Skip to main content

hand washing child

representational image

രാവിലെ ഉറക്കമെഴുന്നേറ്റു വന്ന രണ്ടു വയസ്സുകാരന്‍. വെള്ളത്തില്‍ കളിയെന്നു വെച്ചാല്‍ വല്ലാത്ത ഇഷ്ടം. ഒരിക്കലും വെള്ളത്തില്‍ കളിച്ചാല്‍ മതിയായി കയറില്ല. പിന്നെ അല്‍പ്പം മാനസികവും ശാരീരികവുമായ തന്ത്രങ്ങള്‍ പ്രയോഗിച്ചാണ് അതില്‍ നിന്നും മുതിര്‍ന്നവര്‍ അവനെ പിന്തിരിപ്പിക്കാറുള്ളത്. എഴുന്നേറ്റ് വന്ന ഉടനെ അദ്ദേഹത്തിന് കൈകഴുകണം. ചുറ്റുപാടുമുണ്ടായിരുന്ന മുതിര്‍ന്നവരോടായി തന്റെ ആവശ്യം ഉന്നയിച്ചു. എന്നിട്ട് കൈ കഴുകുന്ന രീതിയില്‍ കൈ കാണിക്കുകയും ചെയ്തുകൊണ്ടിരുന്നു. മുതിര്‍ന്നവരില്‍ ചിലര്‍ കൈയില്‍ അഴുക്കില്ലല്ലോ എന്നു പറഞ്ഞു. അപ്പോള്‍ അദ്ദേഹം കൈ കഴുകണമെന്ന ആവശ്യത്തിന്റെ ശക്തി കൂട്ടി. ആ ആവശ്യമുയര്‍ന്നപ്പോള്‍ മുതിര്‍ന്നവര്‍ക്ക് അത് നിഷേധിക്കാനും വയ്യാത്ത അവസ്ഥ. കാരണം കൈ കഴുകണമെന്ന് സ്വയം തോന്നി ചെയ്യുന്നത് നല്ല ശുചിത്വശീലവുമാണ്. അത് തടഞ്ഞാല്‍ അത്തരത്തിലൊരു ശീലത്തെ കുട്ടിയില്‍ തടയുന്നതിന് തുല്യമാകും. അനുവദിച്ചാല്‍ പിന്നെ പൈപ്പിന്‍ ചുവട്ടില്‍ നിന്ന് ഇദ്ദേഹം കയറുന്ന പ്രശ്‌നവുമില്ല. കയറണമെങ്കില്‍ അതു കരച്ചിലിലും പിഴിച്ചിലിലുമൊക്കെ കലാശിക്കും.
         

 

മുതിര്‍ന്നവര്‍ക്ക് പഠിക്കാനുള്ള നല്ലൊരു പാഠമാണ് ഈ കുട്ടി കൈകഴുകല്‍ ആവശ്യത്തിലൂടെ മുന്നോട്ടു വയ്ക്കുന്നത്. മുതിര്‍ന്നവര്‍ തീര്‍ത്ത സമൂഹം രണ്ടുവയസ്സിനുള്ളില്‍ ഒരു കുഞ്ഞിലൂടെ എങ്ങനെ പുറത്തു വരുന്നു എന്നുള്ളതിന്റെ ഉത്തമ ഉദാഹരണം. വെളളത്തില്‍ കളിക്കുന്നത് തന്റെ ചുറ്റുമുളളവര്‍ ഇഷ്ടപ്പെടുന്ന നടപടിയല്ലെന്ന് ആ കുഞ്ഞ് മനസ്സിലാക്കിയിരിക്കുന്നു. അതോടൊപ്പം അവന്‍ മറ്റൊരു കാര്യവും കൂടി തന്റെ ഉപബോധതലത്തില്‍ കുറിച്ചിട്ടു. തന്റെ സ്വാതന്ത്ര്യത്തിനും സന്തോഷത്തിനും എതിരു നില്‍ക്കുന്നവരാണ് തനിക്കു ചുറ്റുമുള്ള മുതിര്‍ന്നവരെന്ന്. എന്നാല്‍ മുതിര്‍ന്നവരിലൂടെയല്ലാതെ തനിക്ക് ഇപ്പോള്‍ ലോകത്തെ അറിയാനുള്ള അവസരവുമില്ല. അതിനാല്‍ തന്റെ സന്തോഷത്തിന്റെ വഴിയേ സഞ്ചരിക്കണമെങ്കില്‍ മുതിര്‍ന്നവരെ തന്റെ വഴിയിലൂടെ കൊണ്ടുവരണം. മുതിര്‍ന്നവര്‍ യുക്തിയുടെ പിടിവാശിക്കാരാണെന്ന് ഈ കുട്ടി നന്നായി മനസ്സിലാക്കിയിരിക്കുന്നു. മുതിര്‍ന്നവര്‍ക്ക് കൈ കഴുകുന്നത് വലിയ ഇഷ്ടമുള്ള കാര്യമാണെന്നും കുട്ടി അറിഞ്ഞിരിക്കുന്നു. എന്തിനാണ് കൈ കഴുകുന്നതെന്ന് രണ്ടുവയസ്സുകാരന്‍ മനസ്സിലാക്കുന്നില്ല. ചില അറപ്പുകളും മറ്റുമൊഴിച്ചാല്‍. അതുകൊണ്ടാണ് തറയില്‍ കിടക്കുന്ന സാധനങ്ങളൊക്കെ രണ്ടാം വയസ്സിലും കുട്ടികള്‍ എടുത്തു തിന്നുന്നത്. മണ്ണില്‍ കളിക്കുന്ന കുട്ടികളാണെങ്കില്‍ മണ്ണും തിന്നും.
     

 

സാങ്കേതികമായി മുതിര്‍ന്നവര്‍ക്ക് യുക്തി ബോധ്യമായാല്‍ മതിയെന്ന് അവരിലൂടെ തന്നെയാണ് ആ കുട്ടി മനസ്സിലാക്കിയിരിക്കുന്നത്. അതിനാല്‍ കാര്യസാധ്യത്തിനായി കുട്ടി പറഞ്ഞിരിക്കുന്നത് മുതിര്‍ന്നവര്‍ക്ക് അംഗീകരിക്കാതിരിക്കാനാവല്ല. പൈപ്പിനടുത്തു ചെന്നാല്‍ തന്റെ കരച്ചിലായുധം കൊണ്ട് ഒരു പരിധിവരെ കളിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും അവനിലുണ്ട്. രണ്ടു വയസ്സുള്ള കുട്ടിക്ക് അവനിഷ്ടപ്പെടുന്ന കളിയില്‍ ഏര്‍പ്പെടുമ്പോഴുള്ള ആനന്ദമെന്ന് പറയുന്നത് അളവറ്റതാകും. വെള്ളത്തില്‍ കളിക്കുമ്പോള്‍ അവന്‍ അനുഭവിക്കുന്നത് സ്വാതന്ത്ര്യത്തിന്റെ നിമിഷങ്ങളാണ്. അതിനെയാണ് മുതിര്‍ന്നവര്‍ പാരവയ്ക്കുന്നത്. പിന്നെ കാര്യം നടക്കണമെങ്കില്‍ കളവും പറയണം പ്രതിഷേധവും (കരച്ചില്‍) വേണം എന്നും കുട്ടി അറിഞ്ഞിരിക്കുന്നു. അഴിമതിയുടെയും കൈക്കൂലിയുടെയും ഒക്കെ ബീജാവാപം കൂടിയാണ് ഇവിടെ നടക്കുന്നത്. മുതിര്‍ന്നവര്‍ കരുതുന്നത് വിജിലന്‍സിലൂടെയും ലോക്പാലിലൂടെയുമൊക്കെ അഴിമതി ഇല്ലാതാക്കാമെന്നാണ്. ഇതൊക്കെ വരുന്നതിനനുസരിച്ച് അഴിമതിയും കൈക്കൂലിയുമൊക്കെ കൂടുന്നത് യുക്തിയും സാങ്കേതികതയും മറയാക്കി നാം നമ്മുടെ ജനിതകസ്മൃതി(ഡി.എന്‍.എ)കളിലേക്ക് കടത്തിവിടുന്ന നിര്‍ദ്ദോഷമായ കള്ളത്തരങ്ങള്‍ മൂലമാണ്.
         

കുഞ്ഞു പ്രായത്തില്‍ കുട്ടികളെ അവര്‍ക്കിഷ്ടമായ രീതിയില്‍ കളിക്കാന്‍ വിടേണ്ടതിന്റെ ആവശ്യകത എന്തെന്നാല്‍, അവര്‍ സ്വാതന്ത്ര്യത്തിന്റെ അനുഭൂതിയിലൂടെ ലോകത്തെ പരിചയപ്പെടണം. പ്രകൃതിയുടെ അഥവാ പ്രപഞ്ചബുദ്ധിയുടെ പ്രേരണയാലാണ് എല്ലാ കുട്ടികളും ചെറുപ്രായത്തില്‍ പെരുമാറുന്നത്. ആ സ്വാതന്ത്ര്യം തടയപ്പെടുമ്പോള്‍ അത് യഥാര്‍ത്ഥത്തില്‍ പ്രകൃതി വിരുദ്ധമായ നടപടിയായി മാറുന്നു. മുതിര്‍ന്നവര്‍ വന്‍ വിലകൊടുത്ത് കുട്ടികള്‍ക്ക് കളിപ്പാട്ടം വാങ്ങിക്കൊടുക്കും. അവിടെ സംഭവിക്കന്നത് കുട്ടികളുടെ കളിയല്ല. മറിച്ച് മുതിര്‍ന്നവര്‍ അവരുടെ സുഖത്തിന് വേണ്ടി കളിപ്പാട്ട കളിയെ ഉപാധിയാക്കുക മാത്രമാണ്. കുട്ടികളെ തങ്ങള്‍ക്കിഷ്ടമുള്ള കളിയിലേക്ക് വിടുന്നതു പോലെ അവര്‍ ആനന്ദം അനുഭവിക്കുന്ന ഒരു പ്രക്രിയയുമുണ്ടാവില്ല.

 

വെള്ളത്തില്‍ കളിക്കാന്‍ ഒരുങ്ങുമ്പോള്‍ മുതിര്‍ന്നവര്‍ തന്റെ കൂടെ കളിക്കുമെന്ന ധാരണ കുട്ടികളില്‍ വന്നാല്‍ അവര്‍ ഉപബോധമനസ്സിലേക്ക് നിക്ഷേപിക്കുക തന്റെ സ്വാതന്ത്ര്യത്തിന്റെ പ്രകാശനത്തിന് മുതിര്‍ന്നവര്‍ പ്രോത്സാഹനം നല്‍കുന്നു എന്നാണ്. അപ്പോള്‍ വെള്ളത്തില്‍ കളിക്കണമെങ്കില്‍, തങ്ങള്‍ക്ക് വെള്ളത്തില്‍ കളിക്കണമെന്ന് തന്നെയേ അവര്‍ പറയുകയുള്ളൂ. സാങ്കേതിക യുക്തി പ്രകടമാക്കുന്ന കളവ് പറയുകയുമില്ല, കരയുകയുമില്ല. ക്രമേണ ഈ സ്വാതന്ത്ര്യം അവരെ മറ്റ് സ്വാതന്ത്ര്യത്തിന്റെ മേഖലകളിലേക്ക് നയിക്കും. അങ്ങനെയാണ് കുട്ടികളുടെ സര്‍ഗ്ഗവാസന തെളിഞ്ഞ് പുറത്തേക്കു വരിക. ഒപ്പം അവരില്‍ അടിസ്ഥാനപരമായ സത്യസന്ധത ചെറുതിലേ ഉറച്ചാല്‍ പിന്നെ മനുഷ്യനെ മനുഷ്യനാക്കുന്ന മറ്റ് ഘടകങ്ങള്‍ താനേ വന്നു ചേര്‍ന്നുകൊളളും. അതിന് ചെറിയൊരു ശ്രദ്ധ മാത്രം മുതിര്‍ന്നവരുടെ ഭാഗത്തുനിന്നുണ്ടായാല്‍ മതി. അഴിമതി എന്നു വെച്ചാല്‍ വെറും തട്ടിപ്പും വെട്ടിപ്പും കൈക്കൂലിയും മാത്രമല്ല. അത് കാഴ്ചപ്പാടിലെ വൈകല്യമാണ്. അങ്ങനെ സംഭവിച്ചതാണ് ഇന്ന് നാം നേരിടുന്ന മുഖ്യപ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമായത്. ചാനല്‍ ചര്‍ച്ചകളിലേക്കു ശ്രദ്ധിച്ചാല്‍ കാണാം, പങ്കെടുക്കുന്നവരെല്ലാം തന്നെ  ഈ കുട്ടിയെപോലെ സാങ്കേതികമായി യുക്തിയും സത്യസന്ധതയും സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്ന്. ആ യുക്തിയിലും സാങ്കേതികതയിലും പൊതിയുന്ന വിത്ത് കളവിന്റേതാണ്. ആ വിത്തിന്റെ മുളയ്ക്കലും വളര്‍ച്ചയുമാണ് സാങ്കേതികമായി പിടിക്കപ്പെടാതെ കളവു ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. ജനായത്തം സാങ്കേതികമായി മാത്രം പരിണമിച്ചതിന്റെ പിന്നിലും ഈ കാരണങ്ങള്‍ തന്നെ. അതില്‍ ചെറിയൊരു ഘടകം മാത്രമാണ് കൈക്കൂലി വാങ്ങലും മറ്റ് അഴിമതികളുമൊക്കെ.