫോണ്‍ വന്നു. ഫോണില്‍ സംസാരിച്ചതിന് ശേഷം അച്ഛന്‍ കഥ തുടരുന്നതിനായി ക്ഷമയോടെ രണ്ടരക്കാരന്‍ കാത്തിരുന്നു. ഫോണ്‍ വിളി കഴിഞ്ഞപ്പോള്‍ അച്ഛന്‍ ചോദിച്ചു,'അച്ഛന്‍ എവിടെയാ കഥ നിര്‍ത്തിയത്?' ഉടന്‍ മകന്റെ ഉത്തരം വന്നു, ' അച്ഛന്റെ വായില്‍'. അച്ഛന് ചിരിയടക്കാന്‍ കഴിഞ്ഞില്ല. പക്ഷേ എന്തിനാണ് ചിരിക്കുന്നതെന്നറിയാതെ രണ്ടരക്കാരന്‍ അച്ഛനെ കുറച്ചു നേരം നോക്കിയിരുന്നിട്ട് അവനും കൂടെച്ചിരിച്ചു.
        

ഇത് ഒരു തലത്തില്‍ നോക്കിയാല്‍ വളരെ നിഷ്‌ക്കളങ്കമായ മറുപടിയാണ്. മറ്റൊരു തലത്തില്‍ നോക്കിയാല്‍ മുതിര്‍ന്നവരെ കുട്ടികള്‍ പഠിപ്പിക്കുന്ന ചോദ്യവും. മുതിര്‍ന്നവര്‍ എങ്ങിനെയാണ് പഠിക്കേണ്ടതെന്നും ആ ചോദ്യം പറഞ്ഞു തരുന്നു. കുട്ടി മുതിരുന്നതനുസരിച്ച് അവരിലെ ചിന്തയും വളരുന്നു. മുതിരുമ്പോള്‍ മിക്കവരും ചിന്തകരാകുന്നു. എന്തു കണ്ടാലും കേട്ടാലും കാണുന്നതും കേള്‍ക്കുന്നതുമാകില്ല അവര്‍ ഉള്‍ക്കൊള്ളുന്നത്.  മറിച്ച് ഉള്ളില്‍ ഓരോ കാഴ്ചയും കേള്‍വിയുമായി ബന്ധപ്പെടുത്തി വച്ചിരിക്കുന്നതേ പുറത്തും കാണുകയുള്ളൂ. ഇത് വ്യക്തികള്‍ മാറുന്നതിനനുസരിച്ച് വ്യത്യസ്തതയുണ്ടാകും, അതനുസരിച്ച് ഇഷ്ടാനിഷ്ടങ്ങളും മാറും. ഈ ഇഷ്ടാനിഷ്ടങ്ങളുടെ ചേര്‍ച്ച ഇല്ലായ്മ വരുമ്പോഴാണ് വളരെ പ്രിയപ്പെട്ടവര്‍ തമ്മില്‍ പോലും അലോസരമുണ്ടാകുന്നതും അകലുന്നതും അടിയിടുന്നതുമൊക്കെ. എന്നാല്‍ കുട്ടികള്‍ അവര്‍ കാണുന്നതും കേള്‍ക്കുന്നതും അതേ പടി ഉള്‍ക്കൊള്ളുന്നു. അതുകൊണ്ടാണ് ആ രണ്ടര വയസ്സുകാരന്‍ ഇതിനകം പഠിച്ച ഭാഷയിലൂടെ മനസ്സിലാക്കാവുന്ന അര്‍ത്ഥത്തെ സമര്‍ത്ഥമായി മനസ്സിലാക്കി എവിടെയാണ് കഥ നിര്‍ത്തിയത് എന്നുളള ചോദ്യത്തിന് അച്ഛന്റെ വായില്‍ എന്ന് മറുപടി പറഞ്ഞത്.
         

മുതിര്‍ന്നവരുടെ മൂപ്പ് അറിവാകേണ്ടത് അവര്‍ കുട്ടികളുമായി ഇടപഴകുമ്പോഴാണ്. പക്ഷേ പലപ്പോഴും മുതിര്‍ന്നവര്‍ അവര്‍ കാണുന്ന ലോകത്തിലൂടെയാണ് കുട്ടികളോട് സംവദിക്കുക. അതുകൊണ്ടാണ് കുട്ടികള്‍ സന്തോഷത്തില്‍ ഓരോന്നില്‍ ഏര്‍പ്പെടുമ്പോള്‍ അതു പാടില്ല, ഇതു പാടില്ല എന്ന വിലക്കുകളുമായി ചാടി വീഴുന്നത്. മുതിര്‍ന്നവര്‍ കരുതുന്നത് അവര്‍ കുട്ടികളോടുള്ള സന്‌ഹേം കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും നന്മതിന്മകള്‍ വേര്‍തിരിച്ചറിയാന്‍ അവരെ സഹായിക്കുകയാണെന്നുമൊക്കെയാണ്‌. യഥാര്‍ത്ഥത്തില്‍ അങ്ങനെ ഇടപെടുന്നതിലൂടെ കുട്ടികളുടെ സന്തോഷം തല്ലിക്കെടുത്തുകയും അവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയുമാണ് ചെയ്യുന്നത്.
        

 

കുട്ടികളോട് കഥ പറയുമ്പോള്‍ പോലും അവര്‍ക്ക് മനസ്സിലാകുന്ന വിധം എങ്ങനെയാണ് പറയേണ്ടതെന്നും ഈ രണ്ടര വയസ്സുകാരന്റെ മറുപടിയില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. ആ കുട്ടിയുടെ പരിചയത്തിലുള്ള വസ്തുക്കളിലൂടെ മാത്രമേ കഥ പറയാന്‍ പാടുള്ളൂ. ചിലപ്പോള്‍ മുതിര്‍ന്നവര്‍ പറയുന്നത് മനസ്സിലായില്ലെങ്കിലും അവര്‍ക്ക് സംശയം ചോദിക്കാനുള്ള അവസ്ഥ ആയിട്ടുണ്ടാവില്ല. അതിനാല്‍ അവര്‍ കേട്ടുകൊണ്ടിരിക്കും. അപ്പോള്‍ മുതിര്‍ന്നവര്‍ കരുതുന്നത് കുട്ടി കഥ മനസ്സിലാക്കുന്നു എന്നാണ്. അതുപോലെ തങ്ങളുിടെ ആവശ്യം ഭാഷയിലൂടെ പൂര്‍ണ്ണമായി വെളിവാക്കാന്‍ പറ്റാതെ വരുന്ന അവസരത്തില്‍ അവര്‍ കണ്ടെത്തുന്ന ഒരു വഴിയാണ് കരച്ചില്‍. കരച്ചിലിലേക്ക് ശ്രദ്ധയോടെ നോക്കിയാല്‍ മിക്ക സന്ദര്‍ഭങ്ങളിലും എന്താണ് അതിന്‌ കാരണം എന്ന് വലിയ പ്രയാസമില്ലാതെ മനസ്സിലാക്കിയെടുക്കാം. കഥ അച്ഛന്‍ വായിലാണ് നിര്‍ത്തിയതെന്നുള്ള മറുപടി പറഞ്ഞ തല ഓര്‍ത്താല്‍ മതി. കുട്ടികള്‍ക്ക് വലിപ്പച്ചെറുപ്പ വേര്‍തിരിവുമുണ്ടാകില്ല. അതിനാല്‍ മുതിര്‍ന്നവര്‍ക്ക് നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങളായിരിക്കും അവരെ സംബന്ധിച്ചിടത്തോളം ഗൗരവമായത്. അതിനാലായിരിക്കും ചിലപ്പോള്‍ അവര്‍ കരയുക. മുതിര്‍ന്നവര്‍ക്ക് ആ സംഗതി ഗൗരവമല്ലാത്തതിനാല്‍ അതിന്റെ പേരിലാവില്ല കുട്ടി കരയുക എന്ന ധാരണയായിരിക്കും.  
        

ചിന്തയുടെ ലോകത്ത് വ്യാപരിക്കാത്ത കുട്ടികള്‍ എപ്പോഴും നിലകൊളളുന്നത് വര്‍ത്തമാനത്തിലായിരിക്കും. അതുകൊണ്ടാണ് അവര്‍ എപ്പോഴും കളിയില്‍ ഏര്‍പ്പെടുന്നത്. അവര്‍ സന്തോഷത്തിലാണ് കളിയിലേര്‍പ്പെടുന്നത്. അല്ലാതെ മുതിര്‍ന്ന ഭൂരിഭാഗം പേരെയും പോലെ സന്തോഷത്തിനുവേണ്ടിയാകില്ല കളിയിലേര്‍പ്പെടുക. മുതിര്‍ന്ന ചിന്തയിലേക്കു പ്രവേശിക്കുമ്പോള്‍, ഒന്നുകില്‍ ഭൂതകാലത്തിന്റെ വിഷമത്തിലോ അതിന്റെ വെളിച്ചത്തില്‍ ഭാവിയെക്കുറിച്ചുള്ള ആശങ്കയിലോ ആയിരിക്കും മിക്കവരും സ്വന്തം അനുഭവങ്ങളെ ചേര്‍ത്തുവച്ചു കാണുക. അതിനാല്‍ അവര്‍ക്ക് വര്‍ത്തമാനം നഷ്ടമാകുന്നു. വര്‍ത്തമാനം നഷ്ടമാകുന്നതിലൂടെ അവരുടെ സന്തോഷവും നഷ്ടമാവുകയാണ്. അതുകൊണ്ടാണ് മുതിരുമ്പോള്‍ എല്ലാവരും കട്ട ഗൗരവക്കാരായി കളിഭാവം നഷ്ടമാകുന്നത്.
        

നേടിയ അറിവിന്റെ വെളിച്ചത്തില്‍ ഏതു കാര്യത്തെയും വര്‍ത്തമാനത്തില്‍ നിന്നുകൊണ്ട് കൈകാര്യം ചെയ്താല്‍ എല്ലാ പ്രശ്‌നവും അവസരമായി മാറും. അറിവിന്റെ വെളിച്ചത്തില്‍ രണ്ടരക്കാരന്റെ ശ്രദ്ധ മുതിര്‍ന്നവരിലുണ്ടായാല്‍ ആ വ്യക്തിയുടെ ഓരോ നിമിഷവും സര്‍ഗ്ഗാത്മകവും സക്രിയവുമായിരിക്കും. സന്തോഷത്തില്‍ ഓരോ പ്രവൃത്തിയിലും ഏര്‍പ്പെടാന്‍ കഴിയും. അപ്പോള്‍ ഒരു ജോലിയും ഭാരമാകില്ല, മറിച്ച് കളിപോലെ രസകരമാവുകയും ചെയ്യും. എവിടം വരെയാണ് അച്ഛന്‍ കഥ പറഞ്ഞതെന്ന് ചോദിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ അവന്‍ കൃത്യമായി ഉത്തരം പറഞ്ഞേക്കുമായിരുന്നു. കുഞ്ഞിന്റെ ധാരണാശേഷി എവിടം വരെ എന്നുളളത് ശ്രദ്ധിക്കാതെ ചോദിച്ചതുകൊണ്ടാണ് അവനില്‍ നിന്ന് ആ ഉത്തരം വന്നത്. കുട്ടികളുമായി ചെലവഴിക്കുമ്പോള്‍ മുതിര്‍ന്നവര്‍ക്കുള്ള വെല്ലുവിളി അതാണ്. അവരുടെ അതേ ശ്രദ്ധയില്‍ തന്നെ നിന്നില്ലെങ്കില്‍ അവര്‍ക്ക് മുതിര്‍ന്നവരുടെ സാന്നിദ്ധ്യം അരോചകമായി അനുഭവപ്പെടും. അതിനാല്‍ കഥ നിര്‍ത്തിയത് വായില്‍ എന്ന ഉത്തരം എത്രമാത്രം ശ്രദ്ധയോടെ വേണം കുട്ടികളോട് വാക്കുപയോഗിക്കാന്‍ എന്നുകൂടി ഓര്‍മ്മിപ്പിക്കുന്നുണ്ട്. കുട്ടികളോട് ശ്രദ്ധയോടെ വാക്കുപയോഗിച്ചാല്‍ അവരിലും വാക്കിന്റെ ഉപയോഗത്തില്‍ ശ്രദ്ധ വരും. അത് മുതിരുമ്പോള്‍ അവരുടെ ചിന്തയെയും വാക്കിനെയും ലയത്തോടെ ഉപയോഗിക്കുന്നതിന് സഹായിക്കുകയും ചെയ്യും.